കൊച്ചി- ഓർത്തഡോക്‌സ് സഭയിലെ അച്ചൻമാർക്കും വിശ്വാസികൾക്കും പിറവം വലിയ പള്ളിയിൽ പ്രവേശനം നൽകിയാൽ ജീവനൊടുക്കുമെന്ന ഭീഷണിയുമായി പള്ളിക്ക് മുകളിൽ കയറി രണ്ടു വിശ്വാസികൾ ഭീഷണി മുഴക്കി. പ്രതിഷേധത്തെ തുടർന്ന് പോലീസ് പള്ളി പരിസരത്ത്‌നിന്ന് പിൻമാറി. നാളെ ഹൈക്കോടതി വിധിക്ക് ശേഷം തുടർനടപടിയുമായി പോലീസ് മുന്നോട്ടുപോകും. സുപ്രീം കോടതി വിധി നടപ്പാക്കാൻ പോലീസ് ശ്രമിച്ചതിനിടെയാണ് സംഘർഷമുണ്ടായത്. രണ്ടായിരത്തോളം പേർ പള്ളി പരിസരത്ത് തടിച്ചുകൂടി. വൻ പോലീസ് സംഘവും സ്ഥലത്തുണ്ട്. പള്ളിയുടെ ഗേറ്റിന്റെ പൂട്ടുപൊളിച്ച് അകത്ത് കടക്കാനുള്ള പോലീസിന്റെ ശ്രമം പ്രതിഷേധക്കാർ തടഞ്ഞു. സുപ്രീം കോടതി വിധി നടപ്പാക്കാൻ സർക്കാർ എന്തുകൊണ്ട് ശ്രമിക്കുന്നില്ലെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ചോദിച്ചിരുന്നു. തുടർന്നാണ് പോലീസ് പിറവം പള്ളിയിൽ എത്തിയത്. യാക്കോബായ വിശ്വാസികൾ പള്ളിയിൽ അഖണ്ഡ പ്രാർത്ഥനയും സംഘടിപ്പിച്ചിരുന്നു.