Sorry, you need to enable JavaScript to visit this website.

കോട്ടയം ലോക്‌സഭാ സീറ്റ്  ഉമ്മൻ ചാണ്ടിക്ക് നൽകും 


കോട്ടയം - കോട്ടയം ലോക്‌സഭാ സീറ്റ് ഉമ്മൻ ചാണ്ടിക്ക് കേരള കോൺഗ്രസ് വിട്ടുകൊടുക്കും. പകരം ഇടുക്കി സ്വീകരിക്കുമെന്ന രാഷ്ട്രീയ അഭ്യൂഹം വീണ്ടും പരക്കുകയാണ്. എന്നാൽ നിലവിലുളള സാഹചര്യത്തിൽ അത്തരമൊരു സാധ്യത ഇല്ലെന്നു തന്നെയാണ് കോട്ടയത്തെ രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം. കോട്ടയത്തിന്റെ ലോക്‌സഭാംഗമായിരുന്ന ജോസ് കെ. മാണിക്ക് രാജ്യസഭാ പ്രവേശനം ഉറപ്പാക്കിയതോടെയാണ് ഇത്തരമൊരു പ്രചാരണം ശക്തിപ്പെട്ടത്. കോട്ടയം സീറ്റ് കോൺഗ്രസിലെ എ ഗ്രൂപ്പിന് വെച്ചുമാറാം എന്ന വ്യവസ്ഥയോടെയാണെന്നായിരുന്നു ഒരു വിഭാഗത്തിന്റെ കണ്ടെത്തിൽ. കേരള കോൺഗ്രസ് നേതൃത്വമാകട്ടെ, പതിവുപോലെ സമയമാകുമ്പോൾ കാണാം എന്ന രീതിയിൽ നിസ്സംഗ നിലപാട് എടുത്തു.
ലോക്‌സഭാ സീറ്റ് നിലവിൽ എംഎൽഎയായ ഉമ്മൻ ചാണ്ടിക്കു വിട്ടുകൊടുക്കുമോ. കൊടുത്താൽ തന്നെ മത്സരിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം. പുതുപ്പള്ളിക്കാരുടെ കുഞ്ഞുഞ്ഞ് ഒരു ചരിത്ര നേട്ടത്തിനരികെയാണെന്നതാണ് പ്രത്യേകത. പുതുപ്പള്ളിയിൽ നിന്നും നിയമസഭയിലെത്തിയിട്ട് 48 വർഷമാകുന്നു. 1970 ലാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ വിജയ യാത്ര തുടങ്ങുന്നത്. സിപിഎമ്മിലെ ഇ.എം ജോർജിനെ തോൽപിച്ച് അസംബഌയിലേക്ക്. 2020 ൽ കുഞ്ഞുഞ്ഞിന്റെ നിയമസഭാ പ്രവേശത്തിന്റെ 50 ാം വാർഷികമാണ്. അതായത് രാജ്യത്ത് മറ്റൊരു കോൺഗ്രസ് എംഎൽഎക്കും ലഭിക്കാത്ത ബഹുമതി. ഈ ചരിത്ര നേട്ടത്തിന് അരികിലെത്തി നിൽക്കേ നിയമസഭാഗത്വം രാജിവെച്ച് ഉമ്മൻ ചാണ്ടി ലോക്‌സഭയിലേക്ക് പോകുമോ എന്നാണ് കോൺഗ്രസ് ക്യാമ്പിന്റെ സംശയം. 2019 ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ലോക്‌സഭയിലേക്ക് മത്സരിച്ചാൽ അതോടെ നിയമസഭാംഗത്വം രാജിവെയ്ക്കണം. 
അതേസമയം കോട്ടയം സീറ്റിൽ എ ഗ്രൂപ്പിന് കണ്ണുണ്ട്. അത് ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനു വേണ്ടിയാണെന്നാണ് മറ്റൊരു അഭ്യൂഹം. ന്യൂദൽഹിയിൽ വിദ്യാഭ്യാസവും ദേശീയ രാഷ്ട്രീയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്ത ചാണ്ടി ഉമ്മനെ ലോക്‌സഭയിലെത്തിക്കാൻ കോട്ടയം ഉപയോഗപ്പെടുത്തിയേക്കാം. 
എന്നാൽ കോൺഗ്രസ് സീറ്റായിരുന്ന കോട്ടയം മാണി ഗ്രൂപ്പിന്  നൽകിയത് 2009 ലാണ്. തുടർന്നാണ് ജോസ് കെ. മാണി മത്സരിച്ചതും കന്നി മത്സരത്തിൽ സിറ്റിംഗ് എം.പിയായിരുന്ന സുരേഷ് കുറുപ്പിനെയാണ് തോൽപിച്ചത്. കഴിഞ്ഞ തവണ റെക്കോർഡ് ഭൂരിപക്ഷത്തോടയാണ് ജയിച്ചത്. മൂന്നാമങ്കത്തിനും ജോസ് കെ മാണി തന്നെ എത്തുമെന്നായിരുന്നു കണക്കുകൂട്ടൽ. പക്ഷേ അപ്രതീക്ഷിതമായി യുഡിഎഫ് തങ്ങൾക്ക് ഒഴിവു വന്ന ലോക്‌സഭാ സീറ്റ് മാണി ഗ്രൂപ്പിന് നൽകി. എന്നാൽ പിന്നീട് സംഭവിച്ചത് കേരള കോൺഗ്രസ് പോലും സ്വപ്‌നം കാണാത്ത ഒന്നായിരുന്നു. ആറു മാസം കാലാവധി ശേഷിക്കേ ലോക്‌സഭാംഗത്വം രാജിവെച്ച് ജോസ് കെ മാണി രാജ്യസഭയിലേക്ക് പോയി. 
മത്സരിച്ച രണ്ടു തവണയും ജയിച്ച ജോസ് കെ മാണി എന്തിന് രാജ്യസഭയിലേക്ക് തിടുക്കത്തിൽ പോയി എന്നതാണ് രാഷ്ട്രീയത്തിലെ അലിഖിത ധാരണയെന്ന സംശയം ഉയർത്തിയത്. പത്തു വർഷം മുമ്പ് വിട്ടുകൊടുത്ത സീറ്റ് കോൺഗ്രസ് തിരിച്ചുവാങ്ങി പകരം ഇടുക്കി നൽകുമെന്നാണ് അഭ്യൂഹം. കേരള കോൺഗ്രസ് സീറ്റ് വിട്ടുകൊടുക്കുകയില്ലെന്നും സ്ഥാനാർഥി ഉണ്ടാകുമെന്നുമാണ് പാർട്ടി നേതൃത്വം ഇപ്പോൾ പറയുന്നത്. 
ലോക്‌സഭാ സീറ്റിൽ പാർട്ടിയുടെ വിശ്വസ്തനുമാത്രമേ നൽകൂ എന്നതിനാൽ മറ്റു പല പേരുകളും പ്രചരിച്ചു. ഇതൊന്നും നേതൃത്വം തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ല. കോട്ടയം സീറ്റ് ചർച്ചാ വിഷയമായി തന്നെ തുടരുന്നു.

 

Latest News