ആലപ്പുഴ- കവിത കോപ്പിയടിച്ച വിവാദത്തില്‍പ്പെട്ട തൃശൂര്‍ കേരള വര്‍മ കോളെജ് മലയാളം അധ്യാപിക ദീപ നിശാന്ത് സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന് വിധി കര്‍ത്താവായി എത്തിയത് പ്രതിഷേധത്തിനിടക്കായി. ആര്‍.എസ്.എസ് വിദ്യാര്‍ത്ഥി വിഭാഗമായ എ.ബി.വി.പി, കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ദീപയേയും മറ്റു രണ്ടു വിധികര്‍ത്താക്കളേയും മറ്റൊരിടത്തേക്കു മാറ്റി. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. മലയാള ഉപന്യാസ മത്സരത്തിന് മാര്‍ക്കിടാനാണ് ദിപ എത്തിയത്. മൂല്യ നിര്‍ണയ വേദിയായ കോ-ഓപറേറ്റീവ് സൊസൈറ്റ് ഹാളിനു മുന്നിലേക്കാണ് പ്രതിഷേധക്കാര്‍ എത്തിയത്. ദീപ എത്തിയാല്‍ പ്രതിഷേധമുണ്ടാകാനുള്ള സാധ്യത മുന്‍നിര്‍ത്തി എല്‍.എം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ മൂല്യ നിര്‍ണയ വേദി ഇങ്ങോട്ട് മാറ്റിയതായിരുന്നു. ദീപയെ മാറ്റണമെന്ന് ആവശ്യം ഉയര്‍ന്നെങ്കിലും ദീപയെ വിധികര്‍ത്താവായി ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത് കോപ്പിയടി വിവാദത്തിനു മുമ്പാണെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
എസ്. കലേഷിന്റെ കവിത സ്വന്തം പേരില്‍ ദീപ പ്രസിദ്ധീകരിച്ചതാണ് സാഹിത്യ മോഷണ വിവാദമുണ്ടാക്കിയത്. ദീപയുടെ സുഹൃത്തായ എം.ജെ ശ്രീചിത്രന്‍ താന്‍ എഴുതിയതെന്ന് പറഞ്ഞ് നല്‍കിയ കവിത സ്വന്തം പേരില്‍ പ്രസിദ്ധീകരിച്ചത് തെറ്റായെന്ന് വ്യക്തമാക്കിയ ദീപ മാപ്പും പറഞ്ഞിരുന്നു.