Sorry, you need to enable JavaScript to visit this website.

ബാബ്‌രി മസ്ജിദ് ധ്വംസനം മുതൽ  സുബോധ്‌സിംഗ് വധം വരെ

നുണ പ്രചാരണങ്ങളും ചരിത്രത്തെ തോണ്ടിയെടുക്കലും വളച്ചൊടിക്കലുമാണ് എന്നും ഫാസിസ്റ്റുകൾ പ്രയോഗിക്കുന്ന തന്ത്രം. ബാബ്‌രി മസ്ജിദ് തകർക്കുന്നതിൽ അതു ഭംഗിയായി ഉപയോഗിച്ചു.  ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ് ജിദായി പരിവർത്തിപ്പിക്കപ്പെട്ടതാണെന്ന  ചിലരുടെ വിശ്വാസത്തെയായിരുന്നു അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗിക്കാൻ ഈ ശക്തികൾക്ക് കഴിഞ്ഞത്. മസ്ജിദ് എന്നതിനു പകരം തർക്ക മന്ദിരം എന്ന വാക്കുപയോഗിക്കാൻ മതേതരവാദികൾ എന്നു കരുതപ്പെടുന്നവർ പോലും തയ്യാറായി എന്നതിൽ  നിന്നു തന്നെ ഈ നുണപ്രചാരണത്തിന്റെ ശക്തി മനസ്സിലാക്കാവുന്നതാണ്. 


ഗാന്ധി വധത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും ധ്വംസനമായ ബാബ്‌രി മസ്ജിദ് തകർത്തതിന്റെ വാർഷികം ഭയാനകമായ ഒരു കൊലപാതകത്തിലൂടെയാണ് വർഗീയ ശക്തികൾ ആഘോഷിക്കുന്നത്. രണ്ടു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മുമ്പാണ് യു.പിയിൽ തന്നെ നരേന്ദ്ര മോഡി സർക്കാർ അധികാരമേറ്റ ശേഷം പശുവിന്റെ പേരിൽ നടന്ന ആദ്യ കൊലപാതകത്തിൽ സമ്മർദങ്ങളെ അതിജീവിച്ച് പ്രതികളെ പിടികൂടിയ പോലീസ് ഉദ്യോഗസ്ഥൻ  സുബോധ് കുമാർ സിങിനെ ആസൂത്രിതമായി വകവരുത്തിയത്. ദാദ്രിയിൽ മുഹമ്മദ് അഖ്‌ലാക്കിനെ തല്ലിക്കൊന്ന സംഘപരിവാറുകാർക്കെതിരെ  സമ്മർദങ്ങൾക്ക് വഴങ്ങാതെ ശക്തമായ നടപടിയെടുത്ത സുബോധ് കുമാർ കേസിൽ വിചാരണ തുടങ്ങാനിരിക്കേയാണ് കൊല്ലപ്പെട്ടതെന്നത് ശ്രദ്ധേയമാണ്. മലേഗാവ്, മക്ക മസ്ജിദ്, അജ്മീർ ദർഗ, സംജോത്താ എക്‌സ്പ്രസ് സ്‌ഫോടനങ്ങൾക്ക് പിന്നിൽ പ്രജ്ഞാസിങ് താക്കൂറും അസീമാനന്ദയും കേണൽ പുരോഹിതും അടങ്ങുന്ന ഹിന്ദുത്വ ഭീകരവാദികളാണെന്ന് കണ്ടെത്തിയ ഹേമന്ദ് കർക്കരെ എന്ന പോലീസ് ഉദ്യോഗസ്ഥനെ മുംബൈ ആക്രമണത്തിന്റെ മറവിൽ കൊന്നുകളഞ്ഞ അതേ സംഘ്പരിവാർ കുബുദ്ധി തന്നെയാണ്  ആവർത്തിച്ചിരിക്കുന്നത്. 
അയോദ്ധ്യയിൽ ബാബ്‌രി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമാവകാശ തർക്കം കോടതിയിൽ അനന്തമായി നീളുമ്പോഴാണ് ഒരു ഡിസംബർ ആറു കൂടി കടന്നു വരുന്നത്. ഓരോ വർഷവും കടന്നു പോകുമ്പോൾ ആ ജനാധിപത്യ ധ്വംസനത്തിന്റെ കഥ നമ്മൾ മറക്കുന്നു. എന്നാൽ ഈ വർഷം മറ്റൊരു പ്രത്യേകത കാണാതിരുന്നുകൂടാ. ലോക്‌സഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയിൽ പരാജയ ഭീതി കടന്നു കൂടിയ സംഘ്പരിവാർ ശക്തികൾ വിഷയം വീണ്ടും സജീവമാക്കാനും അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമെന്ന് പ്രഖ്യാപിച്ച് പ്രവർത്തന പരിപാടികൾ ആരംഭിച്ചു എന്നതുമാണത്. 5 വർഷത്തെ ഭരണം ഏറെക്കുറെ പരാജയമാണെന്നു ബോധ്യമാവുകയും ജനങ്ങളും പ്രതിപക്ഷ പ്രസ്ഥാനങ്ങളും ഇക്കുറി തങ്ങൾക്ക് ഈസി വാക്കോവർ നൽകില്ലെന്നും തിരിച്ചറിഞ്ഞ ഈ ശക്തികൾ ഇന്ത്യൻ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വിജയിക്കാനെളുപ്പം വർഗീയതയെ കയറൂരി വിടുന്നതാണെന്ന മുൻ അനുഭവം ആവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന്റെ ഭാഗമാണ് അയോധ്യവിഷയം കുത്തിപ്പൊക്കൽ മുതൽ സുബോധ് കുമാർ സിങ് വധം വരെ എന്നതാണ് യാഥാർത്ഥ്യം. ഇതൊന്നും യാദൃഛികമായി സംഭവിക്കുന്നതല്ല എന്നും കൃത്യമായ ആസൂത്രണത്തോടെ നടപ്പാക്കുന്നതാണെന്നുമാണ് നാം തിരിച്ചറിയേണ്ടത്.


നുണ പ്രചാരണങ്ങളും ചരിത്രത്തെ തോണ്ടിയെടുക്കലും വളച്ചൊടിക്കലുമാണ് എന്നും ഫാസിസ്റ്റുകൾ പ്രയോഗിക്കുന്ന തന്ത്രം. ബാബ്‌രി മസ്ജിദ് തകർക്കുന്നതിൽ അതു ഭംഗിയായി ഉപയോഗിച്ചു.  ശ്രീരാമന്റെ ജന്മസ്ഥലത്ത് ഉണ്ടായിരുന്ന ക്ഷേത്രം മസ്ജിദായി പരിവർത്തിപ്പിക്കപ്പെട്ടതാണെന്ന  ചിലരുടെ വിശ്വാസത്തെയായിരുന്നു അധികാരത്തിലേക്കുള്ള ചവിട്ടുപടികളായി ഉപയോഗിക്കാൻ ഈ ശക്തികൾക്ക് കഴിഞ്ഞത്. മസ്ജിദ് എന്നതിനു പകരം തർക്ക മന്ദിരം എന്ന വാക്കുപയോഗിക്കാൻ മതേതരവാദികൾ എന്നു കരുതപ്പെടുന്നവർ പോലും തയ്യാറായി എന്നതിൽ  നിന്നു തന്നെ ഈ നുണ പ്രചാരണത്തിന്റെ ശക്തി മനസ്സിലാക്കാവുന്നതാണ്. തകർന്നത് ജനാധിപത്യവും മതേതരത്വവുമല്ല, ഒരു കെട്ടിടം മാത്രമാണെന്നു വാദിച്ച പുരോഗമനവാദികൾ കേരളത്തിൽ പോലും നിരവധിയുണ്ടായിരുന്നല്ലോ. അവിടെ മ്യൂസിയമാക്കാൻ ഇ എം എസ് പറഞ്ഞതായി പോലും വാർത്തയുണ്ടായിരുന്നു. 
1992 ഡിസംബർ 6 ലെ ബാബ്‌രി മസ്ജിദ് ധ്വംസനവും അയോധ്യയിലുണ്ടായ കലാപവും അന്വേഷിക്കുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മൻമോഹൻ സിംഗ് ലിബർഹാൻ മേധവിയായി 1992 ഡിസംബർ 16 ന് രൂപവത്കരിക്കപ്പെട്ട കമ്മീഷൻ  റിപ്പോർട്ട് സമർപ്പിച്ചത് 17 വർഷത്തിനു ശേഷമാണ്.  രാഷ്ട്രീയ സ്വയം സേവക് സംഘിനെ മസ്ജിദ് ധ്വംസനത്തിന്റെ മുഖ്യ സൂത്രധാരകരായി റിപ്പോർട്ട് വിലയിരുത്തുന്നുണ്ട്. എന്നിട്ടും ആ ദിശയിൽ തന്നെ ചരിത്രം ആവർത്തിക്കാൻ അവർക്കു പറ്റുന്നു എന്നത് വിരൽ ചൂണ്ടുന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ദൗർബല്യങ്ങളിലേക്കാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആൾക്കൂട്ട കൊലപാതകവും ആക്രമണങ്ങളും നടക്കുന്ന സംസ്ഥാനം ഉത്തർപ്രദേശാണെന്നും ഇത്തരം കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ നടന്നത്  യോഗി ആദിത്യനാഥന്റെ കാലത്താണെന്നുമുള്ള  ഫാക്ട്‌ചെക്കർ ഡോട്ട് ഇൻ റിപ്പോർട്ട് മറ്റെന്തിന്റെ സൂചനയാണ്? ഈ യോഗിയാണ് മോഡിയുടെ പിൻഗാമിയായി വരാൻ പോകുന്നതെന്നും വാർത്തകളുണ്ട്. 
ഇപ്പോൾ ഇൻസ്‌പെക്ടർ സുബോധ് കുമാർ സിങിനെ കൊലപ്പെടുത്തിയത് ആസൂത്രിതമായാണെന്നു ഉറപ്പിക്കാവുന്ന തരത്തിലാണ് റിപ്പോർട്ടുകൾ. പോലീസുദ്യോഗസ്ഥർ തന്നെ അതിനു കൂട്ടുനിന്നതായും സംശയിക്കാം. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുൻനിർത്തി യു.പിയിൽ വൻ കലാപത്തിനാണ് ലക്ഷ്യമിട്ടതെന്നും കരുതാം. തബ്‌ലീഗി ജമാഅത്ത് മതസമ്മേളനം കഴിഞ്ഞ് ലക്ഷക്കണക്കിന് മുസ്ലിംകൾ മടങ്ങിപ്പോകുന്ന ദേശീയ പാതയോരത്തേക്ക് അവശിഷ്ടം എത്തിച്ചത് പ്രശ്‌നങ്ങൾ സൃഷ്ടിക്കാനായിരുന്നു എന്നു വ്യക്തം. കൂടുതൽ പേരെത്തി ദേശീയപാത ഉപരോധിച്ചതോടെ സുബോധ ്കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സംഘം അവരെ  നീക്കാൻ ശ്രമിച്ചു. തുടർന്നാണ് പശുവിനെ കൊല്ലുന്നവർക്ക് കൂട്ടുനിൽക്കുന്നുവെന്ന് ആരോപിച്ച് പരിവാർ പ്രവർത്തകർ പോലീസിനെ കല്ലും വടിയും ഉപയോഗിച്ച് ആക്രമിച്ചത്. പലരുടെയും കൈയിൽ തോക്കുകളുമുണ്ടായിരുന്നു. കല്ലേറിൽ തലയ്ക്ക് ഗുരുതര പരിക്കേറ്റ സുബോധ് കുമാറിനെ പോലീസ് വാഹനത്തിൽ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കുന്നതിനിടെ  അക്രമികൾ വളഞ്ഞ് വെടിവെച്ച് കൊല്ലുകയായിരുന്നു. ഇത് കൃത്യമായ ആസൂത്രണമാണെന്നതിൽ സംശയമില്ല. 
ഫാസിസത്തിന് തടയിടാൻ ഇന്ത്യക്കാകുമോ എന്ന ചോദ്യം തന്നെയാണ് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം. 

Latest News