റിയാദ് - ഫ്രാൻസ് അടക്കമുള്ള വൻകിട വ്യവസായ രാജ്യങ്ങൾ ഇന്ധനത്തിന് ഇരട്ടിയോളം നികുതി ചുമത്തുന്നതായി ഒപെക് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇന്ധന നികുതിയുടെ പേരിൽ ഫ്രാൻസിൽ വലിയ തോതിലുള്ള ജനകീയ പ്രക്ഷോഭങ്ങൾ നടന്നുവരികയാണ്. 2017 ൽ ജി-7 രാജ്യങ്ങൾ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്ത ഓരോ ബാരൽ എണ്ണക്കും ശരാശരി 101.5 ഡോളർ തോതിൽ നികുതി ചുമത്തിയെന്നാണ് കണക്ക്. കഴിഞ്ഞ വർഷം ക്രൂഡ് ഓയിലിന്റെ ശരാശരി വില 54.7 ഡോളറായിരുന്നു. ഇതിന്റെ 186 ശതമാനത്തിന് തുല്യമായ തുകയാണ് ജി-7 രാജ്യങ്ങൾ നികുതിയായി ചുമത്തിയത്.
അമേരിക്ക, കാനഡ, ജപ്പാൻ, ഫ്രാൻസ്, ജർമനി, ഇറ്റലി, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് ജി-7 അംഗങ്ങൾ. ഇന്ധനത്തിന് ഭീമമായ തുക നികുതി ചുമത്തുന്ന ഫ്രാൻസ് അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളുടെ ശൈലിയെ സൗദി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് അടുത്തിടെ വിമർശിച്ചിരുന്നു. എല്ലാവർക്കും താങ്ങാനാകുന്ന നിരക്കിൽ ഇന്ധനം ലഭ്യമാക്കുന്നതിനുള്ള എണ്ണയുൽപാദക രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് യൂറോപ്യൻ ഗവൺമെന്റുകളുടെ ഭാഗത്തുള്ള ഇത്തരം നടപടികൾ പ്രതിബന്ധം സൃഷ്ടിക്കുന്നതായി സൗദി ഊർജ, വ്യവസായ മന്ത്രി പറഞ്ഞു.
ജി-7 രാജ്യങ്ങളിൽ ഇറ്റലിയാണ് ഏറ്റവും കൂടുതൽ ഇന്ധന നികുതി ഈടാക്കുന്നത്. ഒരു ബാരൽ ക്രൂഡ് ഓയിലിന് 157.35 ഡോളർ തോതിൽ ഇറ്റലി നികുതി ചുമത്തുന്നു. കഴിഞ്ഞ വർഷം ഇറ്റലി ഇന്ധന നികുതി 3.8 ശതമാനം തോതിൽ വർധിപ്പിച്ചു. ബാരലിന് 5.74 ഡോളർ തോതിലാണ് ഇറ്റലി നികുതി ഉയർത്തിയത്. ജി-7 രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന ഇന്ധന നികുതി ബാധകമാക്കുന്ന രണ്ടാമത്തെ രാജ്യം ബ്രിട്ടനാണ്. ബ്രിട്ടൻ വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് 154.89 ഡോളർ നികുതി ഈടാക്കുന്നു. എന്നാൽ ബ്രിട്ടൻ കഴിഞ്ഞ വർഷം ഇന്ധന നികുതി 2.7 ശതമാനം (4.32 ഡോളർ) കുറച്ചിരുന്നു. ജി-7 രാജ്യങ്ങളുടെ കൂട്ടത്തിൽ ബ്രിട്ടനിൽ മാത്രമാണ് കഴിഞ്ഞ വർഷം ഇന്ധന നികുതി കുറഞ്ഞത്. 2016 ൽ ബ്രിട്ടനിൽ ഒരു ബാരൽ എണ്ണക്ക് 159.21 ഡോളറായിരുന്നു നികുതി.
ഫ്രാൻസിൽ 134.25 ഡോളറായിരുന്നു കഴിഞ്ഞ കൊല്ലം ഇന്ധന നികുതി. ഫ്രാൻസിൽ കഴിഞ്ഞ വർഷം ഇന്ധന നികുതി 8.2 ശതമാനം തോതിൽ വർധിച്ചു. 2016 ൽ ഇറക്കുമതി ചെയ്യുന്ന ഒരു ബാരൽ ക്രൂഡ് ഓയിലിന് ഫ്രാൻസിൽ 124.02 ഡോളറായിരുന്നു നികുതി. ജർമനിയിൽ കഴിഞ്ഞ വർഷം 124.06 ഡോളറാണ് ഒരു ബാരൽ എണ്ണക്ക് നികുതിയായി ഈടാക്കിയത്. 2016 ൽ ഇത് 118.99 ഡോളറായിരുന്നു. ഇന്ധന നികുതിയിൽ 4.3 ശതമാനം വർധനവാണ് ജർമനിയിൽ കഴിഞ്ഞ വർഷമുണ്ടായത്. ജപ്പാനിൽ കഴിഞ്ഞ വർഷം ഇന്ധന നികുതി 69.33 ഡോളറായിരുന്നു. 2016 ൽ ഇത് 68.75 ഡോളറായിരുന്നു. ജപ്പാനിൽ നാമമാത്രമായ (0.8 ശതമാനം) വർധനവ് മാത്രമാണ് ഇന്ധന നികുതിയിലുണ്ടായത്.
കാനഡ കഴിഞ്ഞ വർഷം ഇറക്കുമതി ചെയ്യുന്ന ഓരോ ബാരൽ ക്രൂഡ് ഓയിലിനും 47.22 ഡോളർ തോതിൽ നികുതി ഈടാക്കി. 2016 ൽ ഇത് 44.41 ഡോളറായിരുന്നു. കാനഡയിൽ കഴിഞ്ഞ കൊല്ലം ഇന്ധന നികുതി 6.3 ശതമാനം തോതിൽ വർധിച്ചു. ജി-7 രാജ്യങ്ങളിൽ ഇന്ധന നികുതി ഏറ്റവും കുറവ് അമേരിക്കയിലാണ്. വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യുന്ന ഓരോ ബാരൽ ക്രൂഡ് ഓയിലിനും അമേരിക്ക 23.24 ഡോളർ തോതിലാണ് കഴിഞ്ഞ വർഷം നികുതി ഈടാക്കിയത്. 2016 ൽ അമേരിക്കയിൽ ഇന്ധന നികുതി 22.16 ഡോളറായിരുന്നു. കഴിഞ്ഞ വർഷം അമേരിക്കയിൽ ഇന്ധന നികുതി 4.9 ശതമാനം തോതിൽ ഉയർന്നതായും കണക്കുകൾ വ്യക്തമാക്കുന്നു.