Sorry, you need to enable JavaScript to visit this website.

അമ്മായിയമ്മ-മരുമകൾ പോര്;  രണ്ടു പെൺമക്കളെ കൊന്ന പിതാവ് പിടിയിൽ 

പത്മനാഭൻ

ഇടുക്കി- ഭാര്യയും അമ്മയും തമ്മിലുള്ള നിരന്തര വഴക്കിനെ തുടർന്ന് ഭർത്താവ് രണ്ടു പെൺമക്കളെ കഴുത്തു ഞെരിച്ചു കൊന്നു.
കോയമ്പത്തൂരിനടുത്ത് മശക്കാളിപ്പാളയത്താണ് ദാരുണ സംഭവം നടന്നത്. വീട്ടിൽ നിന്നും ഇറങ്ങിയോടിയ നീലികോണാർ വീതി സ്വദേശി പത്മനാഭ (47)നെ പോലീസ് സിങ്കാരനല്ലൂരിൽ വെച്ച് കസ്റ്റഡിയിൽ എടുത്തു. മക്കൾ ഹേമവർഷിണി (15), ശ്രീജ (8) എന്നിവരെയാണ് പത്മനാഭൻ കഴുത്തിൽ ഷാളിട്ട് മുറുക്കി കൊന്നത്. ഇരുവരും സ്വകാര്യ സ്‌കൂളിൽ 10 ലും മൂന്നിലും പഠിക്കുന്നു. 
മാർക്കറ്റിംഗ് കമ്പനിയിലെ മാനേജരായ പത്മനാഭന്റെ ഭാര്യയും അമ്മ പ്രേമയും തമ്മിൽ നിരന്തരം വഴക്കായിരുന്നു. ചെറിയ പ്രശ്‌നങ്ങളിൽ പോലും രൂക്ഷമായ വഴക്ക് ഉണ്ടാവുക പതിവാണെന്ന് പത്മനാഭന്റെ മൊഴിയിൽ പറയുന്നു.
ഭാര്യയുടെ കൈവശമാണ് ശമ്പളം കൊടുക്കുന്നത് തുടങ്ങി നിരവധി പ്രശ്‌നങ്ങൾ വഴക്കിന് കാരണമായി. മാനസികമായി തകർന്ന പത്മനാഭൻ വിരക്തിയോടു കൂടിയാണ് കഴിഞ്ഞ കുറെ ദിവസമായി കഴിഞ്ഞു വന്നിരുന്നത്. ഇതിനിടെ ഭാര്യയ്ക്ക് പക്ഷാഘാതം ഉണ്ടായതോടെ സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു. 
എല്ലാവരെയും കൊന്ന് ആത്മഹത്യ ചെയ്യുവാൻ തീരുമാനിച്ചിരുന്നതായി പത്മനാഭൻ പോലീസിന് നൽകിയ മൊഴിയിൽ പറയുന്നു. രണ്ടു ദിവസം മുമ്പ് വീട്ടിൽ അമ്മയും ഭാര്യയും തമ്മിൽ വീണ്ടും വഴക്കുണ്ടായി. നിയന്ത്രണം വിട്ട പത്മനാഭൻ രണ്ടു പേരെയും കാര്യമായി തന്നെ മർദിച്ചു. പിറ്റെ ദിവസം ഭാര്യയുടെ ബന്ധുക്കളെത്തി ഭാര്യയെ വിളിച്ചു കൊണ്ടുപോയി. അമ്മ സമീപത്തെ വീട്ടിലും തങ്ങി. കുട്ടികൾ രണ്ടു പേരും പത്മനാഭന്റെ കൂടെ വീട്ടിൽ തന്നെ നിന്നു. രണ്ടു മക്കളെയും അമ്മയുടെ കൂടെയും ഭാര്യയുടെ കൂടെയും ഇനി വിടരുത് എന്ന് തീരുമാനിച്ച് രാത്രി ഉറങ്ങവെ രണ്ടു പേരെയും കഴുത്തിൽ ഷാളിട്ട് കൊന്നതായി പത്മനാഭൻ പറഞ്ഞു. ആത്മഹത്യക്ക് ശ്രമിക്കുന്ന സമയത്ത് അമ്മ വീട്ടിനുള്ളിലേക്ക് വന്നു. അമ്മയെ കണ്ടയുടൻ വീട്ടിൽ നിന്നും ഇറങ്ങിയോടി. എന്തു ചെയ്യണമെന്നറിയാതെ റോഡിൽ അലഞ്ഞു നടക്കുമ്പോഴാണ് പോലീസ് പിടികൂടിയത് എന്ന് മൊഴിയിൽ പറയുന്നു.

Latest News