Sorry, you need to enable JavaScript to visit this website.

ബാലികയെ മാളില്‍ മറന്നു കുടുംബം പോയി; കോഴിക്കോട് നടന്ന സംഭവം ഇങ്ങനെ

കോഴിക്കോട്- ബന്ധുക്കള്‍ക്കൊപ്പം ഷോപ്പിങ്ങനെത്തിയ അഞ്ചു വയസ്സുകാരി ബാലികയെ മാളില്‍ മറന്നു കുടുംബം മടങ്ങി. കുട്ടിയെ കണ്ടെത്തിയ മാള്‍ അധികൃതര്‍ പോലീസില്‍ വിവരമറിയിക്കുകയും മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ പോലീസുകാര്‍ നേരിട്ട് വീട്ടിലെത്തുകയും ചെയ്തപ്പോഴാണ് കുടുംബം സംഭവം അറിയുന്നത്. വടകര സ്വദേശികളായ കുടുംബമാണ് ശനിയാഴ്ച രാത്രി കുട്ടിയെ കോഴിക്കോട്ടെ ഹൈലൈറ്റ് മാളില്‍ മറന്നു ഷോപ്പിങ് കഴിഞ്ഞ് മടങ്ങിയത്. പിതാവിന്റെ സഹോദരിയുടെ കൂടെയാണ് കുട്ടി മാളിലെത്തിയത്. പിതാവ് വിദേശത്താണ്. മാതാവ് ഇതൊന്നും അറിയാതെ വീട്ടിലും. 

രാത്രി 11 മണിക്കാണ് മാള്‍ അധികൃതര്‍ ഒറ്റപ്പെട്ട കുട്ടിയെ കണ്ടത്. വിവരമറിഞ്ഞെത്തിയ പോലീസ് അന്വേഷിച്ചപ്പോള്‍ സ്‌കൂളിന്റെ പേര് മാത്രമെ കുട്ടി അറിയുമായിരുന്നുള്ളൂ. വിവിധ സ്റ്റേഷനുകളുമായി ബന്ധപ്പെട്ടെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. ഒടുവില്‍ കുട്ടി പറഞ്ഞ സ്‌കൂളിലെ അധ്യാപകനെ കുറ്റ്യാടി പോലീസ് തെരഞ്ഞുപിടിച്ച് ബന്ധപ്പെടുകയും കുട്ടിയുടെ ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ സംഘടിപ്പിക്കുകയും ചെയ്തതോടെയാണ് നാടകീയ രംഗങ്ങള്‍ക്ക് അവസാനമായത്. കുട്ടിയുടെ പിതാവിന്റെ സഹോദരനുമായി പോലീസ് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഷോപ്പിങ് കഴിഞ്ഞ സംഘം വീട്ടിലേക്ക് കയറി വരുന്നത്. അപ്പോഴാണ് കുട്ടി കാറില്‍ ഇല്ലെന്ന് ഇവര്‍ തിരിച്ചറിഞ്ഞതും! കുടുംബത്തിലെ എട്ട് കുട്ടികളാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ഒടുവില്‍ രണ്ടു മണിയോടെയാണ് ഉമ്മയും ബന്ധുക്കളുമെന്ന് കുട്ടിയെ സ്റ്റേഷനില്‍ നിന്ന് വീട്ടിലേക്കു കൊണ്ടുപോയത്.
 

Latest News