ഹായിൽ - പെട്രോൾ ബങ്ക് തൊഴിലാളിയായ വിദേശിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന സംഘത്തിനു വേണ്ടി സുരക്ഷാ വകുപ്പുകൾ ഊർജിതമായ അന്വേഷണം നടത്തുന്നു. അൽനഖ്‌റ ഡിസ്ട്രിക്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ ബങ്കിലെ ജീവനക്കാരനെയാണ് സംഘം തട്ടിക്കൊണ്ടുപോയി മർദിച്ച് 5,000 റിയാലും മൊബൈൽ ഫോണും കവർന്നത്. തൊഴിലാളിയെ പിന്നീട് സംഘം അൽമതാർ ഡിസ്ട്രിക്ടിൽ ഇറക്കിവിട്ടു.
സംഘം തൊഴിലാളിയെ പിടിച്ചുവലിച്ചും മർദിച്ചും കാറിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ പെട്രോൾ ബങ്കിലെ നിരീക്ഷണ ക്യാമറകൾ പകർത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ മറ്റു ഉപയോക്താക്കളില്ലാത്ത തക്കം നോക്കി ഇന്ധനം നിറക്കുന്നതിന് ബങ്കിലെത്തിയ സംഘമാണ് തൊഴിലാളിയെ തട്ടിക്കൊണ്ടുപോയി പണവും മൊബൈൽ ഫോണും കവർന്നത്. സ്‌പോർട്‌സ് കാറിലെത്തിയ സംഘം തൊഴിലാളിയോട് എണ്ണയടിക്കുന്നതിന് ആവശ്യപ്പെടുകയായിരുന്നു. ഇന്ധനം നിറച്ചുകഴിഞ്ഞ് ടാങ്കിന്റെ മൂടി അടച്ച് പമ്പ് തിരികെവെക്കുന്നതിന് തൊഴിലാളി തിരിഞ്ഞ തക്കത്തിൽ അപ്രതീക്ഷിതമായി സംഘം പിന്നിലൂടെ എത്തി തൊഴിലാളിയെ കാറിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയായിരുന്നു. സംഘത്തെ ചെറുക്കുന്നതിന് തൊഴിലാളി കിണഞ്ഞു ശ്രമിച്ചെങ്കിലും വിജയിച്ചില്ല. വിദേശിയെ മർദിച്ചും തൊഴിച്ചും കാറിലേക്ക് തള്ളിക്കയറ്റി സംഘം കാറുമായി മിന്നൽ വേഗത്തിൽ കടന്നുകളഞ്ഞു. ആക്രമണത്തിൽ തൊഴിലാളിക്ക് കാര്യമായ പരിക്കുകൾ പറ്റിയിട്ടില്ല. തൊഴിലാളി വൈകാതെ ബങ്കിൽ ജോലിക്കെത്തി.