Sorry, you need to enable JavaScript to visit this website.

ഫ്രാന്‍സിസ് മാര്‍പാപ്പ ഫെബ്രുവരിയില്‍ യുഎഇ സന്ദർശിക്കും

വത്തിക്കാന്‍ സിറ്റി- അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ യുഎഇ തലസ്ഥാനമായ അബുദബിയില്‍ നടക്കുന്ന മതസൗഹാര്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ എത്തുമെന്ന് വത്തിക്കാന്‍ അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഫെബ്രുവരി മൂന്നിനാണ് മാര്‍പാപ്പ എത്തുന്നത്. അബുദബി  കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റേയും യുഎഇയിലെ കത്തോലിക്കാ സമുദായത്തിന്റേയും ക്ഷണം പോപ് സ്വീകരിച്ചതായി വത്തിക്കാന്‍ പറഞ്ഞു.

ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യത്തേക്ക് മാര്‍പാപ്പ എത്തുന്നത്. യുഎഇയില്‍ റോമന്‍ കത്തോലിക്കരും പ്രവാസികളായ മറ്റു കൃസ്ത്യന്‍ വിഭാഗക്കാരും ഉള്‍പ്പെടെ പത്തു ലക്ഷത്തിലേറെ വിശ്വാസികളുണ്ടെന്നാണ് കണക്ക്. യുഎഇയില്‍ 40ലേറെ ചര്‍ച്ചുകളും ഉണ്ട്. മൊത്തം ജിസിസി രാജ്യങ്ങളിലുളളതിനേക്കാള്‍ കൂടുതല്‍ ക്രിസ്തീയ ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്.

വത്തിക്കാന്റെ സ്ഥിരീകരണത്തിനു തൊട്ടുപിന്നാലെ യുഎഇ വൈസ്പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂം മാര്‍പാപ്പയെ യുഎഇയിലേക്ക് സ്വാഗതം ചെയ്തു. മാര്‍പാപ്പയുടെ സന്ദര്‍ശനം പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിനും മതസൗഹാര്‍ദം ഊട്ടിയുറപ്പിക്കാനും രാഷ്ട്രങ്ങള്‍ക്കിടിയുലം ലോകത്തും സമാധാനം നിലനിര്‍ത്തുന്നതിന് ഒന്നിച്ചു പ്രവര്‍ത്തിക്കാനും സഹായകമാകുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റിലൂടെ വ്യക്തമാക്കി.

മാര്‍പാപ്പയുടെ ചരിത്രപരമായ സന്ദര്‍ശനത്തിനായി യുഎഇ കാത്തിരിക്കുകയാണെന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ ട്വീറ്റ് ചെയ്തു. 

Latest News