Sorry, you need to enable JavaScript to visit this website.

മുജാഹിദ് ഐക്യത്തിന്റെ പേരിൽ താൻ ആരെയും  വഞ്ചിച്ചിട്ടില്ല -ഡോ.  ഹുസൈൻ മടവൂർ

കോഴിക്കോട്- തന്നോടൊപ്പമുണ്ടായിരുന്ന ആരെയും മുജാഹിദ് ഐക്യത്തിന്റെ പേരിൽ താൻ വഞ്ചിച്ചിട്ടില്ലെന്ന് കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ. വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
മടവൂരിന്റെ കൂടെ സംഘടനയിലുണ്ടായിരുന്നവരെ ഐക്യത്തിന്റെ പേരിൽ വഞ്ചിച്ചുവെന്ന ആക്ഷേപം ഉയർത്തിക്കാട്ടിയപ്പോഴാണ് ഡോ. ഹുസൈൻ മടവൂർ ഇങ്ങനെ പ്രതികരിച്ചത്. ഐക്യമെന്നത് എല്ലാവരും ഒന്നിച്ചെടുത്ത തീരുമാനമാണ്. കെ.എൻ.എം മുതൽ എല്ലാ കീഴ്ഘടകങ്ങളുടെയും സംസ്ഥാന കൗൺസിൽ ഉൾപ്പെടെ വിളിച്ചു ചേർത്ത് തീരുമാനമെടുത്താണ് ഐക്യശ്രമങ്ങൾക്ക് തുടക്കം കുറിച്ചത്. ഈ കരാറിൽ നിന്ന് ഇപ്പോൾ ആരെങ്കിലും പിരിഞ്ഞുപോയിട്ടുണ്ടെങ്കിൽ അതാണ് വഞ്ചനയെന്നും മടവൂർ പറഞ്ഞു. കെ.എൻ.എം കോഴിക്കോട്ട് നാളെ സംഘടിപ്പിക്കുന്ന മുജാഹിദ് ബഹുജന സമ്മേളനത്തെ കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്തതായിരുന്നു വാർത്താസമ്മേളനം. 
ഐക്യ ചർച്ചയിൽ പങ്കെടത്തിരുന്ന സി.പി ഉമർസുല്ലമി സംഘടന വിട്ടുപോയതിനെ കുറിച്ച ചോദ്യത്തിന്, അതിനു മറുപടി പറയേണ്ടത് അദ്ദേഹമാണെന്ന് കെ.എൻ.എം പ്രസിഡന്റ ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു. കെ.എൻ.എം എന്ന രജിസ്‌ട്രേഡ് നാമം ഇനിയും അനധികൃതമായി ആരെങ്കിലും ഉപയോഗിച്ചാൽ അത്തരക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കും. നവോത്ഥാന പരിഷ്‌കരണ ശ്രമങ്ങൾ നിയമം വഴിയല്ല സമൂഹത്തിൽ പ്രചരിപ്പിക്കേണ്ടത്. മറ്റൊരു മതത്തിലെ വിഷയമായതിനാൽ സംഘടന ഇടപെടാനുദ്ദേശിക്കുന്നില്ലെന്ന് ശബരിമല സ്ത്രീ പ്രവേശത്തെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായി ടി.പി പറഞ്ഞു. വനിതാ മതിൽ പരിപാടിയിൽ പങ്കെടുക്കുന്നവരും പങ്കെടുക്കാത്തവരുമെല്ലാം തങ്ങളുടെ കൂട്ടത്തിലുണ്ടാകാമെന്നും ഇതൊരു രാഷ്ട്രീയ വിഷയമായതിനാൽ സംഘടന അഭിപ്രായം പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
'കിത്താബ്' നാടക വിവാദം ഇപ്പോൾ പ്രസക്തമല്ലെന്നും നാടകം സംഘടിപ്പിച്ചവർ തന്നെ പിൻവലിച്ചതിനാൽ വിവാദത്തിന്റെ ആവശ്യമില്ലെന്നും പെൺകുട്ടികൾക്ക് ബാങ്ക് കൊടുക്കുന്നതിനും നമസ്‌കരിക്കുന്നതിനും പ്രശ്‌നമില്ലെന്നും അവരത് പലയിടങ്ങളിലും ഇപ്പോൾ തന്നെ ചെയ്യുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കെ.എൻ.എം ജനറൽ സെക്രട്ടറി പി.പി ഉണ്ണീൻ കുട്ടി മൗലവി, വൈസ് പ്രസിഡന്റ് പ്രൊഫ. എൻ.വി അബ്ദുറഹ്മാൻ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Latest News