- ഇന്ത്യക്ക് 166 റൺസ് ലീഡ്
അഡ്‌ലെയ്ഡ്- കൊണ്ടും കൊടുത്തും മുന്നേറുന്ന അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റിൽ ഒരിക്കൽ കൂടി ചേതേശ്വർ പൂജാരയുടെ ചുമലിലേറി ഇന്ത്യ. മൂന്നാം ദിവസം കളി നിർത്തുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റൺസെടുത്ത സന്ദർശകർക്ക് ഏഴ് വിക്കറ്റ് കയ്യിലിരിക്കേ മൊത്തം 166 റൺസ് ലീഡുണ്ട്. രാവിലെ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് 235 ന് അവസാനിച്ചിരുന്നു.
ഒന്നാമിന്നിംഗ്‌സിൽ ഉറച്ചുനിന്ന് പൊരുതി സെഞ്ചുറി നേടിയ പൂജാര 40 റൺസുമായി ക്രീസിലുണ്ട്. ഒരു റൺസുമായി അജിങ്ക്യ രഹാനെയാണ് കൂട്ട്. സ്റ്റംപെടുക്കുന്നതിന് അൽപം മുമ്പ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി (34) പുറത്തായതാണ് ഇന്ത്യക്ക് ഇന്നലെ ഏറ്റ ഏറ്റവും വലിയ തിരിച്ചടി. മൂന്നാം വിക്കറ്റിൽ 71 റൺസടിച്ച കോഹ്‌ലിയും പൂജാരയും ഇന്ത്യയുടെ നില ഭദ്രമാക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് സ്പിന്നർ നഥാൻ ലിയോൺ കുരുക്കിടുന്നത്. നന്നായി തിരിഞ്ഞുവന്ന പന്ത് കോഹ്‌ലിയുടെ ബാറ്റിൽ തട്ടി ഷോർട്ട് ലെഗിൽ ആരൺ ഫിഞ്ചിന് അനായാസ ക്യാച്ചായി.
കോഹ്‌ലി പുറത്തായത് ഓസ്‌ട്രേലിയക്ക് തീർച്ചയായും ആശ്വാസമാണെങ്കിലും ഇന്ത്യക്ക് നേരിയ മുൻതൂക്കം ഇപ്പോഴുമുണ്ട്. പൂജാര ക്രീസിലുള്ളതു തന്നെ കാരണം. ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ബൗളർമാരുടെ എല്ലാ അടവുകളും പിഴച്ചത് പൂജാരക്ക് മുന്നിലാണ്.
ലഞ്ചിനു മുമ്പു തന്നെ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിംഗ്‌സ് അവസാനിപ്പിക്കാൻ കഴിഞ്ഞതും 15 റൺസിന്റെ ലീഡ് നേടാനും കഴിഞ്ഞതോടെയാണ് ഇന്ത്യ കളിയിൽ പിടി മുറുക്കിയത്. 72 റൺസെടുത്ത ട്രേവിസ് ഹെഡും വാലറ്റവുമാണ് ആതിഥേയരെ 235 വരെയെങ്കിലും എത്തിച്ചത്. കളി ഇപ്പോൾ തുല്യ നിലയിലാണെന്നും ഇന്ന് രാവിലത്തെ ആദ്യ മണിക്കൂർ നിർണായകമാണെന്നും ജസ്പ്രീത് ബുംറ ഇന്നലെ മത്സര ശേഷം പറഞ്ഞു.
കെ.എൽ രാഹുലും (44), മുരളി വിജയും (18) ഇന്ത്യക്ക് രണ്ടാമിന്നിംഗ്‌സിൽ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാമിന്നിംഗ്‌സിൽ പരാജയമായ ഇരുവരും ചേർന്ന് ഇന്നലെ ഓപണിംഗ് കൂട്ടുകെട്ടിൽ 63 റൺസടിച്ചു. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചിൽ ഇന്ത്യൻ ബാറ്റ്‌സ്മാന്മാരെല്ലാം വളരെ ശ്രദ്ധയോടെയാണ് കളിച്ചത്. ജോഷ് ഹെയ്‌സൽവുഡ് തുടർച്ചയായി നാല് മെയ്ഡൻ ഓവറുകൾ എറിഞ്ഞതുതന്നെ ഇന്ത്യൻ ഓപണർമാരുടെ അതീവ ശ്രദ്ധക്ക് തെളിവ്. എന്നാൽ ചുവടുറപ്പിച്ചതോടെ ഇരുവർക്കും ആത്മവിശ്വാസമായി. പാറ്റ് കമിൻസിനെ കൂറ്റൻ സിക്‌സറിന് പറത്തിയ രാഹുൽ പ്രതിരോധത്തിൽനിന്ന് ആക്രമണത്തിലേക്ക് തിരിഞ്ഞു. എന്നാൽ അതിനിടെ മുരളി വിജയിനെ ഇന്ത്യക്ക് നഷ്ടമായി. മിച്ചൽ സ്റ്റാർക്കിനെ ഡ്രൈവ് ചെയ്യാനുള്ള ശ്രമം സ്ലിപ്പിൽ പീറ്റർ ഹാൻഡ്‌സ്‌കോമ്പിന് ക്യാച്ചായി.
അധികം കഴിയും മുമ്പ് രാഹുലും പുറത്തായി. ലിയോണിനെ ഷോട്ട് പായിക്കാൻ ശ്രമിച്ചെങ്കിലും പന്തെത്തിയത് വിക്കറ്റ് കീപ്പർ ടിം പെയിന്റെ കൈകളിലെത്തി.
അതോടെയാണ് കോഹ്‌ലി - പൂജാര കൂട്ടുകെട്ട് പിറക്കുന്നത്. ഓസ്‌ട്രേലിയൻ കാണികളിൽ ചിലരുടെ കൂക്കിവിളികൾക്ക് ബാറ്റ് കൊണ്ട് മറുപടി കൊടുത്ത ക്യാപ്റ്റൻ ഫോമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിൽ പ്രതീക്ഷ വളർത്തി. 104 പന്ത് നേരിട്ട ഇന്ത്യൻ ക്യാപ്റ്റൻ മൂന്ന് സെഞ്ചുറികളും പായിച്ചു. അതിനിടെ മറ്റൊരു നാഴികക്കല്ല് പിന്നിടുകയും ചെയ്തു. സചിൻ ടെണ്ടുൽക്കർക്കും, രാഹുൽ ദ്രാവിഡിനും ശേഷം ഓസ്‌ട്രേലിയൻ മണ്ണിൽ 1000 റൺസ് തികക്കുന്ന ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന നേട്ടം. എന്നാൽ ലിയോണിന്റെ കുത്തിത്തിരഞ്ഞ പന്ത് കോഹ്‌ലിയുടെ പോരാട്ടത്തിന് വിരാമം കുറിച്ചു.
രാവിലെ ഏഴിന് 191 എന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 44 റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്തായി. ടോപ് സ്‌കോറർ ഹെഡിനെ മുഹമ്മദ് ഷമി വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്റെ കൈകളിലെത്തിച്ചതോടെ ആതിഥേയരുടെ കഥ കഴിഞ്ഞുവെന്ന് കരുതിയതാണ്. എന്നാൽ ലിയോണും (24) സ്റ്റാർക്കും (15) ചെറുത്തുനിന്നു.
ഒമ്പതാം വിക്കറ്റിൽ ഇരുവരും 31 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്ത്യക്കു വേണ്ടി ജസ്പ്രീത് ബുംറയും ആർ. അശ്വിനും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ഷമിക്കും ഇശാന്ത് ശർമക്കും രണ്ട് വിക്കറ്റ് വീതം കിട്ടി.