ചെന്നൈ - രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഈ സീസണിൽ കേരളം തുടർച്ചയായ രണ്ടാം തോൽവിയിലേക്ക്. തമിഴ്‌നാടിനോട് ഒന്നാമിന്നിംഗ്‌സിൽ 116 റൺസ് ലീഡ് വഴങ്ങിയ കേരളം രണ്ടാമിന്നിംഗ്‌സിലും ഒന്നിന് 27 എന്ന നിലയിൽ പതറുകയാണ്. ഒമ്പത് വിക്കറ്റ് കയ്യിലുള്ള കേരളത്തിന് അവസാന ദിവസം ജയിക്കണമെങ്കിൽ ഏറെക്കുറെ അസാധ്യമായ 342 റൺസ് എന്ന ലക്ഷ്യമാണുള്ളത്.
ഒന്നാമിന്നിംഗ്‌സിൽ വെറും 152 ന് പുറത്തായ കേരളത്തിന് വലിയ വെല്ലുവിളിയാണ് റാഹിൽ ഷായുടെ നേതൃത്വത്തിലുള്ള തമിഴ്‌നാട് ബൗളിംഗ് നിര.
ക്യാപ്റ്റൻ ബി. ഇന്ദ്രജിത്തിന്റെയും (92) ഓപ്പണർ കെ.എം. ജോസഫിന്റെയും (59) തകർപ്പൻ അർധ സെഞ്ചുറികളുമായി ഏഴ് വിക്കറ്റിന് 252 റൺസെടുത്ത് ഡിക്ലയർ ചെയ്ത തമിഴ്‌നാട്, മൊത്തം 369 റൺസിന്റെ വിജയ ലക്ഷ്യമാണ് കേരളത്തിന് മുന്നിൽ വെച്ചിരിക്കുന്നത്. എന്നാൽ ഓപണർ ജലജ് സക്‌സേനയെ ടി. നടരാജൻ പുറത്താക്കിയത് കേരളത്തിന് തിരിച്ചടിയായി. സ്റ്റംപെടുക്കുമ്പോൾ അരുൺ കാർത്തിക്കും (12), സിജോമോൻ ജോസഫുമാണ് (1) ക്രീസിൽ.