Sorry, you need to enable JavaScript to visit this website.

സൗദിവത്കരണം ശക്തമാക്കാൻ  വിദേശികൾക്ക് വീണ്ടും ലെവി

റിയാദ്- വിദേശ തൊഴിലാളികൾക്ക് മേൽ പുതിയ ലെവി ഏർപ്പെടുത്തുകയും റിക്രൂട്ട്്‌മെന്റിന്റെ ചെലവ് വർധിപ്പിക്കുകയും ചെയ്താൽ മാത്രമേ യഥാർഥ സ്വദേശിവത്കരണം സാധ്യമാവൂവെന്ന് പഠന റിപ്പോർട്ട്. റിയാദിലെ കിംഗ് ഫൈസൽ റിസർച്ച് ആന്റ് ഇസ്ലാമിക് സ്റ്റഡീസ് പ്രസിദ്ധീകരിച്ച ലണ്ടൻ സ്‌കൂൾ ഓഫ് ഇകണോമിക്‌സ് ആന്റ് പൊളിറ്റിക്കൽ സയൻസ് പ്രൊഫസർ ഡോ. സ്റ്റീഫൻ ഹെർടോഗിന്റെ റിപ്പോർട്ടിലാണ് പുതിയ നിർദേശമുള്ളത്.
സ്‌പോൺസർഷിപ് വ്യവസ്ഥ പരിഷ്‌കരിച്ചാൽ തൊഴിലാളികൾക്ക് വിവിധ തൊഴിലുടമകളിലേക്ക് മാറാൻ അവസരമുണ്ടാകുമെന്നും ഇതുവഴി വിദേശികൾക്കും ഉയർന്ന ശമ്പളം ലഭിക്കുമെന്നും അപ്പോൾ സ്വദേശികളും വിദേശികളും ശമ്പളക്കാര്യത്തിൽ തുല്യരാകുമെന്നും ശമ്പള തോതിലെ വിടവ് ഇല്ലാതാകുമെന്നും അദ്ദേഹം പറയുന്നു. കുറഞ്ഞ ചെലവിൽ ജോലി ചെയ്യാൻ സൗദി അറേബ്യയിൽ വിദേശികളെ ലഭിക്കുന്നുണ്ട്. ഇതാണ് സ്വദേശിവത്കരണത്തിന് ഭീഷണിയാവുന്നത്. വിദേശികൾക്ക് ഉയർന്ന ശമ്പളം നൽകേണ്ടിവരുമ്പോഴും അവരെ തൊഴിലെടുപ്പിക്കുന്നതിന് ചെലവ് കൂടുമ്പോഴും സ്വാഭാവികമായും അവരിലെ ആശ്രയം തൊഴിലുടമകൾ ഒഴിവാക്കും. ഇത് സ്വദേശികൾക്ക് അനുഗ്രഹമാകും. നിലവിലുള്ളതിന് പുറമെ ഇനിയും ലെവി വർധിപ്പിക്കുകയാണ് ഇതിനുള്ള ഏക പരിഹാരമെന്നും അദ്ദേഹം പറയുന്നു.
2011ൽ തൊഴിൽമന്ത്രാലയം നിതാഖാത്ത് നടപ്പാക്കാൻ തുടങ്ങിയത് മുതൽ കൂടുതൽ തൊഴിലവസരങ്ങൾ ഉണ്ടായിട്ടുണ്ട്. അതുപോലെ ബിസിനസ് മേഖലയിലും നികുതി ഏർപ്പെടുത്തി. അതിനിടെ വ്യാജ തൊഴിലവസരങ്ങളുണ്ടാക്കി കമ്പനികൾ വ്യാജ സ്വദേശിവത്കരണം നടപ്പാക്കാൻ ശ്രമിച്ചു.
38 ശതമാനം സ്വദേശികൾ പൊതുമേഖലയിലാണ് ജോലി ചെയ്യുന്നത്. രാജ്യത്തെ തൊഴിലില്ലായ്മ 13 ശതമാനവുമാണ്. നിർമാണ, റീട്ടെയിൽ മേഖലയിൽ ജോലി ചെയ്യുന്ന ഭൂരിഭാഗം വിദേശികളും അവിദഗ്ധരാണ്. 1980 മുതൽ രാജ്യത്ത് സ്വകാര്യമേഖലയിലെ ഉൽപാദന തോത് കാര്യമായി പ്രതിഫലിക്കാത്തതിന്റെ കാരണം ഈ അവിദഗ്ധ തൊഴിലാളികളുടെ സാന്നിധ്യമാണ്. സ്വദേശികൾക്ക് തൊഴിലവസരം കുറയാൻ ഇത് കാരണമായി.
വിദേശികളുടെ കുറഞ്ഞ ശമ്പളം, കൂടുതൽ സമയം ജോലി, ഏത് പ്രതികൂലാവസ്ഥയിലും ജോലി ചെയ്യാനുള്ള സന്നദ്ധത തുടങ്ങിയ കാര്യങ്ങളാണ് സ്വകാര്യമേഖലയിലെ തൊഴിലുടമകൾ വിദേശികളെ ആശ്രയിക്കുന്നത്. സ്‌പോൺസർഷിപ് മാറ്റം കർശനമായതിനാൽ തൊഴിലാളികൾക്ക് മറ്റു തൊഴിലുടമയിലേക്ക് മാറാൻ അവസരമുണ്ടാകില്ല. മാത്രമല്ല വിദേശികളെ തൊഴിലിൽ നിന്ന് പെട്ടെന്ന് പിരിച്ചുവിടാനുമാകും.
2015 മുതൽ സർക്കാർ മേഖലയിൽ തൊഴിലവസരം കുറഞ്ഞുവരുന്നുണ്ട്. ഇതുമൂലം സ്വകാര്യമേഖലയിൽ അവർക്ക് കൂടുതൽ അനുകൂല സാഹചര്യം ഒരുക്കേണ്ടതിനാൽ സ്വദേശിവത്കരണത്തിന്റെ തടസ്സങ്ങൾ നീക്കേണ്ടിവരുമെന്നും സ്റ്റീഫൻ പറയുന്നു.
 

Latest News