മക്ക - തെരുവോരങ്ങളിലും മസ്ജിദുകൾക്കു സമീപവും പ്രത്യേക ബോക്‌സുകൾ സ്ഥാപിച്ച് പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിന് സന്നദ്ധ സംഘടനകൾക്ക് ലൈസൻസ് അനുവദിച്ചിട്ടില്ലെന്ന് മക്ക പ്രവിശ്യ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ പബ്ലിക് റിലേഷൻസ് വിഭാഗം മേധാവി മിശ്അൽ അൽഖുറശി പറഞ്ഞു.
മക്ക പ്രവിശ്യയിലെ ചില സന്നദ്ധ സംഘടനകൾ തെരുവോരങ്ങളിലും മസ്ജിദുകൾക്കു സമീപവും പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ബോക്‌സുകൾ സ്ഥാപിച്ചിട്ടുണ്ട്. മക്കയിലെ വിവിധ ഡിസ്ട്രിക്ടുകളിൽ ഇത്തരം ബോക്‌സുകൾ കാണുന്നതിന് കഴിയും.
ഇങ്ങിനെ ബോക്‌സുകൾ സ്ഥാപിച്ച് പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിന് മക്ക പ്രവിശ്യയിൽ ഒരു സന്നദ്ധ സംഘടനക്കും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ ലൈസൻസ് നൽകിയിട്ടില്ല.
പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രവിശ്യയിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഒന്നിലധികം തവണ സർക്കുലറുകൾ അയച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖ നഗരസഭകളുമായും സഹകരിക്കുന്നുണ്ടെന്നും മിശ്അൽ അൽഖുറശി പറഞ്ഞു.
പൊതുസ്ഥലങ്ങളിലും മസ്ജിദുകൾക്കു സമീപവും ബോക്‌സുകൾ സ്ഥാപിച്ച് പഴയ വസ്ത്രങ്ങൾ ശേഖരിക്കുന്നതിന് വിലക്കുണ്ട്. ഇത്തരം ബോക്‌സുകൾ സന്നദ്ധ സംഘടനാ ആസ്ഥാനങ്ങളിലും ശാഖകളിലും മാത്രം സ്ഥാപിക്കുന്നതിനാണ് അനുമതിയുള്ളത്. പാതയോരങ്ങളിലും മറ്റും സ്ഥാപിച്ച ബോക്‌സുകൾ നീക്കം ചെയ്യണമെന്ന് പലതവണ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടിട്ടും ഇപ്പോഴും മക്കയിൽ നിരവധി സ്ഥലങ്ങളിൽ ഇത്തരം ബോക്‌സുകളുണ്ട്. പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കുന്ന പ്രത്യേക ബോക്‌സുകൾ വഴി ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ പാവങ്ങൾക്കിടയിൽ വിതരണം നടത്തുകയാണ് സന്നദ്ധ സംഘടനകൾ ചെയ്യുന്നത്.