കണ്ണൂര്‍- ഞായറാഴ്ച ഉദ്ഘാടനം ചെയ്ത കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കാലതാമസമുണ്ടായത് യു.ഡി.എഫ് സര്‍ക്കാരിന്റെ നിലപാടു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. 1996ല്‍ അവതരിപ്പിക്കപ്പെട്ട കണ്ണൂര്‍ വിമാനത്താവളമെന്ന ആശയം ഇത്രയും വൈകേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും യുഡിഎഫ് അധികാരത്തിലിരുന്ന 2001 മുതല്‍ 2006 വരെ ഈ പദ്ധതിയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനവും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. 2006ല്‍ വി.എസ് അച്യൂതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്. ഇക്കാലയളവില്‍ സ്ഥലമേറ്റെടുപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ വേഗതയില്‍ മുന്നോട്ടു പോയി. എന്നാല്‍ പിന്നീടുള്ള അഞ്ചു വര്‍ഷം കാര്യങ്ങള്‍ വേണ്ടപോലെ നടന്നോ എന്ന വിലയിരുത്തലിലേക്ക് കടക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
2001-06 കാലത്തെ പോലെ 2001-16 കാലയളവില്‍ പദ്ധതി നിശ്ചലമാക്കാന്‍ സാധിച്ചില്ല. ചില തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടന്നെങ്കിലും വിമാനത്താവളം പൂര്‍ത്തിയാക്കിയില്ല. പൂര്‍ത്തിയാക്കിയെന്ന പ്രതീതി ഉണ്ടാക്കാന്‍ വ്യോമസേനയുടെ എവിടേയും ഇറക്കാവുന്ന ഒരു വിമാനം ഇറക്കി ഉദ്ഘാടനം ചെയ്യുകയാണെന്ന് പറഞ്ഞ് ആളെ കൂട്ടി. ഈ വിമാനത്താവളമാണ് 2016ലെ സര്‍ക്കാര്‍ അധികാരത്തിലെത്തി രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ പൂര്‍ണ തോതില്‍ ഉദ്ഘാടനം ചെയ്യേണ്ട സ്ഥിതി വന്നതെന്നും പിണറായി പറഞ്ഞു.