തൃശൂർ - തൃശൂർ ശ്രീ കേരളവർമ കോളേജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കവിതാ മോഷണ വിവാദത്തിലകപ്പെട്ടതിനെ തുടർന്ന് കോളേജ് പ്രിൻസിപ്പാളിനോട് കൊച്ചിൻ ദേവസ്വം ബോർഡ് വിശദീകരണം തേടി. ദീപയുടെ കോപ്പിയടി വിവാദം കോളേജിന് മാനക്കേടുണ്ടാക്കിയെന്ന വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കൊച്ചിൻ ദേവസ്വം ബോർഡ് കേരളവർമ കോളേജ് പ്രിൻസിപ്പാളിനോട് അഭിപ്രായം ആരാഞ്ഞത്. കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിലാണ് കേരളവർമ കോളേജ്.
കലേഷിന്റെ കവിത ദീപ നിശാന്ത് സ്വന്തം പേരിൽ അധ്യാപക സംഘടനയുടെ മാഗസിനിൽ പ്രസിദ്ധീകരിച്ചത് വിവാദമായതോടെ ദീപക്കെതിരെ വ്യാപക വിമർശനം ഉയരുകയും കോളേജിന് മാനക്കേടായെന്ന് പരക്കെ അഭിപ്രായമുണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം തൃശൂർ നഗരത്തിൽ പ്രത്യക്ഷപ്പെട്ട ദീപക്കെതിരെയുള്ള പോസ്റ്ററുകളിലും കേരളവർമയ്ക്ക് നാണക്കേടായി ദീപ എന്നതരത്തിലായിരുന്നു അധിക്ഷേപങ്ങൾ. ദീപയുടെ സർട്ടിഫക്കറ്റുകൾ വ്യാജമാണോ എന്ന് പരിശോധിക്കണമെന്നും പോസ്റ്റുകളിൽ ആവശ്യമുയർന്നിരുന്നു.
എന്നാൽ കോളേജുമായി ബന്ധപ്പെട്ട വിവാദമല്ല ഇപ്പോൾ ഉണ്ടായിട്ടുള്ളതെന്നുള്ളതിനാൽ ദീപക്കെതിരെ നടപടികളാവശ്യമില്ലെന്ന നിലപാടാണ് ബോർഡിന്റേത്. ദീപ നിശാന്ത് മറ്റൊരാളുടെ കവിത സ്വന്തം പേരിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നുണ്ടായ വിവാദം തികച്ചും വ്യക്തിപരമെന്നാണ് ബോർഡ് പ്രാഥമികമായി വിലയിരുത്തിയത്. എന്നാൽ ചില അധ്യാപക സംഘടനകൾ സംഭവത്തെക്കുറിച്ച് ബോർഡ് അന്വേഷിച്ച് നടപടിയെടുക്കണമെന്ന ആവശ്യം ഉന്നയിച്ചതോടെയാണ് ബോർഡ് സംഭവത്തെക്കുറിച്ച് കോളേജ് പ്രിൻസിപ്പാളിനോട് അഭിപ്രായം ചോദിച്ചിരിക്കുന്നത്. അഭിപ്രായം അറിഞ്ഞ ശേഷം അടുത്ത നടപടികളിലേക്ക് കടക്കാമെന്ന നിലപാടാണ് കൊച്ചിൻ ദേവസ്വം ബോർഡ് കൈക്കൊണ്ടിരിക്കുന്നത്.