റിയാദ് - സ്വകാര്യ വിമാന കമ്പനിയായ നെസ്മ എയർലൈൻസ് ഏതാനും ആഭ്യന്തര സെക്ടറുകളിൽ സർവീസുകൾ നിർത്തിവെച്ചു. റിയാദ്, ജിദ്ദ, ഹായിൽ നഗരങ്ങൾക്കിടയിലെ സർവീസുകളാണ് കമ്പനി നിർത്തിവെച്ചത്. ഹായിൽ എയർപോർട്ട് കേന്ദ്രമാക്കി ഉത്തര സൗദിയിലെ ഏതാനും എയർപോർട്ടുകളിലേക്ക് നെസ്മ എയർലൈൻസ് ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്.
ഹായിൽ കേന്ദ്രമായി ഉത്തര സൗദിയിലെ എയർപോർട്ടുകളിലേക്ക് നടത്തുന്ന സർവീസുകൾക്ക് നെസ്മ എയർലൈൻസിന് സർക്കാറിൽ നിന്ന് സഹായം ലഭിക്കുന്നുണ്ട്. ഈ സർവീസുകൾ നിലനിർത്തി മറ്റു ആഭ്യന്തര വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ കമ്പനി നിർത്തിവെക്കുകയായിരുന്നു. ജിദ്ദ, റിയാദ് സർവീസുകൾ നിർത്തിവെക്കുന്നതിന് കമ്പനിയെ പ്രേരിപ്പിച്ച കാരണം വ്യക്തമല്ല. ജിദ്ദ, റിയാദ് സർവീസുകൾ വിമാന കമ്പനികളെ സംബന്ധിച്ചേടത്തോളം ഏറ്റവും ലാഭകരമായ സർവീസുകളാണെന്നും ഈ റൂട്ടുകളിൽ വർഷത്തിൽ എല്ലാ കാലത്തും ഉയർന്ന തോതിൽ യാത്രക്കാരുണ്ടാകാറുണ്ടെന്നും വ്യോമയാന വ്യവസായ മേഖലയിലെ വിദഗ്ധർ പറഞ്ഞു.