റിയാദ് - മെഡിക്കൽ ലാബുകളിൽ ആരോഗ്യ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ലാബുകളിൽ ആരോഗ്യ വ്യവസ്ഥകൾ പാലിക്കാത്തവർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. പകർച്ചവ്യാധി നിയന്ത്രണ വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തൽ, മെഡിക്കൽ മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതിലെ വീഴ്ചകൾ, ലാബുകൾക്കും ലാബ് ടെക്‌നീഷ്യന്മാർക്കും ലൈസൻസ് ഇല്ലാതിരിക്കൽ, ലൈസൻസ് കാലാവധി അവസാനിക്കൽ, ലാബുകളിൽ മിനിമം എണ്ണം ജീവനക്കാരില്ലാതിരിക്കൽ, ലൈസൻസിന് നിരക്കാത്ത മേഖലകളിൽ പ്രവർത്തിക്കൽ, ആരോഗ്യ വ്യവസ്ഥകൾ പാലിക്കാതിരിക്കൽ എന്നിവ തടവും പിഴയും ലഭിക്കുന്ന നിയമ ലംഘനങ്ങളാണ്.
നിയമ, വ്യവസ്ഥകൾ ലംഘിക്കുന്ന ലാബ് ജീവനക്കാർക്ക് ആറു മാസം വരെ തടവ് ശിക്ഷ ലഭിക്കും. ഇതിനു പുറമെ ഇത്തരക്കാർക്ക് ഒരു ലക്ഷം റിയാൽ വരെ പിഴയും ചുമത്തും. സ്ഥാപനങ്ങൾക്ക് ഒന്നര ലക്ഷം റിയാൽ പിഴ ചുമത്തും. കൂടാതെ സ്ഥാപനങ്ങളുടെയും ലാബ് ടെക്‌നീഷ്യന്മാരുടെയും ലൈസൻസുകൾ പിൻവലിക്കുകയും ചെയ്യും.
നിയമ ലംഘനങ്ങൾ നടത്തുന്ന ലാബുകൾക്ക് രണ്ടു വർഷത്തേക്ക് ലൈസൻസ് വിലക്കും. സ്ഥാപനങ്ങൾ ഉടനടി അടപ്പിക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.