തബൂക്ക് - അൽവജ്, അൽഉല റോഡിൽ ഇന്നലെയുണ്ടായ വാഹനാപകടത്തിൽ എട്ടു പേർ മരണപ്പെടുകയും അഞ്ചു പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഇന്നലെ ഉച്ചക്ക് കിലോ 50 ലാണ് അപകടം. രണ്ടു സൗദി കുടുംബങ്ങൾ സഞ്ചരിച്ച കാറുകളാണ് അപകടത്തിൽ പെട്ടത്. ഏഴു പേർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വൃദ്ധ ആശുപത്രിയിലേക്കുള്ള മാർഗമധ്യേയാണ് അന്ത്യശ്വാസം വലിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ കാറുകൾ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പരിക്കേറ്റവരിൽ ചിലരെയും മരിച്ചവരുടെ മൃതദേഹങ്ങളും പുറത്തെടുത്തത്. പരിക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലൻസുകളിൽ അൽഉല പ്രിൻസ് അബ്ദുൽ മുഹ്‌സിൻ ആശുപത്രിയിലേക്ക് നീക്കി.