കണ്ണൂര്‍- വടക്കെ മലബാറിന്റെ വികസനത്തില്‍ പുതിയ ചിറകാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന അന്താരാഷ്ട്ര വിമാനത്താവളം നാളെ നാടിന് സമര്‍പ്പിക്കും. രാവിലെ 9.55ന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേര്‍ന്ന് ആദ്യ വിമാനം ഫ് ളാഗ് ഓഫ് ചെയ്യും.
ഉദ്ഘാടനച്ചടങ്ങിനുളള അവസാന ഒരുക്കങ്ങളിലാണ് മട്ടന്നൂര്‍. ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന വിളംബര ഘോഷയാത്രയില്‍ ആയിരങ്ങളാണ് അണിനിരന്നത്. പാലോട്ട് പളളിയില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രക്ക് മന്ത്രിമാരായ ഇ.പി ജയരാജന്‍,കടന്നപ്പളളി രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
നാളെ രാവിലെ ഏഴരയോടെ ഉദ്ഘാടന വേദി ഉണരും. മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയുടെ കേളികൊട്ട് അടക്കമുളള കലാപരിപാടികള്‍ അരങ്ങേറും. 9.55ന് മുഖ്യമന്ത്രി, കേന്ദ്ര വ്യോമയാന മന്ത്രി എന്നിവര്‍ ചേര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അബുദബിയിലേക്കുളള വിമാനം ഫ് ളാഗ് ഓഫ് ചെയ്യും. പത്ത് മണിയോടെ മുഖ്യവേദിയില്‍ ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ഒരു ലക്ഷത്തിലധികം പേര്‍ ഉദ്ഘാടന ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ.
മട്ടന്നൂരിലും പരിസരത്തും ഗതാഗത നിയന്ത്രണങ്ങളും പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളും ഏര്‍പ്പെടുത്തി. സുരക്ഷാചുമതലക്കായി കണ്ണൂര്‍ ജില്ലാ പോലീസ് ചീഫിന്റെ നേതൃത്വത്തില്‍ 11 ഡിവൈഎസ്പിമാര്‍, 57 സിഐമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍, 765 പോലീസുകാര്‍, 80 ഓളം വനിതാ പോലീസുകാര്‍ എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡിന്റെയും പോലീസിന്റെയും പരിശോധന ഉണ്ടായിരിക്കും. പോലീസ് സുരക്ഷാ ക്രമീകരണത്തിനായി 50 ഓളം മൊബൈല്‍ പട്രോളുകളും ബൈക്ക് പട്രോളുകളും ഏര്‍പ്പെടുത്തും. പ്രവേശന പാസ്സുള്ളവരെ മാത്രമെ അതത് വിഭാഗത്തിലേക്ക് കടത്തിവിടുകയുള്ളൂ. പാസ്സില്‍ അനുവദിച്ചവെരെ മാത്രമേ സംവരണം ചെയ്യപ്പെട്ട പന്തലില്‍ പ്രവേശിക്കാന്‍ അനുവദിക്കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.
പൊതുജനങ്ങള്‍ക്കായി പനയത്താംപറമ്പ് പാര്‍ക്കിങ് ഏരിയയില്‍നിന്നും രാവിലെ ആറു മുതല്‍ ചാലോട് വായന്തോട് വഴി വിമാനത്താവളത്തിലേക്കും അഞ്ചരക്കണ്ടി വഴി പനയത്താംപറമ്പ് പാര്‍ക്കിങ് സ്ഥലത്തേക്കും 40 ഓളം ബസ്സുകള്‍ സര്‍വീസ് നടത്തും. മട്ടന്നൂര്‍ ബസ്സ്റ്റാന്‍ഡ് മട്ടന്നൂര്‍ ഹൈസ്‌കൂള്‍, പോളിടെക്‌നിക് പാര്‍ക്കിങ് ഗ്രൗണ്ട്, ചാവശേരി എന്നിവിടങ്ങളില്‍നിന്നും 50 ഓളം ബസ്സുകള്‍ വിമാനത്താവളത്തിലേക്കും തിരിച്ചും സൗജന്യ സര്‍വീസ് നടത്തും.
ചാലോട്, മട്ടന്നൂര്‍, ഉരുവച്ചാല്‍, അഞ്ചരക്കണ്ടി ഭാഗങ്ങളില്‍നിന്നും വിമാനത്താവളത്തിലേക്ക് പാസ് ലഭിച്ച സ്വകാര്യ വാഹനങ്ങളെ മാത്രമെ കടത്തി വിടുകയുള്ളൂ. സ്വകാര്യ ബസ്സുകള്‍, ഇരുചക്ര, നാലുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രവേശന പാസില്ലാത്ത വാഹനങ്ങള്‍ അനുവദിക്കില്ല.
പാസില്‍ അനുവദിച്ച പാര്‍ക്കിങ് ഗ്രൗണ്ടിന്റെ നമ്പറില്‍ മാത്രമേ വാഹനങ്ങള്‍ പാര്‍ക് ചെയ്യാന്‍ പാടുള്ളൂ.
പനയത്താംപറമ്പ്, മട്ടന്നൂര്‍ പോളിടെക്‌നിക് ഗ്രൗണ്ട്, മട്ടന്നൂര്‍ ഹൈസ്‌കൂള്‍ ഗ്രൌണ്ട്, ചാവശേരി എന്നിവിടങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാവുന്നതാണ്. പനയത്താംപറമ്പ് -ചാലോട്- മട്ടന്നൂര്‍, വായന്തോട്, കീഴല്ലൂര്‍, അഞ്ചരക്കണ്ടി പനയത്താംപറമ്പ് റൂട്ടില്‍ വാഹന പാര്‍ക്കിങ് അനുവദിക്കില്ല. പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ ക്രയിന്‍ ഉപയോഗിച്ച് നീക്കി ചെലവ് ഉടമകളില്‍നിന്ന് ഈടാക്കും. ഇരിട്ടി ഭാഗത്തുനിന്നും കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന സ്വകാര്യ ബസ്സുകളും മറ്റ് വാഹനങ്ങളും ഇരിക്കൂര്‍, ചാലോട് വഴി കണ്ണൂരിലേക്കും തിരിച്ചും അതേപോലെ പോകണം
ഇരിട്ടി ഭാഗത്തുനിന്നും, കൂത്തുപറമ്പ്, തലശേരി ഭാഗത്തേക്ക് പോകുന്ന ബസ്സുകളും സ്വകാര്യ വാഹനങ്ങളും പയഞ്ചേരിയില്‍നിന്നും കാക്കയങ്ങാട്, തില്ലങ്കേരി, ശിവപുരം വഴി ഉരുവച്ചാല്‍ എത്തിച്ചേര്‍ന്നു യാത്ര തുടരണം. കൂത്തുപറമ്പില്‍നിന്നും മട്ടന്നൂര്‍- ഇരിട്ടി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ഉരുവച്ചാലില്‍നിന്നും ശിവപുരം- തില്ലങ്കേരി വഴി പോകണം.