Sorry, you need to enable JavaScript to visit this website.

തെരഞ്ഞെടുപ്പ് വരുന്നു; ചോര മണക്കുന്നു

കൊല്ലപ്പെട്ട പോലീസ് ഓഫീസർ സുബോധ് കുമാർ സിംഗ്
ബുലന്ദ്ഷഹറിൽ അക്രമികൾ കത്തിച്ച ജീപ്പ്

പൊതുതെരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് നാല് മാസം, അല്ലെങ്കിൽ അഞ്ച്. എങ്ങനെയും കേന്ദ്രത്തിൽ അധികാരം നിലനിർത്തിയേ തീരൂ എന്ന വാശിയുള്ള ബി.ജെ.പിക്കും പ്രധാനമന്ത്രിക്കും അത്ര ശുഭകരമല്ല ഇപ്പോൾ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. 
അതുകൊണ്ടാവും അങ്ങേയറ്റം അസ്വസ്ഥജനകമായ അന്തരീക്ഷം ഉടലെടുക്കുകയാണ് രാജ്യത്ത്. ചോര മണക്കുന്നതുപോലെ. കഴിഞ്ഞ ദിവസം ഉത്തർ പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ അക്രമവും ഒരു പോലീസ് ഓഫീസർ സംഘപരിവാർ അക്രമിയുടെ വെടിയേറ്റ് കൊല്ലപ്പെട്ടതും ഒരു സാമ്പിൾ വെടിക്കെട്ടാണെന്ന് തോന്നുന്നു. ഒരു യുവാവും കലാപത്തിൽ കൊല്ലപ്പെട്ടിരുന്നു.
ബുലന്ദ്ഷഹറിൽ ഒരു ഒഴിഞ്ഞ സ്ഥലത്ത് 25 പശുക്കളെ കൊന്നുവെന്നും അതിൽ പ്രതിഷേധിച്ച് ജനങ്ങൾ തെരുവിലിറങ്ങുകയായിരുന്നുവെന്നുമാണ് സംഘപരിവാർ ആദ്യം പ്രചരിപ്പിച്ചിരുന്നത്. സ്ഥലത്ത് ഒരു മുസ്‌ലിം സമ്മേളനം നടന്നുവെന്നും അതിനോടനുബന്ധിച്ചാണ് പശുക്കളെ കശാപ്പ് ചെയ്തതെന്നും അവർ പറയുന്നു. എന്നാൽ പോലീസിന്റെ അന്വേഷണത്തിൽ അത് കളവാണെന്ന് വ്യക്തമായി. മാത്രമല്ല, സംഘപരിവാർ സംഘടനകൾ കലാപമുണ്ടാക്കാൻ ബോധപൂർവം ശ്രമം നടത്തുകയായിരുന്നുവെന്ന വിവരവും പുറത്തു വന്നു. 
പോലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിനെ കൊലപ്പെടുത്തിയതടക്കം അക്രമവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെല്ലാം ബജ്‌റംഗ്ദൾ, ബി.ജെ.പി, വി.എച്ച്.പി, ശിവസേന, ഹിന്ദു യുവ വാഹിനി തുടങ്ങിയ സംഘപരിവാർ സംഘടനകളുടെ പ്രവർത്തകരാണ്.
സമ്മേളനം നടന്ന സ്ഥലത്ത് ഗോവധം നടന്നിരിക്കാൻ ഒരു സാധ്യതയുമില്ലെന്നാണ് അവിടം നേരിട്ട് സന്ദർശിച്ച പ്രദേശത്തെ തഹസിൽദാർ തന്നെ പറയുന്നത്. എന്നാൽ അത്തരമൊരു പ്രചാരണം നടത്തി കലാപത്തിന് കോപ്പുകൂട്ടുകയായിരുന്നു സംഘപരിവാർ. അവരുടെ ലക്ഷ്യം പോലീസ് ഓഫീസര് സുബോധ് കുമാർ സിംഗാണെന്നും സംശയം ബലപ്പെടുന്നു. ഗോവധം ആരോപിച്ച് ഇന്ത്യയിൽ നടന്ന ആദ്യ ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ ദാദ്രിയിലെ മുഹമ്മദ് അഖ്‌ലാഖ് വധക്കേസ് അന്വേഷിച്ച സത്യസന്ധനായ ഉദ്യോഗസ്ഥനാണദ്ദേഹം. കേസിന്റെ യഥാർഥ വസ്തുതകൾ പുറത്തു കൊണ്ടുവരുന്നതിനും സംഘപരിവാറുകാരായ പ്രതികളെ നിയമത്തിനു മുന്നിൽ എത്തിക്കുന്നതിനും തന്റെ ഔദ്യോഗിക കൃത്യനിർവഹണം വിട്ടുവീഴ്ചയില്ലാതെ നടത്തിയ ഉദ്യോഗസ്ഥൻ. 
തലയ്ക്ക് വെടിയേറ്റാണ് സുബോധ് കുമാർ കൊല്ലപ്പെടുന്നത്. അതായത് കലാപത്തിനിടെ യാദൃഛികമായി വെടിയേറ്റല്ല അദ്ദേഹത്തിന്റെ മരണം. കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ ബോധപൂർവം നടത്തിയ വെടിവെയ്പ്. വെടിയേറ്റ് വീണ സുബോധ് കുമാറിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാൻ കൂടെയുണ്ടായിരുന്ന പോലീസുകാർ തയാറായില്ലെന്നതും സംശയത്തിനിട നൽകുന്നു.
അഖ്‌ലാഖ് കൊലക്കേസിലെ പോലീസ് അന്വേഷണം സംഘപരിവാറിന് അത്ര സുഖിച്ചിട്ടില്ലെന്ന് നേരത്തെ വാർത്തയുണ്ടായിരുന്നു. 


അതുകൊണ്ട് ആ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥനെ തന്നെ അവസാനിപ്പിക്കാനുള്ള ഗൂഢപദ്ധതിയാണ് ബുലന്ദ്ഷഹറിൽ നടപ്പാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സംഭവത്തിൽ ബജ്‌റംഗ് ദൾ ജില്ലാ നേതാവ് യോഗേഷ് രാജ് അടക്കം അഞ്ചു പേരാണ് അറസ്റ്റിലായിട്ടുള്ളത്. സംഘപരിവാറുകാരായ നാല് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.
സുബോധ് കുമാർ സിംഗിനെ വകവരുത്തി എന്നതിനൊപ്പം പ്രാധാന്യമുള്ളതാണ് കലാപത്തിന്റെ ടൈമിംഗും പറഞ്ഞ കാരണവും. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്നു. 
അഞ്ച് സംസ്ഥാനങ്ങളിൽ നടന്നുവരുന്ന അസംബ്ലി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇതുവരെ പുറത്തുവന്ന സൂചനകൾ ബി.ജെ.പിക്ക് അത്ര സന്തോഷം നൽകുന്നതുമല്ല. നാലര വർഷത്തെ മോഡി ഭരണത്തിന്റെ മികവ് പറഞ്ഞ് ജനങ്ങളെ സമീപിക്കാനാവില്ല. അപ്പോൾ പിന്നെ ഒരേയൊരു മാർഗം വർഗീയത ആളിക്കത്തിക്കുക തന്നെ. അങ്ങനെ ഹിന്ദു വികാരം അനുകൂലമാക്കുക. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പുണ്ടായ മുസഫർ നഗർ കലാപം ബി.ജെ.പിക്ക് നേടിക്കൊടുത്ത മേൽക്കൈ ചെറുതൊന്നുമല്ല. യു.പിയിലെ എൺപത് ലോക്‌സഭാ സീറ്റുകളിൽ 73 ഉം അവർ നേടി. 
അറുപത് വർഷം കോൺഗ്രസ് രാജ്യത്തെ കട്ടുമുടിച്ചു, കൊടിയ അഴിമതി നടത്തി, നേതാക്കൾ അഴിമതിപ്പണം വിദേശ ബാങ്കുകളിൽ നിക്ഷേപിച്ചു തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ് മോഡി സർക്കാർ അധികാരത്തിലെത്തുന്നത്. എന്നാൽ ഈ പറയപ്പെട്ട കള്ളപ്പണം വിദേശ ബാങ്കുകളിൽനിന്ന് തിരികെ കൊണ്ടുവരാൻ ഇതുവരെ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നതു മാത്രമല്ല, തല തിരിഞ്ഞ സാമ്പത്തിക നയങ്ങളിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ കുട്ടിച്ചോറാക്കുകയും ചെയ്തു. രാജ്യത്തെ ബാങ്കുകളെ പറ്റിച്ച് ആയിരക്കണക്കിന് കോടികൾ തട്ടിയെടുത്ത വിജയ് മല്യ, നീരവ് മോഡി, മെഹുൽ ചോസ്‌കി തുടങ്ങിയവർക്ക് സുരക്ഷിതമായി ഇന്ത്യ വിടാൻ അവസരമൊരുക്കി. ഇതിനു പുറമേയാണ് റഫാൽ കുംഭകോണമടക്കമുള്ള വൻ അഴിമതി ആരോപണങ്ങൾ. സർക്കാർ ആകെ നാറി നിൽക്കേ, പിടിച്ചുനിൽക്കാനും ജനങ്ങളെ വഴിതെറ്റിക്കാനും കൊടിയ വർഗീയത എന്ന തുറുപ്പുചീട്ട് തന്നെ അവർ ഇറക്കുകയാണോ എന്ന് സംശയിക്കണം.
മുസഫർ നഗർ കലാപത്തിനു മുമ്പും ശേഷവുമായി മുന്നൂറോളം ചെറുതും വലുതമായ കലാപങ്ങളാണ് ഉത്തർ പ്രദേശിൽ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉണ്ടായത്. അതോടെ ജനങ്ങൾ വളരെ ആഴത്തിൽ തന്നെ വർഗീയമായി ചേരിതിരിഞ്ഞു. അതിന്റെ ഫലം രണ്ട് വർഷം മുമ്പ് നടന്ന യു.പി അസംബ്ലി തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് കിട്ടി.
വീണ്ടുമൊരു തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭൂരിപക്ഷ സമൂഹത്തിൽ വർഗീയ ചിന്താഗതി ആളിക്കത്തിക്കാനുള്ള ആസൂത്രിത നീക്കങ്ങൾ സംഘപരിവാർ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. അയോധ്യ പ്രശ്‌നം വീണ്ടും കുത്തിപ്പൊക്കിയത് അതിന്റെ ഭാഗമാണ്. സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് കാത്തുനിൽക്കാതെ രാമക്ഷേത്രം നിർമിക്കാനായി ഓർഡിനൻസ് ഇറക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.എസും ശിവസേനയും മറ്റും സമ്മർദം തുടരുകയാണ്. 
ഇതൊരു തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്ന് ജനങ്ങൾക്ക് മനസ്സിലായതുകൊണ്ടാവും സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാനായില്ല. അപ്പോൾ പിന്നെ മറ്റു മാർഗങ്ങൾ നോക്കണം, അത് ചോരക്കളിയല്ലാതെ മറ്റൊന്നുമല്ല. 
കൂട്ടത്തിൽ കണ്ണിലെ കരടായ പോലീസ് ഉദ്യോഗസ്ഥരെ വകവരുത്തുകയും വേണം. ബുലന്ദ്ഷഹർ കലാപത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം സമൂഹത്തിൽ ഉളവാക്കുന്ന ന്യായമായ സംശയങ്ങളാണിവ. മുംബൈ ഭീകരാക്രമണത്തിനിടെ മഹാരാഷ്ട്ര എ.ടി.എസ് തലവൻ ഹേമന്ത് കർക്കറെ കൊല്ലപ്പെട്ടതിലെ ദുരൂഹത ഇനിയും മാറിയിട്ടില്ല. അന്നത്തെ മുംബൈ പോലീസ് മേധാവി പോലും സംഭവത്തിൽ സംശയമുന്നയിക്കുന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം ഈ മാസം 11 ന് പുറത്തു വരും. ഫലം ബി.ജെ.പിക്ക് അനുകൂലമല്ലെങ്കിൽ ബുലന്ദ്ഷഹറുകൾ രാജ്യത്ത് പലയിടത്തും ആവർത്തിച്ചേക്കാം. അതെ, ചോര മണക്കുന്നു, പേടി തോന്നുന്നു.

Latest News