Sorry, you need to enable JavaScript to visit this website.

ദമാമിലെ മിഷേലിന്റെ മരണം; വിശ്വസിക്കാനാകാതെ പ്രവാസികള്‍

മനാമ- വാരാന്ത്യ അവധി ചെലവഴിക്കാൻ സൗദിയിൽനിന്ന് കുടുംബസമേതം ബഹ്റൈനിലെത്തിയ മലയാളി വ്യവസായ സംരംഭകൻ ബോട്ടിംഗിനിടെ മരിച്ചു. കോട്ടയം സ്വദേശി മിഷേൽ തോമസ് (37) ആണ് മരിച്ചത്. അൽകോബാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ജാസ് അറേബ്യയുടെ ഡയറക്ടറാണ് മിഷേൽ. കുടുംബാംഗങ്ങൾക്ക് പുറമെ, 13 പേർ അടങ്ങുന്ന സുഹൃത്തുക്കളും ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു. നീന്തുന്നതിനായി സുഹൃത്തുക്കൾക്കൊപ്പം കടലിൽ ഇറങ്ങിയ മിഷേലിന് തിരിച്ചു ബോട്ടിൽ കയറാനായില്ലെന്നാണ് പ്രാഥമിക വിവരം. ബോട്ടിംഗ് സംഘത്തിൽ കുടുംബം ഉണ്ടായിരുന്നില്ല. മൃതദേഹം ബഹ്റൈൻ കിംഗ് ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രാജമ്മ തോമസാണ് മാതാവ്. മണർകാട് ഇഞ്ചക്കാട്ട് കുടുംബാംഗം ടീനുവാണ് ഭാര്യ. മക്കൾ: ജെയ്ഡൻ, ഹെസൽ.

മിഷേലിന്റെ മരണം കിഴക്കൻ പ്രവിശ്യയിലെ പ്രവാസി സമൂഹത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. 
താൻ കൈവെച്ച മേഖലകളിൽ കുറഞ്ഞ സമയം കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്നു മിഷേൽ.  ഒരിക്കൽ പരിചയപ്പെട്ടവർക്ക് പിന്നീടൊരിക്കലും മറക്കാൻ കഴിയാത്തത്ര ഹൃദ്യമായ പെരുമാറ്റം വഴിയാണ് മിഷേൽ വലിയൊരു സൗഹൃദവലയത്തെ സൃഷ്ടിച്ചത്. 


പരിചയപ്പെട്ടവരെ മുഴുവൻ ഏറ്റവും നല്ല സുഹൃത്തുക്കളാക്കുന്നതിൽ ഒരു മടിയും കാണിച്ചിരുന്നില്ല മിഷേൽ. വ്യവസായ പ്രമുഖനായ പിതാവ് മാത്യുവിന്റെ സുഹൃദ്ബന്ധം തലമുറകൾ കൈമാറി പരിചരിക്കാൻ പ്രത്യേകമായൊരു സിദ്ധിയുണ്ടായിരുന്നു മിഷേലിന്. ശനിയാഴ്ച രാവിലെ മുതൽ മിഷേലിന്റെ മരണവിവരം പുറത്തെത്തിയത് പ്രവാസികളെ കരയിപ്പിച്ചു. നൂറുകണക്കിന് പ്രവാസി കുടുംബങ്ങളുമായി ഗാഢമായ ബന്ധമുള്ള മാത്യു അച്ചായന്റെ മകൻ എന്ന മേലങ്കി പോലും മിഷേലിനെ പരിചയപ്പെടുത്താൻ കിഴക്കൻ മേഖലയിലെ മലയാളികൾക്കിടയിൽ ആവശ്യമില്ലായിരുന്നു. സദാസമയം പ്രസരിപ്പോടെ തങ്ങൾ കണ്ടിരുന്ന മിഷേലിന്റെ മരണവാർത്ത സുഹൃത്തുക്കളെ ദുഃഖക്കയത്തിലാഴ്ത്തി. 
വ്യവസായ സംരംഭങ്ങൾ മകനെ ഏൽപ്പിച്ചു അഞ്ചു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് വിട നൽകി ശിഷ്ടകാലം വിശ്രമ ജീവിതം നയിക്കണമെന്ന് അഭിലഷിച്ച പിതാവ് മാത്യുവിനെയും മാതാവ് രാജമ്മയെയും എങ്ങനെ സാന്ത്വനിപ്പിക്കണമെന്ന് കുടുംബ സുഹൃത്തുക്കൾക്കും കൂട്ടുകാർക്കും നിശ്ചയമില്ല. എം.ബി.എ ബിരുദധാരിയായിരുന്ന മിഷേൽ ദമാം ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ പൂർവ വിദ്യാർഥി കൂടിയാണ്. കമ്പനി എം.ഡിയായിരുന്നുവെങ്കിലും ഓരോ തൊഴിലാളിയോടും സഹോദരതുല്യമായാണ് ഇടപെട്ടിരുന്നത്. വ്യവസായ രംഗത്ത് ഉന്നത വിജയത്തിലേക്ക് പറന്നുയരുമ്പോഴാണ് മിഷേൽ ചിറകറ്റു വീണത്. 


 

--

Latest News