ജിദ്ദ - ടാക്‌സി ഡ്രൈവർമാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ പ്രതികളായ രണ്ടു ബാലന്മാർക്ക് ജിദ്ദ ക്രിമിനൽ കോടതി വിധിച്ച ശിക്ഷ മക്ക അപ്പീൽ കോടതി ശരിവെച്ചു. ഇരുവർക്കും മൂന്നു വർഷം തടവും 100 ചാട്ടയടിയുമാണ് ജിദ്ദ ക്രിമിനൽ കോടതി നേരത്തെ വിധിച്ചത്. ടാക്‌സികൾ ട്രിപ്പ് വിളിച്ച് വിജനമായ സ്ഥലത്തു വെച്ച് കളിത്തോക്കുകൾ ചൂണ്ടി ഡ്രൈവർമാരെ ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുകയാണ് പ്രതികൾ ചെയ്തിരുന്നത്. ഈ രീതിയിൽ 25,000 റിയാൽ പ്രതികൾ കവർന്നതായി കണ്ടെത്തിയിരുന്നു.
സംഘത്തിന്റെ ആക്രമണത്തിനിരയായി പണം നഷ്ടപ്പെട്ട ഏതാനും ടാക്‌സി ഡ്രൈവർമാർ പോലീസിൽ പരാതികൾ നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ അറസ്റ്റിലായത്. ടാക്‌സി ഡ്രൈവർമാരെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം തട്ടിപ്പറിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് പ്രതികളിൽ ഒരാളുടെ മൊബൈൽ ഫോണിൽ കണ്ടെത്തിയിരുന്നു.