'ചാവുകയുമില്ല, കട്ടിലേന്ന് ഒഴിയുകയുമില്ല' -എന്നൊരു പഴഞ്ചൊല്ലുണ്ട്. ശബരിമലയുടെ മുകളിൽനിന്നും കട്ടിലോടെ പൊക്കിയെടുത്ത് സെക്രട്ടറിയേറ്റു നടയിൽ കൊണ്ടുവെച്ച് നടത്തുന്ന ബി.ജെ.പി സമരം കണ്ടാൽ ആരും അത് ഓർത്തുപോകും. രണ്ടാഴ്ച മുമ്പ് അർധരാത്രിയിൽ ഒരു വനിതാ നേതാവിനെ വഴി തടഞ്ഞതു മുതൽ തോരാത്ത മഴ പോലെ പെയ്യുകയായിരുന്നു സമരം. അതൊട്ടു തീരുകയുമില്ല; മനുഷ്യർക്കു സമാധാനത്തോടെ വഴി നടക്കാൻ കഴിയുകയുമില്ല. ഇതിനു തക്കവണ്ണം ഞങ്ങളെന്തു പാപം ചെയ്തു പടച്ചവനേ എന്നു വിളിച്ചുകൊണ്ടാണ് സാമാന്യ ജനത കഴിയുന്നത്. 'സ്‌പെഷ്യൽ കാറ്റഗറി'യുള്ളവർ നാമജപത്തെ മുദ്രാവാക്യമാക്കി ട്യൂൺ ചെയ്തു പാടിപ്പോരുന്നു. ഉച്ചസ്ഥായിയിൽ പാടാൻ കഴിവില്ലാത്ത നേതാക്കളാണ് പാർട്ടിയുടെ ബാൽക്കണിയിൽ കുടിയിരിക്കുന്നതെന്നു സംഘ്പരിവാരങ്ങൾ കണ്ടെത്തിയിരിക്കുന്നു. അതുകൊണ്ടാകണം, ഗവർണർ കുമ്മനം രാജശേഖരനെ മടക്കിവിളിക്കണമെന്ന നിലവിളി ഉയരുന്നത്. സാധാരണയായി വകയ്ക്കു കൊള്ളാത്തവരെയും കേന്ദ്ര താൽപര്യത്തിനൊത്തു നൃത്തമാടാൻ കഴിവില്ലാത്തവരെയുമാണ് ചുരുട്ടിമടക്കുക. കുമ്മനം സൈ്വരമായി മിസോറമിൽ കഴിയുന്നു. അതുകൊണ്ട് ലഭിച്ച കുറച്ചു സൈ്വരത്തോടെ ഇവിടുത്തെ നാട്ടുകാരും കഴിയുന്നു. എന്നാൽ ആ സന്തുലിതാവസ്ഥയ്ക്കു കോട്ടം തട്ടുന്ന ലക്ഷണം കണ്ടു തുടങ്ങി. സെക്രട്ടറിയേറ്റിനു മുന്നിലെ സമരം ആളിക്കത്തിക്കണമെങ്കിൽ കുമ്മനത്തുനിന്നു വിറകും അടപ്പും കൊണ്ടുവന്നാലേ കഴിയൂ എന്നതാണ് സംഘി ബൗദ്ധിക കേന്ദ്രങ്ങളുടെ കണ്ടെത്തൽ. അവിവാഹിതനായതിനാൽ കുമ്മനം സ്ഥാനമാനങ്ങൾ ത്യജിച്ചേക്കും. അഥവാ അൽപസ്വൽപം കണ്ണുനീർ തുളുമ്പിയാൽ, തിരുവനന്തപുരം പാർലമെന്റ് സീറ്റ് ചൂണ്ടിക്കാട്ടി കണ്ണീരൊപ്പാവുന്നതേയുള്ളൂ.
**** **** ****
സർവ്വത്ര കൺഫ്യൂഷന്റെ കാലമാണ്. യു.ഡി.എഫ് എന്തിനാണ് നിയമസഭാ കവാടത്തിൽ മൂന്നുപേരെ ഇരുത്തിയതെന്ന് അവർക്കുപോലും പിടിയില്ല. ഒരിക്കൽ ശബരി മലക്കാര്യമാണെന്നു പറയും. അടുത്ത നിമിഷം കെ.ടി. ജലീലിന്റെ നിയമന അഴിമതിയാണെന്നാവും. വൈകുന്നേരത്ത് പിണറായി വിജയന്റെ നിർബന്ധ ബുദ്ധിയാണെന്നായിരിക്കും പ്രതികരണം. ഇതിനെ വെല്ലാൻ ഒരു കൺഫ്യൂഷൻ കണ്ടെത്തനായിരുന്നു എ.കെ.ജി സെന്ററിലെ ശാസ്ത്രജ്ഞന്മാരുടെ പരിശ്രമം. ഒടുവിൽ കണ്ടെത്തി 'യുറേക്കാ' എന്നു പണ്ടു ഗ്രീക്കു ശാസ്ത്രകാരൻ നിലവിളിച്ചതുപോലെ കോടിയേരിയും സംഘവും ഒച്ചയുണ്ടാക്കി പുറത്തുകടന്നു. തോമസ് ഐസക് ന്യൂട്ടൺ ഇ.പി. ജയരാജപരമഹംസൻ, എ.കെ. ബാലഗോപാല സ്വാമി തുടങ്ങിയവർ താടിയും തലയും ഉഴിഞ്ഞു ചിന്തിച്ചതിന്റെ ഫലം കണ്ടു. നവോത്ഥാനമൂല്യങ്ങൾക്ക് ഉടവു തട്ടാൻ പോകുന്നു. ഉടൻ സംരക്ഷണം വേണം. ഇക്കാര്യം മതജാതി സംഘടനാ യോഗത്തിൽവച്ച് മാർക്‌സിസ്റ്റു വെളിച്ചപ്പാടായി മുഖ്യൻ തന്നെ ജനുവരി ഒന്നിന് മതിൽ കെട്ടി സംരക്ഷിക്കുന്നതിന് ഒരു പൈസ പോലും ഖജനാവിൽനിന്നു പുറത്തെടുക്കുകയില്ല. പകരം വനിതകൾ മൊത്തമായി റോഡിലിറങ്ങി തോളോടുതോൾ ചേർന്ന് മതിൽ കെട്ടിപ്പടുക്കും. ഇതിലേക്ക് മഹിളകൾ അല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വെള്ളാപ്പള്ളി നടേശ ഗുരുവിനെ ചെയർമാനാക്കി. പുന്നല ശ്രീകുമാറിനെ കൺവീനർ പട്ടവും നൽകി അനുഗ്രഹിച്ചു.
മേൽപറഞ്ഞ മൂല്യങ്ങളെ എവിടെയാണ് സംരക്ഷിക്കുക എന്ന ചോദ്യം ആരും ഉയർത്തിയില്ല. സാങ്കൽപിക ചോദ്യങ്ങൾക്കു മറുപടി പറയാൻ പിണറായിയെ കിട്ടില്ല. പെരുന്നയിലെ സുകുമാരൻ നായർ പങ്കെടുക്കാത്തതിൽ മാത്രമേ മുഖ്യനും കോടിയേരിക്കും ദുഃഖമുള്ളൂ. നായർജി തൽക്കാലം മരുന്നു സേവയിലാണ്. പകരം ഒരാളെ അയക്കാമെന്നു കരുതിയാൽ, ഒരുത്തനെയും വിശ്വസിക്കാനും കൊള്ളില്ല, അയാൾ പുറത്തുവന്ന് നായർജി ഉരുവിടുന്നതിനേക്കാൾ പത്തുമടങ്ങു മണ്ടത്തരം വിളിച്ചു പറഞ്ഞെന്നുവരും. ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കുമെന്ന പതിവു വീരവാദത്തോടെയാണ് നായർജി പ്രതികരിച്ചത്. യുവതി പ്രവേശനമാണ് വിഷയമെങ്കിൽ ശ്രീനാരായണ യോഗം എതിരാണെന്നു വെള്ളാപ്പള്ളി ഗുരു പിന്നാലെ പറഞ്ഞതോടെ കൺഫ്യൂഷൻ ഇരട്ടിച്ചു. നവോത്ഥാനത്തിൽനിന്ന് ശബരിമലയെയും യുവതികളെയും വെട്ടിമാറ്റിയോ? ഒരു ആശ്വാസമുണ്ട്- നടേശഗുരു രാവിലെ പറഞ്ഞതായിരിക്കില്ല ഉച്ചക്കു ശേഷം പ്രസ്താവിക്കുന്നത്. സന്ധ്യ കഴിഞ്ഞാൽ വീണ്ടും മാറ്റം വരാം. വല്ലാത്ത മെയ് വഴക്കമാണ്, അതിനൊത്ത നാവും!
ജനുവരി ഒന്നിനു വനിതാ മതിൽ പൊളിക്കുമെന്ന് ചെന്നിത്തല പറഞ്ഞതായി ഒരു വ്യാജ വാർത്ത പരന്നിട്ടുണ്ട്. ജനങ്ങൾ പൊളിക്കുമെന്നേ പറഞ്ഞിട്ടുള്ളൂ. ജനങ്ങൾക്കിടയിൽ ഖദർ ഉടുപ്പിട്ടവർ കാണും. അവർ ആ മതിൽ ചാടും. അതിനുളള സാമാർഥ്യം മറ്റാർക്കാണ് ഈ ദുനിയാവിലെ രാഷ്ട്രീയത്തിൽ ഉള്ളത്?
**** **** ****
കേരളത്തിലെ മുഴുവൻ ബി.ജെ.പിക്കാരും അകത്തു കിടക്കുന്ന കെ. സുരേന്ദ്രനൊപ്പമാണെന്ന് ശ്രീധരൻ പിള്ള ആവർത്തിച്ചു പറഞ്ഞിട്ടും വി. മുരളീധരൻ പോലും അതു വിശ്വസിക്കുന്നില്ല. വേണ്ടത്ര സമരം ചെയ്യുന്നില്ല, ശബരിമലയിലെ സമരം അവസാനിപ്പിച്ചു കളഞ്ഞു തുടങ്ങി അത്യന്തം ആപൽക്കരങ്ങളായ ആരോപണങ്ങളാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. കാര്യമില്ലാതില്ല.
സുരേന്ദ്രനെ പോലീസ് മാറി മാറി കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. അതോടെ മലമുകളിൽ 'നാമജപ'വും നിലച്ചു. അതിനർഥമെന്താ? എല്ലാ സമരവും സുരേന്ദ്രന്റെ തലയിൽ വിടർന്ന താമരപ്പൂക്കളാണെന്നല്ലേ? ഈ ഘട്ടത്തിലാണ് കവിയായ ശ്രീധരൻ പിള്ള ചിത്രകാരനായി പരകായ പ്രവേശനം നടത്തിയത്. അദ്ദേഹം വരച്ച 'ഗ്രാഫി'ൽനിന്നും ജനം ഒന്ന് തിരിച്ചറിഞ്ഞു - ബി.ജെ.പി ഉയരുകയാണ്, വാനം മുട്ടെ. സി.പി.എം തകരുകയുമാണ്. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ മഷിയിൽ മുക്കിയാണ് മേൽപടി ചിത്രീകരണം നിർവഹിച്ചത്.
പുറത്തു വന്ന ഫലത്തിന്റെ പകുതിയും പിണറായിയും കൂട്ടരും കൊണ്ടുപോയി. സ്വന്തം പാർട്ടിക്ക് ആകെ രണ്ടു സീറ്റു കിട്ടി. ഗ്രാഫ് എങ്ങോട്ടെന്നു വിശദീകരിക്കേണ്ടതില്ല. പക്ഷേ, ശ്രീധരൻ പിള്ളക്കവി തലകുത്തി നിന്നുകൊണ്ടാണ് സ്വന്തം ഗ്രാഫ് രചന നടത്തിയതെന്നു വ്യക്തമായി!
**** **** ****
ദില്ലിയിൽ ഏറെക്കാലം തമ്പടിച്ചു കഴിഞ്ഞതിന്റെ ഗുണം മുല്ലപ്പള്ളിയിൽ നിന്നും കുറേശ്ശെ പുറത്തുവന്നു തുടങ്ങി. ആദ്യ സുഗന്ധം തന്റെ രക്തം പരിശോധിച്ചാൽ കോൺഗ്രസ് മാത്രമേ ഉണ്ടാകൂവെന്നും ഗ്രൂപ്പ് കാണില്ലെന്നുമുള്ള പ്രസ്താവനയിൽ നിന്നുമായിരുന്നു. 'എന്റെ ബൂത്ത് എന്റെ അഭിമാനം' -എന്ന പദ്ധതി പാർട്ടിക്കകത്തു നടപ്പാക്കാൻ പോയപ്പോഴാണ് കാറ്റു മാറി വീശിയത്.
'എന്റെ ഗ്രൂപ്പ് എന്റെ അഭിമാനം' എന്ന നിലയിലാണ് നേതാക്കൾ പ്രവർത്തിക്കുന്നതെന്ന് ഗ്രൂപ്പോ, സ്വന്തമായി രണ്ടാളോ ഇല്ലാത്ത ഏകാന്ത പഥികൻ സുധീരൻജി തുറന്നടിച്ചു.
കാര്യം മുല്ലപ്പള്ളിക്ക് അറിയാഞ്ഞിട്ടല്ല. ദില്ലി വാസ കാലത്ത് ഗ്രൂപ്പ് തിരിഞ്ഞ് രാജവെമ്പാലകൾ കൊന്നതു കണ്ടിട്ടുണ്ട്. പിന്നെയല്ലേ കൊച്ചു കേരളത്തിലെ നീർക്കോലികൾ! അദ്ദേഹം പാർട്ടിയുടെ മുറ്റത്തേക്കിറങ്ങി. അകത്തു ഇനി ഉഷ്ണം വർധിച്ചുകൊണ്ടേയിരിക്കും!
അങ്ങനെ ലോക്‌നാഥ് ബെഹ്‌റയെ തന്നെ പിടികൂടി. അടിച്ചാൽ തലയ്ക്കു തന്നെ വേണം എന്നതാണ് പ്രമാണം.
ഗുജറാത്ത് കലാപ കാര്യത്തിലും ഇസ്‌റത്തു ജഹാൻ ഏറ്റുമുട്ടൽ കേസിലും ബെഹ്‌റാജി നടിച്ച 'ഡബിൾ റോൾ' പുറത്താക്കി. സംഭവങ്ങൾക്കുള്ള നന്ദി പ്രകടനമായി 'ഫുൾ മാർക്ക് നൽകിയാണ്. ഐ.പി.എസ് അദ്ദേഹത്തെ പിണറായി പക്ഷത്തേക്കയച്ചതെന്നും വ്യക്തമാക്കി.
അങ്ങനെ നാമെല്ലാം ദീർഘകാലമായി കാണാൻ കൊത്തിച്ചിരുന്ന ബി.ജെ.പി- പിണറായി ബന്ധം റിലീസ് ചെയ്യപ്പെടാൻ പോകുന്നു. മികച്ച സംവിധായകനായ മോഡിജിയും നിർമാതാവ് ഷാജിയും ചേർന്നൊരുക്കുന്ന വമ്പൻ 'ബാഹുബലി'കളുടെ കേരള പകർപ്പവകാശവും വിതരണവും പിണറായി ആന്റ് കമ്പനിക്കാണെന്നാണ് മുല്ലപ്പള്ളിയുടെ വെളിപാടുകളിൽ തെളിയുന്നത്.
കട്ട മുതൽ തിരിച്ചു കൊടുത്താൽ കളവ് കളവാകാതിരിക്കുന്നില്ല. അതുകൊണ്ട് ബ്രൂവറിക്കേസിൽ എക്‌സൈസ് കമ്മീഷണർ, ഡെപ്യൂട്ടി കമ്മീഷണർമാർ എന്നിവർക്കെതിരെ കേസെടുക്കണമെന്ന് വിജിലൻസ് വകുപ്പിന് ചെന്നിത്തലയുടെ പെറ്റിഷൻ. ചെന്നിത്തലയദ്ദേഹം പണ്ടു മന്ത്രിയായിരുന്നപ്പോൾ 'ഓപറേഷൻ അനന്ത' കൊണ്ടുവന്നു, അനധികൃത കയ്യേറ്റങ്ങൾക്കെതിരെ, അതിൽ പങ്കെടുക്കാതെ വയറിളക്കവും പനിയുമാണെന്ന് അപേക്ഷ നൽകി മുങ്ങിനടന്ന പോലീസാപ്പീസറന്മാരുണ്ട്. എന്തു നടപടിയാണാവോ എടുത്തത്?