Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ശശികല ചാർത്തിയ ദീപാവലയം... 

1980കളുടെ അവസാന പാതി. തിരുവനന്തപുരം നഗരത്തിലൂടെ ഒരു ട്രാൻസ്‌പോർട്ട് ബസിൽ യാത്ര ചെയ്യുമ്പോഴാണ് സർക്കാർ പ്രചാരണം ശ്രദ്ധയിൽ പെട്ടത്. കെ.എസ്.ആർ.ടി.സി ബസുകളിൽ വാണിജ്യ പരസ്യങ്ങൾ വന്നു തുടങ്ങിയിട്ടില്ല. സംസ്ഥാന സർക്കാറിന്റെ ബോധവൽക്കരണ മുദ്രാവാക്യത്തിലെ ആശയമിങ്ങനെ. മതസൗഹാർദത്തിന്റെ സൗരഭ്യമുയരുന്ന കേരളത്തിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നവർ സാമൂഹ്യ ദ്രോഹികൾ. തലസ്ഥാന നഗരിയിലെ ചാലക്കമ്പോളം അഗ്നിക്കിരയായി അധിക നാളുകളായിട്ടില്ല. പൂന്തുറ കടപ്പുറത്ത് നിന്നും സുഖകരമല്ലാത്ത വാർത്തകളാണ് വന്നുകൊണ്ടിരുന്നത്. 
ജാതി, മത ചിന്താഗതികൾക്കതീതമായ സൗഹൃദങ്ങളുടെ മണ്ണാണ് കേരളം. നമ്മുടെ പൂർവികർ  അങ്ങനെ കഴിഞ്ഞു. അത് കഴിഞ്ഞുള്ള തലമുറകളും അങ്ങനെ തന്നെ. മക്കളും പേരക്കിടാങ്ങളും സൗഹാർദത്തോടെ കഴിയണമെന്നാണ് മിക്കവാറും മലയാളികൾ ആഗ്രഹിക്കുന്നത്. എല്ലാം കുട്ടിച്ചോറാക്കിയിട്ട് ആരെന്ത് നേടാൻ? കേരളത്തെ മുന്നോട്ട് നയിക്കാനുള്ള തീവ്ര ശ്രമങ്ങൾ കണ്ടില്ലെന്ന് നടിക്കുകയല്ല. ഏഷ്യാനെറ്റ് ചാനലിലെ ന്യൂസ് അവർ കഴിഞ്ഞ ദിവസം രാത്രി കാണാനിടയായി. വലതുപക്ഷ, ഇടതുപക്ഷ പ്രതിനിധികൾക്കൊപ്പം കോൺഗ്രസിന്റെ ഒരു മുൻ മന്ത്രിയുമുണ്ട്. ചർവിത ചർവണമായ ശബരിമലയും സ്ത്രീപ്രവേശനവുമൊക്കെയാണ് അവതാരം കൈകാര്യം ചെയ്യുന്നത്. യുട്യൂബിൽ വിഷം വമിക്കുന്ന ഒരു വനിതയുടെ പ്രസംഗമെടുത്തിട്ടാണ് ചർച്ച. ദേവസ്വം ബോർഡിലെ ജോലികളിൽ അറുപത് ശതമാനവും ഒരു ന്യൂനപക്ഷ വിഭാഗം കൈയടക്കി വെച്ചിരിക്കുന്നുവെന്നതാണ് വിവാദ പരാമർശം. പാനലിലെ ഒരു അതിഥി തനിക്ക് ഒന്നും മനസ്സിലാവുന്നില്ലെന്ന് പറഞ്ഞപ്പോൾ ഉദാര മനസ്‌കനായ ആങ്കർ കുഴപ്പം പിടിച്ച ഭാഗം വീണ്ടും കേൾപ്പിച്ചു. ഈ കർമത്തിലൂടെ കേരളത്തിന്റെ പുരോഗതിയ്ക്കായി ദൃശ്യമാധ്യമം ചെയ്യുന്നതെന്തെന്ന് വ്യക്തം. തുടങ്ങിയ കാലത്ത് കെ. ജയചന്ദ്രനെ പോലെ സാമൂഹിക പ്രതിബദ്ധതയുള്ള പത്രപ്രവർത്തകർ വിഹരിച്ച ഒരു ടി.വി സ്റ്റേഷനായിരുന്നു ഇത്. പ്രതിലോമപരമായ പ്രവർത്തനങ്ങൾക്ക് മാർക്കറ്റ് ഇടിയുകയാണെന്നാണ് ദേശീയ രാഷ്ട്രീയത്തിൽ നിന്ന് ലഭിക്കുന്ന സൂചന. ഇതിനിടയ്ക്ക് അർബൻ ഡിബേറ്റ് എന്ന പേരിലൊരു സായാഹ്ന ചർച്ച ദേശീയ മാധ്യമമായ മിറർ നൗവിൽ നടക്കുന്നത് പ്രേക്ഷകരുടെ പ്രശംസ  നേടി വരികയാണ്. ടൈംസ് ഗ്രൂപ്പിന്റെ സ്ഥാപനമായ മിറർ നൗവിലെ എക്‌സിക്യൂട്ടീവ് എഡിറ്ററും ആങ്കറുമായ ഫയേ ഡിസൂസയാണ് വൈവിധ്യമാർന്ന വിഷയങ്ങൾ നിത്യേന കൈകാര്യം ചെയ്യുന്നത്. അഴിമതി, വർഗീയ സംഘർഷം, വനിതകളുടെ അവകാശങ്ങൾ, സ്വതന്ത്ര മാധ്യമ പ്രവർത്തനം എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഫയേ കൈകാര്യം ചെയ്യുന്നു. പശു സംഘർഷത്തിന്റെ മറവിൽ പോലീസ് ഓഫീസറെ വക വരുത്തിയ ദിവസം കാലാവസ്ഥ വ്യതിയാനമല്ല മിറർ നൗ ചർച്ച ചെയ്തത്. 

***    ***    ***

മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാകുന്നതിന്റെ ഭാഗമായി കമൽഹാസൻ സിനിമാ അഭിനയം അവസാനിപ്പിക്കുകയാണ്. തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലടക്കം തന്റെ പാർട്ടി മൽസരിക്കുമെന്ന് ആവർത്തിച്ച കമൽ മതേതര ചേരിക്കൊപ്പമാകും ഉണ്ടാകുകയെന്നും വ്യക്തമാക്കി.  തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം 2019 ലെ  ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിൽ സ്ഥാനാർത്ഥികളെ നിർത്തും. അവസാന ചിത്രമായ ഇന്ത്യൻ 2 ന്റെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും. 1996 ൽ ശങ്കർ - കമൽഹാസൻ കൂട്ടുകെട്ടിൽ പുറത്തെത്തി വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. അഴിമതിക്കാരെ ഇന്ത്യനിലെ നായകൻ ശരിപ്പെടുത്തുന്നത് കണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിച്ചവരാണ് കാണികൾ. 

***    ***    ***

ലോകശ്രദ്ധ നേടിയ വിവാഹ മാമാങ്കം ആയിരുന്നു ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും യു.എസ് ഗായകൻ നിക്ക് ജോനാസും തമ്മിലുണ്ടായിരുന്നത്. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിൽ വെച്ചായിരുന്നു ദിവസങ്ങൾ നീണ്ട താരവിവാഹം. കോടികൾ പൊടിച്ചുള്ള ആഡംബര ആഘോഷങ്ങൾക്കെതിരെ പ്രതിഷേധങ്ങൾ ഉയരുന്നുണ്ടെങ്കിലും താരങ്ങൾ പുറത്തുവിടുന്ന വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം അമേരിക്കയിലെ  ഒരു മാഗസിൻ പ്രിയങ്കയെ വളരെ മോശമായി ചിത്രീകരിച്ചു. 'പ്രിയങ്ക ചോപ്ര ഒരു വഞ്ചകിയും അഴിമതിക്കാരിയുമാണ്. വിവാഹത്തിലേക്ക് നിക്കിനെ എത്തിക്കുമ്പോൾ അദ്ദേഹം തയ്യാറാണോ എന്ന് പ്രിയങ്ക ശ്രദ്ധിച്ചിരുന്നില്ല. പ്രിയങ്കയെ ഒന്ന് പ്രേമിക്കുക അത്ര മാത്രമേ നിക്കിന് ഉദ്ദേശ്യം ഉണ്ടായിരുന്നുള്ളൂ. എന്നാൽ പ്രിയങ്ക തന്ത്രത്തിലൂടെ നിക്കിനെ വിവാഹത്തിലേക്ക് എത്തിക്കുകയായിരുന്നു. നിലവിൽ ഹോളിവുഡിൽ തിളങ്ങി നിൽക്കുന്ന യുവതികളുമായി ബന്ധം സ്ഥാപിക്കാൻ നിക്കിന് കഴിയും. ആഗോള തലത്തിൽ അഴിമതി നടത്തുന്ന ഒരു കലാകാരിയെ അദ്ദേഹം വിവാഹം കഴിക്കേണ്ടി വന്നിരിക്കുകയാണ്. അത് അത്ര ശരിയാണെന്ന് തോന്നുന്നുണ്ടോ?' ലേഖനത്തിലെ ചോദ്യങ്ങൾ ഇങ്ങനെയാണ്.  പ്രിയങ്കയെ വിവാഹം കഴിച്ചതോടെ നിക്കിന്റെ ജീവിതം നരകമായെന്നും ഓടി രക്ഷപ്പെടാനുമൊക്കയാണ് മാസിക ഉപദേശിച്ചത്. ഹോളിവുഡിലെ വളരെ പ്രശസ്തനായ ഗായകനാണ് നിക് ജൊനാസ്. കഴിഞ്ഞ വർഷം ന്യൂയോർക്കിൽ വെച്ചാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയങ്കയേക്കാൾ 10 വയസ്സ് കുറവാണ് നിക്ക് ജൊനാസിന്. നിക്കിന് 26 വയസ്സും പ്രിയങ്കയ്ക്ക് 36 വയസ്സുമാണ്. ഏതായാലും പ്രതിഷേധം ശക്തമായതോടെ മാഗസിൻ ഖേദം പ്രകടിപ്പിച്ചു. അതിനടുത്ത ദിവസമാണ് പ്രിയങ്ക ചോപ്രയെ ലോകത്തെ സ്വാധീനിച്ച കരുത്തരായ നൂറ് വനിതകളിൽ ഒരാളായി ഫോബ്‌സ് തെരഞ്ഞെടുത്തത്. ഈ നേട്ടത്തിന് തിളക്കമേറെയാണ്. 

***    ***    ***

ഇന്ത്യയിലെ കാര്യങ്ങൾ ബി.ബി.സി ശ്രദ്ധിക്കുന്നുണ്ടെന്ന് എല്ലാവരും മനസ്സിലാക്കുക. കനത്ത പോലീസ് അകമ്പടിയോടെ ശബരിമലയിലെത്തിയ കേരളത്തിലെ ആക്ടിവിസ്റ്റ് ജയിലിലാണെന്ന് കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സ്ഥാപനത്തിന്റെ പേരിൽ ഫേക്ക് പ്രചാരണം നടത്തിയവരെ  ബി.ബി.സി തിരിച്ചറിഞ്ഞു.  രാജസ്ഥാനിൽ ബിജെപി ജയിക്കുമെന്ന രീതിയിൽ ബിബിസി സർവേ പ്രവചിക്കുന്നതായി വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. ജൂൺ മുതൽ നവംബർ വരെ ബിബിസി നടത്തിയ സർവേകൾ എന്ന രീതിയിലാണ് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നത്. ജൂണിൽ കോൺഗ്രസിന് 160 സീറ്റുകൾ സർവേയിൽ പ്രവചിക്കുന്നുണ്ടെന്നും അതേസമയം തെരഞ്ഞെടുപ്പിനോടടുത്തപ്പോൾ ബിജെപിക്കാണ് മുൻതൂക്കമെന്നും സർവേയിൽ പ്രവചിക്കുന്നതായാണ് പ്രചരണം. ഇതിനെ തള്ളി ബിബിസി വക്താവ് രംഗത്തെത്തിയിരുന്നു. ബിബിസി ഇത്തരത്തിൽ ഇന്ത്യയിൽ പ്രീപോൾ സർവേ  നടത്താറില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്നും ബിബിസി വക്താവ് വ്യക്തമാക്കി. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് പലർക്കും ഹോബിയാണ്. ഏറ്റവുമൊടുവിൽ  വ്യാജ വാർത്തയ്ക്ക് ഇരയായത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാണ്. പാക്കിസ്ഥാനുമായി ബന്ധപ്പെടുത്തിയുള്ള വാർത്തയാണ് പ്രചരിക്കുന്നത്. താൻ അധികാരത്തിൽ വന്നാൽ പാക്കിസ്ഥാന് 5000 കോടി രൂപ പലിശ രഹിത വായ്പ നൽകുമെന്ന് രാഹുൽ പറഞ്ഞതായുള്ള എബിപി ന്യൂസിന്റെ സ്‌ക്രീൻ ഷോട്ട് സഹിതമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിനെ ആധാരമാക്കി പ്രധാനമന്ത്രി വരെ പ്രസംഗിച്ചു. സ്‌ക്രീൻ ഷോട്ടുകൾ വ്യാജമാണെന്ന് എബിപി ന്യൂസ് അധികൃതർ പറഞ്ഞതായി ആൾട്ട് ന്യൂസ് റിപ്പോർട്ട് ചെയ്തു. എബിപി ന്യൂസിന്റെ പേരിൽ പ്രചരിക്കുന്ന വാർത്തകളെ കുറിച്ച് ചാനൽ തന്നെ തെളിവുകളുമായി രംഗത്തെത്തുകയായിരുന്നു. 

***    ***    ***

മലയാളത്തിലെ ആദ്യ സ്വകാര്യ ചാനലായ ഏഷ്യാനെറ്റ് സിൽവർ ജൂബിലി നിറവിലാണ്. മമ്മുട്ടിയുൾപ്പെടെയുള്ള താരങ്ങൾ പങ്കെടുത്ത ആഘോഷം സംബന്ധിച്ച വാർത്ത കൈരളി പീപ്പിളിലും കൈരളി അറേബ്യയിലും സംപ്രേഷണം ചെയ്തു.  വാർത്തകൾ ചുരുക്കത്തിലൊന്നുമല്ല, വിശദമായ വാർത്ത തന്നെ. കലാസന്ധ്യ ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന കാര്യവും പറഞ്ഞു. വിപണിയിലുള്ള എതിർ പത്രത്തിന്റെ ലേഖകന് മർദനമേറ്റാൽ പോലും ഒരു പത്രത്തിന്റെ റിപ്പോർട്ടർക്ക് എന്ന് പറയുന്ന ദിനപത്രങ്ങളെല്ലാം കണ്ടു പഠിക്ക്. കൈരളി മേധാവി പണ്ട്  പിക്‌നിക്കിന് പോയ സ്ഥലം കൂടിയാണല്ലോ ഏഷ്യാനെറ്റ് 
***    ***    ***

കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കേരളത്തിലെ പോലീസ് മേധാവി വിഷയത്തിൽ നടത്തിയ പ്രസ്താവനയ്ക്ക് പ്രതികരണമുണ്ടായി. കേന്ദ്ര മന്ത്രിയുടെ പണിയെടുക്കാതെ മിക്ക സമയവും വടകരയിലായിരുന്നുവെന്നതായിരുന്നു പ്രധാന ആക്ഷേപം. ഇത് നല്ല കാര്യമല്ലേ. ദേശാടന പക്ഷിയെ പോലെ മണ്ഡലത്തെ തിരിഞ്ഞു നോക്കാത്ത ആളൊന്നുമല്ലല്ലോ. ഏതായാലും ഇതിന് മുല്ലപ്പള്ളി ചൊവ്വാഴ്ച തലസ്ഥാനത്ത് നൽകിയ മറുപടിയാണ് ഏറെ രസകരം. ജയ്ഹിന്ദ് ചാനൽ വാർത്താ ബുള്ളറ്റിനിൽ അദ്ദേഹത്തിന്റെ വാർത്താ സമ്മേളനം പൂർണമായി ഉൾപ്പെടുത്തിയിരുന്നു. കേരളത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നത് മുഖ്യമന്ത്രിയുടെ മണ്ഡലമായ കൂത്തുപറമ്പാണെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുഖ്യമന്ത്രി തെരഞ്ഞെടുക്കപ്പെട്ടത് തലശ്ശേരിയ്ക്കടുത്ത ധർമടം സീറ്റിൽ നിന്നല്ലേ. കൂത്തുപറമ്പ് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ മണ്ഡലമല്ലേ? 

***    ***    ***

ഫ്‌ളവേഴ്‌സ് ഗ്രൂപ്പിൽ നിന്നുള്ള വാർത്താ ചാനൽ 24 ഇക്കഴിഞ്ഞ ശനിയാഴ്ച സംപ്രേഷണം തുടങ്ങി. വാർത്തകൾ ഗുളിക രൂപത്തിലാക്കിയ 100 ന്യൂസ് പോലുള്ളതിൽ പുതുമയുണ്ട്. ആർക്കും ഒന്നിനും നേരമില്ലാത്ത ഇക്കാലത്ത് പ്രത്യേകിച്ചും. ആദ്യ ദിവസം കോഴിക്കോട് നിന്ന് അബ്രഹാം മാത്യു മുൻ എം.പി കെ.പി ഉണ്ണികൃഷ്ണനെ പറ്റി സ്റ്റോറി ചെയ്തു. 
രാഷ്ട്രീയ പ്രവർത്തനം കൊണ്ട് പലരും സ്വത്ത് വാരിക്കൂട്ടുമ്പോൾ ഉണ്ണികൃഷ്ണൻ പന്നിയങ്കരയിലെ ഭൂമി വിറ്റാണ് കഴിയുന്നത്. നല്ല സെലക്ഷൻ. ഇതിന് ആമുഖമായി ന്യൂസ് റീഡർ പറഞ്ഞത് അഞ്ച് തവണ നിയസഭാംഗമായ കെ.പി ഉണ്ണികൃഷ്ണനെന്നാണ്. ഉണ്ണികൃഷ്ണൻ വടകരയിൽ നിന്ന് ലോക്‌സഭയിലേക്കല്ലേ തെരഞ്ഞെടുക്കപ്പെട്ടത്?

 

Latest News