റിയാദ് - സ്വകാര്യ മേഖലയിലെ സൗദി ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്ക് സർക്കാർ വകുപ്പുകളിൽ നിന്നുള്ള സേവനങ്ങൾ നിർത്തിവെക്കുമെന്ന് കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസ് വക്താവ് യാസിർ അൽമആരിക് പറഞ്ഞു. ഇൻഷുറൻസ് പോളിസി നിരക്ക് അടക്കുന്നതിന് സ്ഥാപനങ്ങളെ നിർബന്ധിക്കുകയും ഓരോ ജീവനക്കാർക്കും ആശ്രിതർക്കും ഹെൽത്ത് ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് വേണ്ടിവരുന്ന തുകക്ക് തുല്യമായ തുക സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും ചെയ്യും. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായി സഹകരിച്ചാണ് സൗദി ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുക.
ജനുവരി ഒന്നു മുതൽ സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും മുഴുവൻ സൗദി ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തൽ നിർബന്ധമാണ്. അടുത്ത വർഷമാദ്യം മുതൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ഹെൽത്ത് ഇൻഷുറൻസിനെ നാഷണൽ ഇൻഫർമേഷൻ സെന്ററുമായും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവുമായും പരസ്പരം ബന്ധിപ്പിക്കും. ഇതിലൂടെ ഓരോ സ്ഥാപനങ്ങളിലും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കേണ്ട മുഴുവൻ സൗദി, വിദേശ ജീവനക്കാരുടെയും അവരുടെ ആശ്രിതരുടെയും പൂർണ പേരുവിവരങ്ങൾ കൗൺസിലിന് എളുപ്പത്തിൽ ലഭിക്കും.
സൗദി ജീവനക്കാർ, ജീവനക്കാരുടെ ഭാര്യമാർ, വിവാഹിതരാകാത്ത പെൺമക്കൾ, ഇരുപത്തിയഞ്ചിൽ കുറവ് പ്രായമുള്ള ആൺമക്കൾ എന്നിവർക്കാണ് സ്ഥാപന ഉടമകൾ ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തേണ്ടത്. മുഴുവൻ സൗദി ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതെ സ്വകാര്യ കമ്പനികളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് അടുത്ത വർഷാദ്യം മുതൽ പുതിയ ഇൻഷുറൻസ് പോളിസി എടുക്കുന്നതിനോ പോളിസി പുതുക്കുന്നതിനോ കഴിയില്ല. സ്വകാര്യ സ്ഥാപനങ്ങളിലെ വിദേശ ജീവനക്കാർക്കും ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താതെ പുതിയ ഇഖാമ നേടുന്നതിനും ഇഖാമ പുതുക്കുന്നതിനും കഴിയില്ല. അഞ്ചു വർഷത്തിനുള്ളിൽ മുഴുവൻ സൗദി പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നതിന് ആരോഗ്യ മന്ത്രാലയത്തിന് നീക്കമുണ്ട്.