റിയാദ് - നിയമ ലംഘനങ്ങൾ നടത്തിയതിന് നാലു സ്‌പോർട്‌സ് മാധ്യമ പ്രവർത്തർക്ക് സൗദി സ്‌പോർട്‌സ് മീഡിയ ഫെഡറേഷൻ വിലക്കേർപ്പെടുത്തി. മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്നാണ് ഇവർക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. ഇവർക്കെതിരായ കേസ് മീഡിയ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുമുണ്ട്. നിയമ ലംഘനങ്ങൾക്കും പൊതുജന വികാരം ഇളക്കിവിടുന്നതിനും ശ്രമിച്ചതിന് ടി.വി ചാനലുകളിലെ രണ്ടു സ്‌പോർട്‌സ് പ്രോഗ്രാമുകൾക്കെതിരായ കേസും പ്രത്യേക കമ്മിറ്റിക്ക് കൈമാറിയിട്ടുണ്ട്.
മാധ്യമ പ്രവർത്തന ധാർമികതക്ക് നിരക്കാത്ത നിലക്ക് മറ്റുള്ളവർക്ക് അപകീർത്തിയുണ്ടാക്കിയതാണ് സ്‌പോർട്‌സ് മാധ്യമ പ്രവർത്തകർക്കും സ്‌പോർട്‌സ് പ്രോഗ്രാമുകൾക്കും എതിരായ നടപടിക്ക് കാരണമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. ഓഡിയോവിഷ്വൽ മീഡിയ നിയമാവലി അംഗീകരിച്ച പശ്ചാത്തലത്തിൽ നിയമ ലംഘകർക്കെതിരായ നടപടികൾ വേഗത്തിലാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്യുന്നതിന് സൗദി സ്‌പോർട്‌സ് മീഡിയ ഫെഡറേഷൻ, ജനറൽ കമ്മീഷൻ ഫോർ ഓഡിയോവിഷ്വൽ മീഡിയ, മീഡിയ മന്ത്രാലയ പ്രതിനിധികൾ അടുത്തിടെ യോഗങ്ങൾ ചേർന്നിരുന്നു. ഓഡിയോവിഷ്വൽ മീഡിയ നിയമം ലംഘിക്കുന്നവർക്ക് ഒരു കോടി റിയാൽ വരെ പിഴ ചുമത്തുന്നതിന് നിയമാവലി അനുശാസിക്കുന്നുണ്ട്.