Sorry, you need to enable JavaScript to visit this website.

റിയാദ് എയർപോർട്ടിൽ പുതിയ ടെർമിനൽ തുറന്നു

റിയാദ് എയർപോർട്ടിലെ പുതിയ പ്രൈവറ്റ് ഏവിയേഷൻ ടെർമിനൽ ഗതാഗത മന്ത്രി (മധ്യത്തിൽ) ഉദ്ഘാടനം ചെയ്യുന്നു.

റിയാദ് - കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പ്രൈവറ്റ് ഏവിയേഷൻ ടെർമിനൽ തുറന്നു. ഗതാഗത മന്ത്രിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. നബീൽ അൽആമൂദിയാണ് ടെർമിനലിന്റെ ഉദ്ഘാടന കർമം നിർവഹിച്ചത്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുൽഹകീം അൽതമീമി, ജനറൽ സ്‌പോർട്‌സ് അതോറിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ, ഗതാഗത സഹമന്ത്രിയും റിയാദ് എയർപോർട്‌സ് കമ്പനി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് അംഗവുമായ അബ്ദുൽഹാദി അൽമൻസൂരി, ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ. മൻസൂർ അൽമൻസൂർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. 
ഫോർമുല ഇ ഗ്രാന്റ് പ്രിക്‌സ് കാറോട്ട മത്സരത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്നതോടനുബന്ധിച്ചാണ് റിയാദ് എയർപോർട്ടിൽ വി.ഐ.പികളും വ്യവസായികളും അടക്കമുള്ളവരെ ലക്ഷ്യമിട്ട് പ്രൈവറ്റ് ഏവിയേഷൻ ടെർമിനൽ ഉദ്ഘാടനം ചെയ്തിരിക്കുന്നത്. 
ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിന് ലക്ഷ്യമിട്ട് റിയാദ് വിമാനത്താവളത്തിന്റെ ശേഷി വികസിപ്പിക്കുന്നതിനുള്ള സ്വകാര്യവൽക്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ ടെർമിനൽ എന്ന് ചടങ്ങിൽ സംസാരിച്ച റിയാദ് എയർപോർട്‌സ് കമ്പനി ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ചെയർമാൻ ഡോ. മൻസൂർ അൽമൻസൂർ പറഞ്ഞു. എട്ടാഴ്ചക്കുള്ളിലാണ് പുതിയ ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ഡബ്ലിൻ ഇന്റർനാഷണൽ കമ്പനിയാണ് പുതിയ ടെർമിനൽ പ്രവർത്തിപ്പിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് ക്യാപ്റ്റൻ അബ്ദുൽഹകീം അൽതമീമി പറഞ്ഞു. 

Latest News