ഹായിൽ- ഹായിൽ പ്രവിശ്യയിൽ പെട്ട ബഖ്ആയിൽ വൈദ്യുതി വിതരണം സ്തംഭിച്ച ഡിസ്ട്രിക്ടുകളിൽ എത്രയും വേഗം വൈദ്യുതി പുനഃസ്ഥാപിക്കുന്നതിന് ഹായിൽ ഗവർണർ അബ്ദുൽ അസീസ് ബിൻ സഅദ് രാജകുമാരൻ സൗദി ഇലക്ട്രിസിറ്റി കമ്പനിക്കും ബന്ധപ്പെട്ട വകുപ്പുകൾക്കും നിർദേശം നൽകി. കനത്ത മഴക്കും കാറ്റിനുമിടെ പോസ്റ്റ് നിലം പതിച്ചാണ് ബഖ്ആയിൽ വൈദ്യുതി മുടങ്ങിയത്.
ഹായിൽ-ബഖ്ആ റോഡിൽ ക്യാമ്പ് അൽ തുനയ്യാനു സമീപം ബുധനാഴ്ച വൈകീട്ട് ഏഴു മണിക്കാണ് പ്രധാന വൈദ്യുതി ടവർ നിലം പതിച്ചത്. ഇതുമൂലം ബഖ്ആയിലും സമീപത്തെ ഗ്രാമങ്ങളിലും വൈദ്യുതി മുടങ്ങി. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള ജോലികൾ ഇന്നലെ വൈകീട്ടും തുടരുകയാണ്. വൈദ്യുതി മുടങ്ങിയത് പ്രദേശത്ത് ജനജീവിതം സ്തംഭിപ്പിച്ചു. സ്‌കൂളുകളും ഓഫീസുകളും ഇരുട്ടിലായി. പെട്രോൾ ബങ്കുകൾ പ്രവർത്തനരഹിതമായി. വൈദ്യുതിയില്ലാത്തതിനാൽ പല രക്ഷിതാക്കളും മക്കളെ ഇന്നലെ സ്‌കൂളുകളിലേക്ക് അയച്ചില്ല. കരുതൽ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചതിനാൽ ബഖ്ആ ജനറൽ ആശുപത്രിയെ വൈദ്യുതി സ്തംഭനം കാര്യമായി ബാധിച്ചില്ല.
ബുധനാഴ്ച പെയ്ത അതിശക്തമായ മഴയെ തുടർന്ന് ലെയ്ത്തിലെ റുബൂഉൽ ഐനിൽ ഏതാനും അധ്യാപിക അധ്യാപകന്മാർ മൂന്ന് മണിക്കൂറോളം വഴിയിൽ കുടുങ്ങി. ലെയ്ത്ത് മേഖലയിലെ ബനീ യസീദ്, ഹഖാൽ, ദസിൻ, ഉമൈഖ, ജദം എന്നിവിടങ്ങളിൽ റോഡ് സുരക്ഷിതമാണെന്ന് നഗരസഭകളും അനുബന്ധ വകുപ്പുകളും ഉറപ്പുനൽകുന്നത് വരെ അധ്യാപികമാരുമായി പോകുന്ന വാഹനങ്ങളിലെ ഡ്രൈവർമാർ മണിക്കൂറുകളോളം കാത്തുനിന്നു. കനത്ത മഴ സമയമായിട്ടും സ്‌കൂളുകൾക്ക് അവധി നൽകാത്ത ലെയ്ത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയിൽ അധ്യാപകരും രക്ഷിതാക്കളും രോഷം പ്രകടിപ്പിച്ചു.