ജിദ്ദ - രണ്ടു മാസത്തിനിടെ ഹറമൈന്‍ ഹൈസ്പീഡ് ട്രെയിനില്‍ യാത്ര ചെയ്തത് 75,000 ലേറെ പേര്‍. രണ്ടു മാസത്തിനിടെ 150 സര്‍വീസുകളാണ് നടത്തിയത്. ഒരു ട്രെയിനില്‍ പരമാവധി 417 പേര്‍ക്കാണ് സൗകര്യം. യാത്രക്കാരെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി 50 ശതമാനം ഇളവോടെയാണ് ടിക്കറ്റുകള്‍ നല്‍കുന്നത്. പ്രൊമോഷന്‍ നിരക്കുകള്‍ ഈ മാസം പകുതി വരെ നിലവിലുണ്ടാകും. ജിദ്ദയില്‍ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസില്‍ 40 റിയാലും ബിസിനസ് ക്ലാസില്‍ 50 റിയാലും മക്കയില്‍ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസില്‍ 150 റിയാലും ബിസിനസ് ക്ലാസില്‍ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. പ്രൊമോഷന്‍ കാലത്ത് പകുതി നിരക്കിലാണ് ടിക്കറ്റ് നല്‍കുന്നത്.
വ്യാഴം, വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെയും വൈകീട്ടുമായി ഒരു ദിശയില്‍ പ്രതിദിനം നാലു വീതം സര്‍വീസുകളാണുള്ളത്. അടുത്ത വര്‍ഷാദ്യം മുതല്‍ ആഴ്ചയില്‍ ഏഴു ദിവസവും സര്‍വീസുകളുണ്ടാകും. ഇതോടൊപ്പം പ്രതിദിന സര്‍വീസുകളുടെ എണ്ണം 12 ആയി ഉയര്‍ത്തുകയും ചെയ്യും. യാത്രക്കാരില്‍ നിന്നുള്ള ആവശ്യം വര്‍ധിക്കുന്നതിന് അനുസൃതമായി പിന്നീട് സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും. മക്ക, ജിദ്ദ സുലൈമാനിയ, റാബിഗ് കിംഗ് അബ്ദുല്ല ഇക്കണോമിക് സിറ്റി, മദീന സ്റ്റേഷനുകള്‍ക്കിടയിലാണ് നിലവില്‍ സര്‍വീസുകളുള്ളത്. പുതിയ ജിദ്ദ എയര്‍പോര്‍ട്ടിലെ റെയില്‍വെ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് ഈ സ്റ്റേഷനിലും സര്‍വീസുകളുണ്ടാകും. അടുത്ത വര്‍ഷം മധ്യത്തോടെ ജിദ്ദ എയര്‍പോര്‍ട്ട് സ്റ്റേഷന്‍ പ്രവര്‍ത്തനസജ്ജമാകും.