ജിദ്ദ- ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തെരഞ്ഞെടുപ്പ് ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റിവെച്ചതായി അധികൃതർ അറിയിച്ചു. സൗദി വിദ്യാഭ്യാസ മന്ത്രാലയം നിശ്ചയിച്ച മാനദണ്ഡ പ്രകാരം യോഗ്യതയുള്ള സ്ഥാനാർഥികളുടെ കുറവാണ് തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കാരണമെന്ന് സ്‌കൂൾ അധികൃതർ വ്യക്തമാക്കി.
സ്ഥാനാർഥികളാകാൻ നിർദേശിക്കപ്പെട്ട കടുത്ത വ്യവസ്ഥകളാണ് പലരേയും മത്സര രംഗത്തു നിന്ന് പിന്തിരിപ്പിച്ചത്. വിഷയം ബന്ധപ്പെട്ട വകുപ്പുകളുടെ പരിഗണനയിലാണെന്ന് സ്‌കൂൾ അധികൃതർ വാർത്താ കുറിപ്പിൽ വ്യക്തമാക്കി. നാളെയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് നടത്താൻ മാത്രം സ്ഥാനാർഥികൾ ഇല്ലാത്തതാണ് ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. 21 പേർ പത്രിക വാങ്ങിയിരുന്നുവെങ്കിലും 11 പേരാണ് പത്രിക പൂരിപ്പിച്ച് നൽകിയത്. എന്നാൽ ഇവരിൽ തന്നെ പലർക്കും മതിയായ രേഖകൾ നൽകാനായിട്ടില്ലെന്ന് സൂചനയുണ്ടായിരുന്നു.
പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നവംബർ 26 ആയിരുന്നു. സൂക്ഷ്മ പരിശോധന, പത്രിക പിൻവലിക്കാനുള്ള സമയപരിധി ഇതൊന്നും പത്രികാ സമർപ്പണത്തിന് അപേക്ഷകൾ ക്ഷണിച്ചു കൊണ്ടുള്ള അറിയിപ്പിൽ ഉണ്ടായിരുന്നില്ല. അന്വേഷണത്തിൽ പിറ്റേ ദിവസം സൂക്ഷ്മ പരിശോധന നടക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും അതിനു ശേഷം ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. ഏഴംഗ ഭരണ സമിതിയിലേക്ക് അഞ്ചു പേരെയാണ് വോട്ടിംഗിലൂടെ തെരഞ്ഞെടുക്കുന്നത്. രണ്ടുപേരെ സ്‌കൂൾ പേട്രണായ അംബാസഡർ നോമിനേറ്റ് ചെയ്യും. ഇക്കുറി ഒരു സംസ്ഥാനത്തുനിന്ന് ഒരാളെ മാത്രമേ തെരഞ്ഞെടുക്കാൻ പാടുള്ളൂവെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ഒന്നിൽ കൂടുതൽ സ്ഥാനാർഥികളുള്ള സംസ്ഥാനക്കാർ സമവായ ചർച്ചകളിലൂടെ ഒരു സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കാനുള്ള പ്രാരംഭ ചർച്ചകളും നടത്തി വരുന്നതിനിടെയാണ് തെരഞ്ഞെടുപ്പ് നീട്ടിവെച്ചതായി ഔദ്യോഗിക അറിയിപ്പ് ലഭിച്ചത്.