റിയാദ് - സൗദി നീതിന്യായ മന്ത്രാലയത്തിന്റെ ചരിത്രത്തിൽ ആദ്യമായി വനിതാ ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിപ്പിച്ചു. വനിതകളെ നിയമിക്കുന്നതിന് ആഗ്രഹിക്കുന്നതായി കഴിഞ്ഞ വർഷം നീതിന്യായ മന്ത്രാലയം പ്രഖ്യാപിക്കുകയും ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുകയും ചെയ്തിരുന്നു. നീതിന്യായ മന്ത്രാലയത്തിൽ അഞ്ചു മേഖലകളിൽ വനിതകൾക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന് വകുപ്പ് മന്ത്രിയും സുപ്രീം ജുഡീഷ്യറി കൗൺസിൽ പ്രസിഡന്റുമായ ഡോ. വലീദ് അൽസ്വംആനി നിർദേശം നൽകിയിരുന്നു.
നീതിന്യായ മന്ത്രാലയ പുനഃസംഘടനയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച വനിതാ വിഭാഗം തയാറാക്കിയ പരിശീലന പ്രോഗ്രാം വനിതാ ജീവനക്കാർ പൂർത്തിയാക്കിയിട്ടുണ്ട്. മന്ത്രിസഭയുടെ അനുമതിയോടെ രണ്ടു മാസം മുമ്പാണ് വനിതാ വിഭാഗം സ്ഥാപിച്ച് നീതിന്യായ മന്ത്രാലയം പുനഃസംഘടിപ്പിച്ചത്. വനിതകൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് അടക്കമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിട്ടത്. ഇതുവരെ നീതിന്യായ മന്ത്രാലയത്തിൽ പുരുഷ ഉദ്യോഗസ്ഥരുടെ സമ്പൂർണ കുത്തകയായിരുന്നു. നീതിന്യായ മന്ത്രാലയത്തിലെ വനിതാ ഉദ്യോഗസ്ഥർക്ക് റിയാദിലെ ജസ്റ്റിസ് ട്രെയിനിംഗ് സെന്ററിൽ പരിശീലനം നൽകിയിരുന്നു.
കോടതികളിലെയും നോട്ടറി പബ്ലിക് ഓഫീസുകളിലെയും റിസപ്ഷൻ, ഗൈഡൻസ്, കേസ് ഷീറ്റ് മാനേജ്‌മെന്റ്, അപ്പോയിന്റ്‌മെന്റ്, അനുരഞ്ജന വിഭാഗം, ഫാമിലി ഗൈഡൻസ് വിഭാഗങ്ങളിലാണ് വനിതാ ജീവനക്കാർ സേവനമനുഷ്ഠിക്കുന്നതെന്ന് നീതിന്യായ മന്ത്രാലയത്തിലെ വനിതാ വിഭാഗം ഡയറക്ടർ ഫാത്തിമ അൽശുറൈം പറഞ്ഞു. ഇതിനു പുറമെ നീതിന്യായ മന്ത്രാലയത്തിൽ പുതുതായി സ്ഥാപിച്ച, വനിതാ ഉപയോക്താക്കളുടെ പരാതി സ്വീകരണ, ഫോളോഅപ്, ഡിജിറ്റൽ ടെക്‌നോളജി വിഭാഗങ്ങളിലും വനിതകൾ സേവനമനുഷ്ഠിക്കുന്നതായും ഫാത്തിമ അൽശുറൈം പറഞ്ഞു.