ദമാം - കിംഗ് സൽമാൻ ഊർജ സിറ്റി പദ്ധതിക്ക് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്ത തിങ്കളാഴ്ച ശിലാസ്ഥാപനം നിർവഹിക്കും. കിഴക്കൻ സൗദിയിൽ ദമാമിനും അൽഹസക്കുമിടയിലാണ് കിംഗ് സൽമാൻ ഊർജ സിറ്റി സ്ഥാപിക്കുന്നത്. ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോ നടത്തിപ്പ് ചുമതല വഹിക്കുന്ന പദ്ധതിക്ക് സ്പാർക് സിറ്റി എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഊർജ മേഖലക്ക് ആവശ്യമായ പശ്ചാത്തല സൗകര്യ രംഗത്ത് പ്രവർത്തിക്കുന്ന സ്പാർക് സിറ്റി 600 കോടി റിയാൽ നിക്ഷേപത്തോടെയാണ് പൂർത്തിയാക്കുന്നത്. ആകെ 50 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള സ്ഥലത്ത് മൂന്നു ഘട്ടമായാണ് പദ്ധതി യാഥാർഥ്യമാക്കുക. ആദ്യ ഘട്ടം 12 ചതുരശ്ര കിലോമീറ്റർ സ്ഥലത്ത് പൂർത്തിയാക്കും.
കിംഗ് സൽമാൻ ഊർജ സിറ്റി നേരിട്ടും അല്ലാതെയും ഒരു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. പദ്ധതി ദേശീയ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവർഷം 2250 കോടി റിയാൽ സംഭാവന ചെയ്യും. ബഖീഖ് നഗരത്തിനും ജി.സി.സി റെയിൽ പാതക്കും സമീപം സ്ഥാപിക്കുന്ന കിംഗ് സൽമാൻ ഊർജ സിറ്റിയിലൂടെ ഉൽപാദനം, സംസ്‌കരണം, പെട്രോകെമിക്കൽ, വൈദ്യുതി, ജലം എന്നീ മേഖലകൾക്ക് ആവശ്യമായ ഉപകരണങ്ങളും സേവനങ്ങളും ലഭ്യമാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഈ അഞ്ചു മേഖലകളിൽ ഗൾഫ് രാജ്യങ്ങൾ പ്രതിവർഷം 37,500 കോടി റിയാൽ ചെലവഴിക്കുന്നുണ്ടെന്നാണ് കണക്ക്.
പ്രാദേശിക, ആഗോള തലത്തിൽ ഊർജ സേവന മേഖലയിൽ നിക്ഷേപം നടത്തുന്നതിന് പ്രോത്സാഹകമായ സാഹചര്യം ഒരുക്കി തന്ത്രപ്രധാന കേന്ദ്രം എന്നോണമുള്ള സൗദി അറേബ്യയുടെ സ്ഥാനം സ്പാർക് സിറ്റി ശക്തമാക്കും. പര്യവേക്ഷണം, സംസ്‌കരണം, പെട്രോകെമിക്കൽ, പരമ്പരാഗത വൈദ്യുതി ഊർജം, ജല സംസ്‌കരണം എന്നീ അഞ്ചു തന്ത്രപ്രധാന മേഖലകൾ സ്പാർക് സിറ്റി ലക്ഷ്യമിടുന്നു. ലോകത്ത് വിശ്വാസയോഗ്യമായ ഏറ്റവും വലിയ ഊർജ വിതരണക്കാർ എന്നോണവും ലോകത്തെ വൻകിട പദ്ധതികളുടെ ഡെവലപ്പർ എന്നോണവുമുള്ള സൗദി അറാംകോയുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിന് പദ്ധതി സഹായിക്കും.
എണ്ണക്കിണർ കുഴിക്കൽ, ഡ്രില്ലിംഗ് റിഗ്ഗുകൾ, ദ്രവപദാർഥ സംസ്‌കരണ ഉപകരണങ്ങൾ, എണ്ണ പര്യവേക്ഷണം, ഉൽപാദനം, പൈപ്പുകൾ, വൈദ്യുതി ഉപകരണങ്ങൾ, ടാങ്കുകൾ, വാൽവുകൾ, പമ്പുകൾ എന്നീ മേഖലകളിൽ സ്പാർക് സിറ്റി സേവനങ്ങൾ നൽകും. സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും എണ്ണ വരുമാനത്തെ ആശ്രയിക്കുന്നത് കുറക്കുന്നതിനും ഉന്നമിടുന്ന വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കുന്നതിൽ സ്പാർക് സിറ്റി വലിയ സംഭാവന നൽകും. 2035 ൽ പൂർണ തോതിൽ നിർമാണം പൂർത്തിയാകുന്ന സ്പാർക് സിറ്റി സൗദി അറേബ്യക്ക് സുസ്ഥിര സാമ്പത്തിക നേട്ടങ്ങൾ നൽകും.
ഊർജ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങളും സേവനങ്ങളും അടങ്ങിയ പുതിയ ദേശീയ മേഖല വികസിപ്പിക്കുന്നതിനുള്ള സൗദി അറാംകോയുടെ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിനും പുതിയ പദ്ധതി സഹായകമാകും. ഊർജ മേഖലാ വ്യവസായവുമായി ബന്ധപ്പെട്ട പ്രാദേശിക ആവശ്യത്തിന്റെ 70 ശതമാനം സ്വന്തമാക്കുന്നതിനും മുപ്പതു ശതമാനം ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിനും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും 2021 ഓടെ സ്പാർക് സിറ്റിക്ക് സാധിക്കും. പദ്ധതിയുടെ ആദ്യ ഘട്ടത്തിലേക്ക് 120 ലേറെ കമ്പനികളെയും നിക്ഷേപകരെയും ആകർഷിക്കുന്നതിന് സൗദി അറാംകോ ചർച്ചകൾ നടത്തിവരികയാണ്. ലോകത്തെ ഏറ്റവും വലിയ ബഹുരാഷ്ട്ര ഓയിൽഫീൽഡ് സർവീസ് കമ്പനിയായ ഷഌബർഗർ എണ്ണക്കിണറുകളും വാതക കിണറുകളും കുഴിക്കുന്ന പ്ലാറ്റ്‌ഫോമുകൾക്ക് ആവശ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്ന കേന്ദ്രം സ്പാർക് സിറ്റിയിൽ സ്ഥാപിക്കുന്നുണ്ട്.
സ്പാർക് സിറ്റി യാഥാർഥ്യമാകുന്നതോടെ സൗദി അറാംകോക്കു കീഴിലെ എണ്ണക്കിണർ കുഴിക്കൽ, എണ്ണ, വാതക കിണർ മെയിന്റനൻസ് ജോലികളുടെ മാനേജ്‌മെന്റ് സൗദി അറാംകോ ഇവിടേക്ക് മാറ്റും. പദ്ധതിയുടെ രൂപകൽപന അടക്കമുള്ള ജോലികൾക്ക് 2017 സെപ്റ്റംബറിൽ തുടക്കമായിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തിന്റെ നിർമാണ ജോലികൾ 2021 ൽ പൂർത്തിയാകും. മധ്യപൗരസ്ത്യ ദേശത്തും ആഫ്രിക്കയിലും യൂറോപ്പിലും ഏഷ്യയിലും ഊർജ മേഖലയുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, സേവനങ്ങൾ എന്നിവയുടെ വളർച്ചയിൽ സ്പാർക് സിറ്റി വലിയ പങ്ക് വഹിക്കും. സ്പാർക് സിറ്റി പ്രദേശത്തെ നിക്ഷേപകർക്ക് ആവശ്യമായ, ഉയർന്ന യോഗ്യകളും നൈപുണ്യവുമുള്ള വിദഗ്ധ തൊഴിലാളികളെ ലഭ്യമാക്കുന്നതിന് ഊർജ മേഖലയുമായി ബന്ധപ്പെട്ട പത്തോളം പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ടാകും. വാണിജ്യ കേന്ദ്രങ്ങൾ, ഹോട്ടലുകൾ, സ്‌കൂളുകൾ, വിനോദ കേന്ദ്രങ്ങൾ തുടങ്ങിയവ പദ്ധതി പ്രദേശത്തെ പാർപ്പിട മേഖലയിലുണ്ടാകും.