ഭുവനേശ്വർ- നിർണായക വേളയിൽ അത്യുജ്വല പ്രകടനത്തിലൂടെ ഇന്ത്യ ലോകകപ്പ് ഹോക്കി ക്വാർട്ടറിൽ. കാനഡയെ 5-1 ന് തകർത്തതോടെ സി ഗ്രൂപ്പ് ജേതാക്കളായാണ് ഇന്ത്യയുടെ കുതിപ്പ്. അവസാന 15 മിനിറ്റിൽ നാല് ഗോളുകളാണ് ഇന്ത്യ അടിച്ചത്. രണ്ട് ഗോളടിച്ച ലളിത് ഉപാധ്യായയാണ് മാൻ ഓഫ് ദി മാച്ച്. നേരത്തെ ബെൽജിയം 5-1 ന് ദക്ഷിണാഫ്രിക്കയെ തകർത്തതോടെ ഇന്ത്യക്ക് ക്വാർട്ടറിൽ കടക്കാൻ കാനഡക്കെതിരെ ജയം അനിവാര്യമായിരുന്നു. എന്നാൽ 45 മിനിറ്റു വരെയും പ്രതീക്ഷക്കൊത്ത നിലയിൽ കളിക്കാൻ കഴിയാതിരുന്ന ആതിഥേയർ അവസാന ക്വാർട്ടറിൽ അമ്പേ മാറി. ഒന്നിനു പിറകെ ഒന്നായി കനേഡിയൻ വലയിൽ ഗോളുകൾ പ്രവഹിച്ചു.
പന്ത്രണ്ടാം മിനിറ്റിൽ ഹർമൻപ്രീത് സിംഗിലൂടെ ഇന്ത്യ മുന്നിലെത്തിയതാണ്. രണ്ടാം ക്വാർട്ടർ ഗോൾരഹിതമായിരുന്നു. എന്നാൽ 39 ാം മിനിറ്റിൽ ഫ്‌ളോറിസ് വാൻ സോൻ കാനഡയുടെ സമനില ഗോൾ നേടി.
അവസാന ക്വാർട്ടറിന്റെ തുടക്കം മുതൽ കടന്നാക്രമിക്കുന്ന ഇന്ത്യയെയാണ് കണ്ടത്. 46 ാം മിനിറ്റിൽ ചിഗ്ലൻസെന സിംഗ് ഇന്ത്യക്ക് വീണ്ടും ലീഡ് നേടിക്കൊടുത്തു. തൊട്ടടുത്ത മിനിറ്റിൽ ലളിത് ഉപാധ്യായ അത് 3-1 ആക്കി. 51 ാം മിനിറ്റിൽ ഒഡീഷക്കാരനായ അമിത് ലോഹിദാസ് പെനാൽറ്റി കോർണറിൽനിന്ന് നാലാം ഗോൾ നേടി. അധികം വൈകാതെ ലളിത് ഗോൾ പട്ടിക പൂർത്തിയാക്കി.
തിളക്കമുള്ള വിജയത്തിനിടയിലും ഇന്ത്യയുടെ മുൻനിര താരങ്ങൾ വേണ്ടത്ര ശോഭിക്കാത്തത് കോച്ച് ഹരേന്ദ്ര സിംഗിനെ ആശങ്കപ്പെടുത്തുന്നുണ്ട്. മൻദീപ് സിംഗ്, ദിൽപ്രീത് സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവർ പഴയ ഫോമിലല്ല. ക്വാർട്ടറിൽ കരുത്തരായ എതിരാളികൾക്ക് മുന്നിലെത്തുമ്പോൾ ഇത് ഇന്ത്യക്ക് വെല്ലുവിളിയാവും. ഒരുവേള ഹോളണ്ടോ പാക്കിസ്ഥാനോ ആവും ക്വാർട്ടറിൽ ഇന്ത്യക്കു മുന്നിലെത്തുക.