റാസല്‍ഖൈമ- സാമൂഹിക പ്രവര്‍ത്തകനും റാസല്‍ഖൈമ പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥനുമായ സന്ദീപ് വെള്ളല്ലൂരിനെ (35) താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സര്‍വേയറായി ജോലി ചെയ്തിരുന്ന ഇദ്ദേഹം സ്വന്തമായി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി ആരംഭിച്ചതിനു പിന്നാലെ വലിയ സാമ്പത്തിക ബാധ്യതയിലകപ്പെട്ടിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. 8000 ദിര്‍ഹം ശമ്പളമുണ്ടായിരുന്നുവെങ്കിലും ബിസിനസിലുണ്ടായ നഷ്ടം ഭീമമായിരുന്നു.
15 വര്‍ഷമായി റാസല്‍ഖൈമയിലുള്ള സന്ദീപ് തിരുവനന്തപുരം കല്ലമ്പലത്തെ രവീന്ദ്രന്‍-ഓമന ദമ്പതികളുടെ മകനാണ്. മൂന്ന് മക്കളുണ്ട്. ഇളയ മകന് മൂന്ന് മാസമേ ആയിട്ടുുള്ളൂ. മൂന്ന് വര്‍ഷംമുമ്പ് കുടുംബത്തെ നാട്ടിലയച്ച ശേഷം രണ്ട് സുഹൃത്തുക്കളോടൊപ്പമായിരുന്നു താമസം. ഇരുവരും സ്ഥലത്തില്ലാത്ത സമയത്താണ് തൂങ്ങിമരിച്ചത്. ശനിയാഴ്ച വൈകിട്ട് ഇവര്‍ ജോലി കഴിഞ്ഞെത്തിയപ്പോള്‍ മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് സീലിംഗില്‍ തൂങ്ങിനില്‍ക്കുന്നതായി കണ്ടത്.
റാസല്‍ഖൈമയിലെ സാമൂഹിക - സാംസ്‌കാരിക മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം റാക് യുവകലാ സാഹിതിയുടെ സെക്രട്ടറിയാണ്. ഫ്രന്റ്‌സ് ക്രിക്കറ്റ് അസോസിയേഷന്‍ ടീം ലീഡറായിരുന്നു. റാസല്‍ഖൈമയില്‍ രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്ന സന്ദീപിനെ 2016 ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രാലയം ആദരിച്ചിരുന്നു. പ്രയാസപ്പെടുന്നവര്‍ക്ക് സാമ്പത്തിക സഹായമെത്തിക്കുന്നതില്‍ എന്നും മുന്നിലുണ്ടായിരുന്നു. റോഡപകടത്തെ തുടര്‍ന്ന് ഒരു ഭാഗം തളര്‍ന്നു പോകുകയും പിന്നീട് മരിക്കുകയും ചെയ്തയാളുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നല്‍കിയ കാര്യം സാമൂഹിക പ്രവര്‍ത്തകനായ പ്രസാദ് ശ്രീധരന്‍ അനുസ്മരിച്ചു.
ഇബ്രാഹിം ബിന്‍ ഉബൈദുല്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ന് നാട്ടിലത്തെിക്കാനാകുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
ഭാര്യ: ജ്യോതി. മക്കള്‍: ഹരിനയന്‍, നവഹരി, ഹരിവംശ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന സന്ദീപിന്റെ വിയോഗത്തില്‍ റാക് ഇന്ത്യന്‍ റിലീഫ് കമ്മിറ്റി, ഇന്ത്യന്‍ അസോസിയേഷന്‍, കേരള സമാജം, ചേതന, കെ.എം.സി.സി, ഇന്‍കാസ്, യുവകലാ സാഹിതി, നോളജ് തിയേറ്റര്‍, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.എന്‍.ഡി.പി യൂനിയന്‍, സേവനം സെന്റര്‍, കേരള പ്രവാസി ഫോറം തുടങ്ങി വിവിധ സംഘടനകള്‍ അനുശോചിച്ചു.