കോഴിക്കോട്- ഐക്യ മുജാഹിദ് പ്രസ്ഥാനത്തിൽ നിന്ന് ഇനിയൊരു പിൻനടത്തമില്ലെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. ഉത്തരമേഖലാ സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മുജാഹിദ് പ്രസ്ഥാനത്തിലെ ഐക്യം ആദർശപരം തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഐക്യം ഒരു ദിവസം കൊണ്ട് രൂപപ്പെട്ടതല്ല. പല തലങ്ങളിലും വിശദമായ ചർച്ചകൾക്ക് ശേഷമാണ് യാഥാർഥ്യമായത്.
ഒന്നിച്ചു നിൽക്കണമെന്ന് ബോധ്യപ്പെട്ട ശേഷം എടുത്ത തീരുമാനമാണത്. എല്ലാ കാര്യങ്ങളും ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരും അതിൽ പങ്കാളികളായിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഐക്യമില്ലാതെ ഇനിയൊരു പ്രവർത്തനമില്ല. എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടെങ്കിൽ അവ ഇനിയും ചർച്ച ചെയ്യാനും പരിഹരിക്കാനും കഴിയും.
പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾ ഒന്നിച്ചു നടത്താൻ തീരുമാനിച്ചതാണ്. നിലവിൽ നടന്നുവരുന്ന ഒരു പ്രവർത്തനത്തിനും തടസ്സമില്ല.
മുജാഹിദ് പ്രസ്ഥാനം ഒരു നദിയാണ്. ഇത് ഒഴുകുകയാണ്. ഇതിൽ ആരും നേതാക്കളല്ല. ഉള്ളത് ഭാരവാഹികളാണ്. ഭാരം വഹിക്കുന്നവർ. അവരും ഇത് എന്റെ വകയാണ് എന്ന് കരുതുന്നില്ല. ഇവിടെയിപ്പോൾ ഇരിക്കുന്നവരായിരുന്നില്ല ഇതിനെ മുമ്പ് നയിച്ചത്. ഇപ്പോൾ ഇവരാണെന്നേയുള്ളൂ. അത് ദൈവത്തിന്റെ അനുഗ്രഹമാണ്. നാളെ ഇവരൊന്നുമായിരിക്കില്ല നയിക്കുക -അദ്ദേഹം പറഞ്ഞു.