നോയിഡ - ചാനൽ ചർച്ച പ്രകോപനപരമായ ആക്രോശങ്ങളിലേക്ക് കടന്നതോടെ പോലീസ് സ്റ്റുഡിയോയിലെത്തുകയും സമാജ്‌വാദി പാർട്ടി നേതാവിനെതിരെ കേസെടുക്കുകയും തടഞ്ഞു വെക്കുകയും ചെയ്തു. ബി.ജെ.പി വക്താവ് ഗൗരവ് ഭാട്ടിയ നൽകിയ പരാതിയിലാണ് അനുരാഗ് ബദൗരിയ എന്ന എസ്.പി നേതാവിനെ നോയിഡ പോലീസ് സ്റ്റുഡിയോയിലെത്തി തടഞ്ഞു വെച്ചത്. ഇന്നലെ ഉച്ചക്കുശേഷം ഒരു ദേശീയ ചാനലിലെ ചർച്ചക്കിടെയായിരുന്നു സംഭവം. സംസാരം പരിധി വിടുകയും പരസ്പര ആക്രോശത്തിലേക്ക് കടക്കുകയും ചെയ്തു. ഈ സമയം ഭാട്ടിയ പോലീസിന്റെ എമർജൻസി നമ്പരായ 100ൽ വിളിക്കുകയും തനിക്കു നേരെ ബദൗരിയ വധഭീഷണി മുഴക്കുന്നതായി പരാതിപ്പെടുകയും ചെയ്തു. ഇതോടെയാണ് പോലീസ് ചാനൽ ഓഫീസിലെത്തി ബദൗരിയയെ തടഞ്ഞു വെച്ചത്.
വിവരമറിഞ്ഞ് സമാജ് വാദി പാർട്ടി പ്രവർത്തകർ ചാനൽ സ്റ്റുഡിയോ കെട്ടിടം വളഞ്ഞതോടെ രംഗം കൂടുതൽ വഷളായി. ഒടുവിൽ വിവിധ വകുപ്പുകൾ പ്രകാരം ബദൗരിയക്കെതിരെ മൂന്ന് കേസുകൾ എടുത്ത ശേഷം അദ്ദേഹത്തെ വിടുകയായിരുന്നു. കേസിൽ അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. എന്നാൽ പ്രവർത്തകർ എത്തിയതോടെ പോലീസുകാർക്ക് സ്റ്റേഷനിൽ അഭയം പ്രാപിക്കേണ്ടവന്നുവെന്നാണ് എസ്.പി പ്രവർത്തകർ പറയുന്നത്.
ചാനൽ ചർച്ചക്കു വരുന്ന സമാജ് വാദി പാർട്ടി നേതാക്കൾ വെറും ഗുണ്ടകളാണെന്നും തന്നെ ബദൗരിയ സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും ഭാട്ടിയ ആരോപിച്ചു. എന്നാൽ ബി.ജെ.പിയുടെ അധികാര ദുർവിനിയോഗത്തിന് തെളിവാണ് തങ്ങളുടെ നേതാവിനെ പോലീസ് ചാനലിൽ തടഞ്ഞു വെച്ചതെന്ന് എസ്.പി നേതൃത്വം കുറ്റപ്പെടുത്തി.