- വെൽഫെയർ ഹോമിന്റെ താക്കോൽ കൈമാറി
കീഴുപറമ്പ് (അരീക്കോട്) - ഭൂരഹിതരായ ദളിതർക്കും, മറ്റു അധഃസ്ഥിത വിഭാഗങ്ങൾക്കും ഭൂമി നൽകാനുള്ള യാതൊരു ഉദ്ദേശ്യവും കേരളത്തിൽ മാറി മാറി വരുന്ന സർക്കാരുകൾക്ക് ഇല്ലെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. പ്രവാസി വെൽഫെയർ ഫോറം കീഴുപറമ്പ് പഞ്ചായത്ത് കമ്മറ്റി നിർമ്മിച്ചു നൽകിയ 'വെൽഫെയർ ഹോമി'ന്റെ താക്കോൽദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
കുത്തകകൾ കയ്യടക്കി വെച്ച ലക്ഷക്കണക്കിന് ഭൂമി തിരിച്ചു പിടിക്കാനുള്ള എല്ലാ ശ്രമങ്ങളും യു.ഡി.എഫ്, എൽ.ഡി.എഫ് സർക്കാറുകൾ അട്ടിമറിക്കുകയായിരുന്നു. നാലു ലക്ഷത്തിൽ അധികം ഭൂ രഹിതരുള്ള കേരളത്തിൽ മാന്യമായി ജീവിക്കാനുള്ള അവരുടെ അവകാശമാണ് ഇത് വഴി നിഷേധിക്കപ്പെടുന്നത്. വെൽഫെയർ പാർട്ടി ഭൂ സമരത്തിന് നേതൃത്വം കൊടുക്കുന്നത് ഇതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസി വെൽഫെയർ ഫോറത്തിന്റേയും തണൽ ജനസേവന കേന്ദ്രത്തിന്റെയും സഹകരണത്തോടെ നിർമ്മിച്ചു നൽകുന്ന നാലാമത്തെ വീടിന്റെ താക്കോൽ ദാനമാണ് തൃക്കളയൂരിൽ നിർവ്വഹിച്ചത്.
താക്കോൽ ദാനചടങ്ങിൽ പ്രവാസി വെൽഫെയർ ഫോറം കിഴുപറമ്പ് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ അസ്‌ലം അധ്യക്ഷത വഹിച്ചു. തൃക്കളയൂർ പ്രദേശത്തെ വ്യക്തിമുദ്ര പതിച്ചവരായ പ്രബിൻ മോഹനൻ, ദിൽഷാന സുമയ്യ, എം.എസ്, നന്ദകുമാർ, വി.പി. ഷംല എന്നിവരേയും തൃക്കളയൂരിലെ സാമൂഹിക സേവന രംഗത്ത് നിറസാന്നിധ്യമായ പി.കെ. ഷൗക്കത്ത് അലി ഹാജിയെയും ആദരിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കുനിയിൽ, വാർഡ് മെമ്പർമാരായ അബൂബക്കർ മാസ്റ്റർ, കെ.ടി. ജമീല, പീപ്പിൾസ് ഫൗണ്ടേഷൻ അരീക്കോട് ഏരിയാ പ്രസിഡണ്ട് പി.വി. ഇബ്‌റാഹീം, വെൽഫെയർ പാർട്ടി തിരുവമ്പാടി മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലുരുട്ടി, ഏറനാട് മണ്ഡലം പ്രസിഡണ്ട് കെ.കെ. അബ്ദുൽ റഷീദ്, പാർട്ടി പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. അഹമ്മദ് കുട്ടി, പ്രവാസി വെൽഫെയർ ഫോറം ജില്ലാ സമിതി അംഗം അശ്‌റഫ് കൊളക്കോടൻ, പ്രവാസി വെൽഫെയർ ഫോറം ഏറനാട് മണ്ഡലം കൺവീനർ കെ. അഹമ്മദ് കോയ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജബ്ബാർ പെരിന്തൽമണ്ണയും, മുനീബ് കാരക്കുന്നും രചിച്ച് ആബിദ് തൃക്കളയൂർ സംവിധാനം ചെയ്ത 'ഭാരത ചരിതം നരക കാലം' എന്ന ആക്ഷേപ ഹാസ്യ നാടകവും, പി.കെ, നിസാം നയിച്ച ഗാനമേളയും അരങ്ങേറി. കെ.കെ ലത്തീഫ്, സ്വാഗതവും പി.കെ, അബ്ദുൽ റഹ്മാൻ നന്ദിയും പറഞ്ഞു.