തിരുവനന്തപുരം- ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരമിരിക്കുന്ന ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പോലീസ് ലാത്തി വീശി. ജലപീരങ്കിയും പ്രയോഗിച്ചു. പോലീസിനു നേര്‍ക്ക് സമരക്കാര്‍ എറിഞ്ഞ കല്ലു കൊണ്ട് സമരത്തിനെത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. രാധാകൃഷ്ണന്റെ നിരാഹാര സത്യഗ്രഹം ഇന്ന് ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു.