കോട്ടയം- കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാത്തതില്‍ വിവാദത്തിനില്ലെന്നും ഇത് സന്തോഷിക്കേണ്ട അവസരമാണെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉദ്ഘാടനത്തിന് ഉമ്മന്‍ ചാണ്ടിയെ ക്ഷണിച്ചിരുന്നില്ല.
കേരളത്തിലെ ജനങ്ങളെ അങ്ങനെ ആര്‍ക്കും തെറ്റിദ്ധരിപ്പിക്കാന്‍ കഴിയില്ല. എന്താണ് എങ്ങനെയാണന്ന് അവര്‍ക്ക് നന്നായി അറിയാം. ഞാനേതായാലും ഒരു വിവാദത്തിനില്ല. കാരണം ഇത് സന്തോഷിക്കേണ്ട നിമിഷമാണ്- ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളം എന്നത് കേരളത്തിന്റെ വികസനത്തിന്റെ പുതിയ തലമാണ്. 2017ല്‍ തന്നെ ഉദ്ഘാടനം നടത്താനായി സമയബന്ധിതമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ പാറ പൊട്ടിക്കുന്നതും സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് അന്ന് സിപിഎം ഭരിച്ചിരുന്ന ഒരു പഞ്ചായത്തിന്റെ ഭാഗത്തുനിന്നുള്ള നിസ്സഹകരണം വിമാനത്താവളത്തിന്റെ വര്‍ക്ക് ഷെഡ്യൂളില്‍ താമസം വരുത്തി. എന്നിട്ടും റണ്‍വേയുടെ പണി നൂറ് ശതമാനം പൂര്‍ത്തിയാക്കി വിമാനം ഇറക്കിയിരുന്നു. അവശേഷിച്ചത് ടെര്‍മിനലിന്റെ പണി മാത്രമായിരുന്നു. അതും 80 ശതമാനം യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്നും ഇറങ്ങുമ്പോള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഏതായാലും ഇപ്പോഴെങ്കിലും കണ്ണൂര്‍ വിമാനത്താളം യാഥാര്‍ഥ്യമായതില്‍ സന്തോഷം- ഉമ്മന്‍ ചാണ്ടി പറഞ്ഞു.