വടകര- വിവാഹ ചടങ്ങിനിടയിൽ സ്വർണാഭരണം കവർന്ന സ്ത്രീ അറസ്റ്റിൽ. തലശേരി കായ്യാത്ത് റോഡിലെ ഷാജഹാൻ മൻസിൽ റഹീസിന്റെ ഭാര്യ റസ്‌ല(41)യെയാണ് വടകര സി എ ടി മധുസൂധനൻ നായരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വെള്ളികുളങ്ങരയിലൈ ഒരു സ്വകാര്യ ഓഡിറ്റോറിയത്തിൽ നടന്ന കല്യാണത്തിനിടയിൽ കല്ലേരി കണ്ടിയിൽ അപനാസിന്റെ അഞ്ചു വയസ്സുള്ള കുട്ടിയുടെ സ്വർണ വള അപഹരിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഒക്ടോബർ 27 നാണ് സംഭവം. സ്വർണാഭരണം തലശേരിയിലെ ഒരു ജ്വല്ലറിയിൽ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മോഷണ ദൃശ്യങ്ങൾ സി സി ടി വി യിൽ നിന്ന് വ്യക്തമായതോടെയാണ് അറസ്റ്റ്. നന്നായി വസ്ത്രധാരണം ചെയ്താണ് വിവാഹ ചടങ്ങിനെത്തുക. സംശയം തോന്നാത്ത വിധം പെരുമാറുകയും തിരിക്കിനിടയിൽ സ്വർണാഭരണം കൈക്കലാക്കുകയുമാണ് തന്ത്രമെന്ന് പോലീസ് പറഞ്ഞു.