സംഗീത യാത്രയിൽ വിജയപീഠത്തിലേറി നിൽക്കുകയാണ് കോഴിക്കോട്ടുകാരിയായ ആര്യനന്ദ എന്ന ഏഴു വയസ്സുകാരി. സീ തമിഴ് ചാനലിലെ സരിഗമപ എന്ന സംഗീത റിയാലിറ്റി ഷോയിൽ വിജയിച്ച് ഒരു കിലോ തങ്കമാണ് അവൾ കൈപ്പിടിയിലൊതുക്കിയത്. പ്രശസ്ത പിന്നണി ഗായകരായ ശ്രീനിവാസ്, സുജാത, വിജയ് പ്രകാശ്, കാർത്തിക് എന്നിവരെ അതിശയിപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് ആര്യനന്ദ റിയാലിറ്റി ഷോയിൽ ഫസ്റ്റ് റണ്ണറപ്പായത്.
രണ്ടര വയസ്സുള്ളപ്പോൾ ഗുരുവായൂരിൽ നടന്ന ചെമ്പൈ സംഗീതോത്സവത്തിൽ 'എന്നതവം സെയ്‌വനേ... യശോദാ...' എന്ന ഗാനം പാടിക്കൊണ്ട് കാണികളെ ആനന്ദ സാഗരത്തിലാറാടിച്ച ഈ കൊച്ചുമിടുക്കിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. വേദികളിൽനിന്നും വേദികളിലേയ്ക്കുള്ള ആലാപനയാത്ര. കേരളത്തിനകത്തും പുറത്തുമായി മുന്നൂറിലേറെ വേദികളിൽ ആര്യനന്ദ പാടിക്കഴിഞ്ഞു. ഇതിനിടയിൽ നിരവധി അംഗീകാരങ്ങളും അവളെ തേടിയെത്തി.
ദൽഹിയിൽ നടന്ന സംഘം കലാഗ്രൂപ്പിന്റെ അഖിലേന്ത്യാ മ്യൂസിക് ടാലന്റ് ഹണ്ടിൽ ഒന്നാം സ്ഥാനം നേടി മലയാളികൾക്ക് അഭിമാനമായി മാറാനും ഈ കലാകാരിക്ക് കഴിഞ്ഞു. ദേശീയ തലത്തിൽ എഴുന്നൂറോളം കുട്ടികളെ പിന്തള്ളിയാണ് അളകനന്ദ ഈ അംഗീകാരം സ്വന്തമാക്കിയത്. കേരളത്തിൽനിന്നും ആദ്യമായാണ് ഒരു കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. ഇതിനു മുൻപ് സോനു നിഗം, സുനീതി ചൗഹാൻ, ശ്രേയാ ഘോഷാൽ തുടങ്ങിയവർക്കാണ് ഈ അംഗീകാരം ലഭിച്ചത്.
കുസൃതിയാണ് ആര്യനന്ദയുടെ കണ്ണുകളിൽ തിളങ്ങുന്നത്. കുഞ്ഞുന്നാളിലേ കേട്ടുശീലിച്ച താരാട്ടു പാട്ടിലൂടെ അവളുടെ ഹൃദയത്തിൽ വേരോടിയ സംഗീതം നേട്ടങ്ങളുടെ നെറുകയിലേയ്ക്ക് ആനയിക്കുകയായിരുന്നു. കുസൃതികൾ കൂട്ടിനുണ്ടെങ്കിലും പാട്ടിന്റെ ഈരടികൾ ചുണ്ടുകളിലെത്തുമ്പോൾ കുസൃതിയെല്ലാം വിട്ട് ഇരുത്തം വന്ന ഒരു ഗായികയായി അവൾ മാറുന്നു. ശ്രുതിയും താളവും ലയവും ഇഴചേർത്ത് അതീവ ഭാവാത്മകതയോടെ പാട്ടിൽ അലിയുകയാണ് ഈ കൊച്ചുമിടുക്കി.
സംഗീതമാണ് ആര്യനന്ദയ്ക്ക് എല്ലാം. ശ്രുതിയും താളവുമൊപ്പിക്കാൻ ഇടവും വലവും സംഗീതാധ്യാപകർ കൂടിയായ അച്ഛനും അമ്മയുമുണ്ട്. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശികളായ രാജേഷ് ബാബു - ഇന്ദു ദമ്പതികളുടെ ഏകമകളാണ് ആര്യനന്ദ. സംഗീത വേദികൾ പാടാൻ മാത്രമല്ല, മുതിർന്ന ഗായകരെ കാണാനും പരിചയപ്പെടാനും അവൾ കാണിക്കുന്ന താൽപര്യം അനുഗ്രഹമായി അവളിൽ നിറയുകയാണ്. വെള്ളിമാടുകുന്ന് സെന്റ് ജോസഫ്‌സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയാണ് ആര്യനന്ദ.
ഒന്നാം ക്ലാസു മുതൽ ലളിതഗാന വേദികളിൽ നിത്യസാന്നിധ്യമായ ഈ കലാകാരി സബ് ജില്ലാ കലോത്സവങ്ങളിൽ ലളിതഗാനത്തിനും ശാസ്ത്രീയ സംഗീതത്തിനും പദ്യപാരായണത്തിനുമെല്ലാം എന്നും ഒന്നാം സ്ഥാനത്താണ്. കൂടാതെ മാക്‌സ് ഇന്റർനാഷണൽ ഗ്രൂപ്പ് സംഘടിപ്പിച്ച സംഗീത മത്സരത്തിലും തപസ്യ കടലുണ്ടി സംഘടിപ്പിച്ച അഖില കേരള ലളിതഗാന, ശാസ്ത്രീയ സംഗീത മത്സരങ്ങളിലും സി.ബി.എസ്.സി സംസ്ഥാന സ്‌കൂൾ കലോത്സവത്തിലുമെല്ലാം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
2015 ൽ കോഴിക്കോട് ടൗൺഹാളിൽ നടന്ന സ്‌നേഹപൂർവം ആര്യനന്ദ എന്ന സംഗീത പരിപാടിയിൽ മൂന്നു മണിക്കൂർ തുടർച്ചയായി പാടി മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാലു ഭാഷകളിലായി ഇരുപത്തഞ്ചോളം സിനിമാ ഗാനങ്ങൾ കോർത്തിണക്കിയായിരുന്നു ആ സംഗീത പരിപാടി അവതരിപ്പിച്ചത്. മെലിഞ്ഞുനീണ്ട ആ ഏഴു വയസ്സുകാരി തന്റെ കുഞ്ഞിളം കൈകളിൽ മൈക്ക് പിടിച്ച് പാടിത്തുടങ്ങിയപ്പോൾ കാണികൾ ആസ്വാദനത്തിന്റെ പുതിയ തലങ്ങളിലേയ്ക്ക് ഉയരുകയായിരുന്നു. ഇരുത്തം വന്ന ഒരു ഗായികയെപ്പോലെ ഒട്ടും സഭാകമ്പമില്ലാതെ ശ്രുതി മധുരമായാണ് പാടിയത്. എസ്. ജാനകിയുടെയും മാധുരിയുടെയും കെ.എസ്. ചിത്രയുടേയുമെല്ലാമായി മലയാളികൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു പിടി ഗാനങ്ങളാണ് ആര്യനന്ദ ആലപിച്ചത്. നാദങ്ങളായ് വരൂ... എന്ന ഗാനത്തോടെ തുടങ്ങി ഇന്നെനിക്ക് പൊട്ടുകുത്താൻ, കാതോടു കാതോരം, ആടിവാ കാറ്റേ, മാർഗഴി തിങ്കൾ, എന്തുപറഞ്ഞാലും... തുടങ്ങിയ ഒട്ടേറെ ഗാനങ്ങളാണ് ആസ്വാദകർക്കു മുന്നിൽ ഒഴുകിയെത്തിയത്. പ്രതിഭാധനരായ സംഗീതജ്ഞർക്കുള്ള സമർപ്പണം കൂടിയായിരുന്നു ആ സംഗീതാർച്ചന. ഈ സംഗീത പരിപാടിയിലൂടെ ലിംക ബുക്ക് ഓഫ് റെക്കോർഡിലേയ്ക്ക് നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്തു. സീ ഗ്രൂപ്പിന്റെ ആൻഡ് ടി.വിയിൽ വോയ്‌സ് ഓഫ് ഇന്ത്യ എന്ന റിയാലിറ്റി ഷോയിലും ഈ കൊച്ചുഗായിക പങ്കെടുത്തിട്ടുണ്ട്.
രാജാധിരാജ എന്ന തമിഴ് ചിത്രത്തിലും അതിന്റെ തെലുങ്ക് പതിപ്പിലും പാടിക്കൊണ്ട് സിനിമാ പിന്നണിഗാന രംഗത്തേയ്ക്കും ഈ കൊച്ചുഗായിക ചുവടുവെച്ചുകഴിഞ്ഞു. മാത്രമല്ല, ഡംഡം ഡിഗാ ഡിഗാ എന്ന മ്യൂസിക് ബാന്റിലൂടെ മിലെനിയം യു ട്യൂബ് ചാനലിലും ഗാനങ്ങൾ അവതരിപ്പിച്ചുവരികയാണ്.
സീ തമിഴ് ചാനലിലെ സരിഗമപ പരിപാടിയിൽ പങ്കെടുത്തതു വഴി സംഗീത ലോകത്ത് ഒട്ടേറെ സൗഹൃദങ്ങൾ നേടിയെടുക്കാനായി. ഗുരുതുല്യരായ ഒട്ടേറെ വ്യക്തികളെ പരിചയപ്പെടാനും കഴിഞ്ഞു. ഇത്തരം സൗഹൃദങ്ങൾ ആലാപന രംഗത്തെ പ്രകടനം മികച്ചതാക്കാൻ സഹായിക്കുന്നതായിരുന്നു. ആദ്യ റൗണ്ടിൽ മത്സരത്തിനെത്തിയത് ഇരുപതിനായിരത്തിൽപരം പേരായിരുന്നു. അവരിൽനിന്നും ഇരുപത്തെട്ടു പേരെയാണ് തെരഞ്ഞെടുത്തത്. വാശിയേറിയ മത്സരത്തിനൊടുവിൽ ആദ്യ റണ്ണർ അപ്പാവുകയും ചെയ്തു.
അച്ഛനും അമ്മയും ശിഷ്യരെ സംഗീതം അഭ്യസിപ്പിക്കുന്നതുകേട്ടാണ് ഞാൻ വളർന്നത്. പലതരത്തിലുള്ള പാട്ടുകളാണ് അവർ അഭ്യസിപ്പിച്ചിരുന്നത്. അതുകേട്ട് ഞാനും സംഗീതലോകത്ത് എത്തിപ്പെടുകയായിരുന്നു. ലതാ മങ്കേഷ്‌കറുടെ കടുത്ത ആരാധികയായ ഈ അഞ്ചാം ക്ലാസുകാരിക്ക് ഭാവിയിൽ ഒരു പിന്നണി ഗായികയായിത്തീരുക എന്നതാണ് ലക്ഷ്യമെന്നും പറയുന്നു.
ആലാപന വഴിയിൽ ഒട്ടേറെ അംഗീകാരങ്ങൾക്കും ആര്യനന്ദ അർഹയായിട്ടുണ്ട്. മാക്‌സ് ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ലിറ്റിൽ ഐക്കൺ ആയാണ് തുടക്കം. ഇന്ത്യൻ ആർട്ടിസ്റ്റ് യൂണിയൻ കോൺഗ്രസിന്റെ സംഗീത രംഗത്തെ നവാഗതർക്കുള്ള നവപ്രതിഭാ പുരസ്‌കാരത്തിനും സംസ്ഥാന മദ്യനിരോധന സമിതിയുടെ സംഗീത രംഗത്തെ മികവിനുള്ള ബാലപ്രതിഭാ പുരസ്‌കാരത്തിനും അർഹയായി. ഒടുവിലായി ആലാപന മികവിനുള്ള ഐഡിയൽ പബ്‌ളിക് സ്‌കൂളിന്റെ ടാലൻഷിയ അവാർഡും ആര്യനന്ദയെ തേടിയെത്തി.