മഞ്ചേരി- ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ കോടികള്‍ തട്ടി ഇന്ത്യയില്‍ കഴിഞ്ഞിരുന്ന രണ്ട് കാമറൂണ്‍ സ്വേദശികളെ മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്ന് സാഹസികമായി അറസ്റ്റ് ചെയ്തു. മഞ്ചേരിയിലെ ഒരു സ്ഥാപനത്തിന്റെ പേരും റസീപ്റ്റുകളും വെബ്‌സൈറ്റും ദുരുപയോഗം ചെയ്ത കേരളത്തിനു പുറത്തു നിന്നുള്ളവരില്‍ നിന്ന് പണം തട്ടിയ കേസിലെ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്. വെര്‍ഡി ടെന്‍യ ഡയോങ് (35), ഡോഹ് ക്വെന്റിന്‍ ന്വാന്‍സുവ (37) എന്നിവരെയാണ് മഞ്ചേരി പോലീസ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഹൈദരാബാദില്‍ നിന്നും അതിസാഹസികമായി അറസ്റ്റ് ചെയ്ത് മഞ്ചേരിയിലെത്തിച്ചത്. പ്രതികളുടെ താമസ സ്ഥലം രഹസ്യാന്വേഷണത്തിലൂടെ കണ്ടെത്തിയ പോലീസ് ഇവിടെ എത്തിയതോടെ ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചതായി പോലീസ് പറഞ്ഞു. മല്‍പ്പിടുത്തത്തിലാണ് പ്രതികളെ കീഴ്‌പ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
മഞ്ചേരിയിലെ സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിയെന്നാരോപിച്ച് ഇതര സംസ്ഥാനത്ത് നിന്ന് ആളുകള്‍ ബന്ധപ്പെട്ടതിന് തുടര്‍ന്നാണ് സ്ഥാപന ഉടമ പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിനുപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍, സിം കാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്‌ടോപ്പുകള്‍ തുടങ്ങി നിരവധി സാധനങ്ങള്‍ പ്രതികളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിലുള്ളവരും, മറ്റ് രാജ്യക്കാരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്. സൈബര്‍ ഫോറന്‍സിക് ടീം അംഗം എന്‍.എം. അബ്ദുല്ല ബാബു, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അംഗങ്ങളായ ടി.പി. മധുസൂദനന്‍, ഹരിലാല്‍, ലിജിന്‍, ഷഹബിന്‍ എന്നിവരാണ് ഹൈദരാബാദില്‍ നിന്നും പ്രതികളെ അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഓഗസ്റ്റില്‍ മഞ്ചേരി പോലീസ് ഹൈദരാബാദില്‍ നിന്ന് രണ്ട് കാമറൂണ്‍ സ്വദേശികളെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ എതാനും മാസങ്ങളായി ഇതര സംസ്ഥാനക്കാരും നൈജീരിയ പൗരന്മാരുമടക്കം പത്തോളം പേര്‍ മലപ്പുറം ജില്ലയില്‍ മാത്രം അറസ്റ്റിലായിട്ടുണ്ട്.
Related Stories
- ഹൈടെക് ഓണ്‍ലൈന്‍ തട്ടിപ്പ്: കാമറൂണ്‍ സ്വദേശികളായ രണ്ടുപേര്‍ പിടിയില്‍
- ഓണ്‍ലൈന്‍ തട്ടിപ്പു കേസില്‍ രണ്ട് രാജസ്ഥാന് സ്വദേശികള്‍ മഞ്ചേരിയില്‍ അറസ്റ്റില്‍
- ഓണ്‍ലൈന്‍ തട്ടിപ്പ്: മഞ്ചേരിയില്‍ നൈജീരിയക്കാരന് അറസ്റ്റില്‍