- ഉപയോഗപ്പെടുത്താൻ ശ്രമിച്ചത് 1939 ൽ റിസർവ് ചെയ്ത വനഭൂമി
കൽപറ്റ- കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766 ൽ മൂലങ്കാവു മുതൽ നായ്‌ക്കെട്ടി അങ്ങാടി വരെയും എടത്തന മുതൽ സംസ്ഥാന അതിർത്തിവരെയും വീതി കൂട്ടുന്നതിനു നിയമ തടസ്സം നീങ്ങണം. 1939 മെയ് ഒന്നിനു റിസർവ് ചെയ്തതാണ് ദേശീയ പാത അതോറിറ്റി റോഡിന്റെ വീതി കൂട്ടുന്നതിനായി ഉപയോഗപ്പെടുത്താൻ ശ്രമിച്ച സ്ഥലം. നൂൽപുഴ വില്ലേജ് പരിധിയിലാണിത്.
ഭൂമി ഡീ റിസർവ് ചെയ്യാത്തിടത്തോളം ദേശീയ പാത അതോറിറ്റി ആസൂത്രണം ചെയ്ത വിധത്തിൽ റോഡിന്റെ വീതി കൂട്ടലും മറ്റു പ്രവൃത്തികളും നടത്താനാകില്ലെന്നു നിയമ രംഗത്തുള്ളവർ പറയുന്നു. 1961 ലെ കേരള ഫോറസ്റ്റ് ആക്ട്, 1972 ലെ വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ട് എന്നിവയിലെ വിവിധ വകുപ്പുകളും റോഡ് വീതി കൂട്ടലിനു തടസ്സമാണ്.
വയനാട് വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന ദേശീയ പാതയിൽ മൂലങ്കാവിനും സംസ്ഥാന അതിർത്തിക്കുമിടയിൽ റിസർവിൽപെട്ട ഭാഗം വീതികൂട്ടുന്നതും നായ്‌ക്കെട്ടി ചിത്രാലക്കരയിൽ കലുങ്കു നിർമിക്കുന്നതും വനം-വന്യജീവി വകുപ്പ് തടഞ്ഞത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനു കാരണമായിരുന്നു. റോഡിന്റെ ദേശീയപാത പദവി ഇല്ലാതാക്കാനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് പലരും വനം-വന്യജീവി വകുപ്പിന്റെ നടപടിയെ വ്യാഖ്യാനിച്ചത്. പ്രവൃത്തി വിലക്കിയതിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സന്ധ്യയോടെ ബത്തേരിയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗിന്റെയും യുവജനക്കൂട്ടായ്മയുടെയും സംയുക്താഭിമുഖ്യത്തിൽ വിളക്കണയ്ക്കൽ സമരം നടത്തുകയുണ്ടായി.
ദേശീയ പാത വികസനത്തിനു വനം-വന്യജീവി വകുപ്പ് ബോധപൂർവം ഉടക്കിടുന്നു എന്ന നിലപാടിലാണ് ജനങ്ങളിൽ ഒരു വിഭാഗം. എന്നാൽ നിയമ ലംഘനമായതിനാൽ റിസർവിൽ റോഡ് വീതികൂട്ടലും മറ്റു പ്രവൃത്തികളും അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് വനം-വന്യജീവി വകുപ്പ്. സമര മുഖത്തുള്ളവർ ദേശീയ പാതയുടെ വശങ്ങളിൽ വീതി കൂട്ടുന്നതിനും മറ്റു നിർമാണങ്ങൾക്കും ആവശ്യമായ സ്ഥലം റിസർവിൽനിന്നു നിയമപരമായി ഒഴിവാക്കുന്നതിനുള്ള ശ്രമമാണ് നടത്തേണ്ടതെന്നും വകുപ്പുദ്യോഗസ്ഥർ പറയുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് സ്ഥലം ഡീറിസർവ് ചെയ്ത് വിജ്ഞാപനം ഇറക്കേണ്ടത്.
ദേശീയ പാതയിൽ മൂലങ്കാവിനും സംസ്ഥാന അതിർത്തിക്കുമിടയിലുള്ള ഭാഗത്തു നിലവിൽ ഏഴ് മീറ്ററാണ് വീതി. റോഡിൽ 11.8 കിലോമീറ്റർ ഇരുവശത്തും ഒന്നര മീറ്റർ വീതം ടാറിംഗും അത്രതന്നെ അളവിൽ സോളിംഗും നടത്തി വീതി 13 മീറ്ററായി വർധിപ്പിക്കാനായിരുന്നു ദേശീയ പാത അതോറിറ്റിയുടെ പദ്ധതി. അതോറിറ്റി കോഴിക്കോട് ഡിവിഷൻ ചുമതലപ്പെടുത്തിയ കരാറുകാരൻ പ്രവൃത്തി ആരംഭിച്ച ഘട്ടത്തിലായിരുന്നു വനം-വന്യജീവി വകുപ്പിന്റെ ഇടപെടൽ.
പ്രവൃത്തി തടഞ്ഞ ഉദ്യോഗസ്ഥർ നിയമ ലംഘനത്തിനു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെയോ സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെയോ അനുമതി തേടാതെയാണ് ദേശീയ പാത അതോറിറ്റി പ്രവൃത്തി ആരംഭിച്ചത്.
ദേശീയ പാതയുടെ വശങ്ങളിലുള്ളതിൽ 1991 ലെ റീസർവേയ്ക്കു ശേഷം റവന്യൂ വകുപ്പ് കൈമാറിയ ഭൂമിയിലാണ് വികസന പ്രവൃത്തികൾ നടത്തിയതെന്നാണ് ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരുടെ വാദം. എന്നാൽ റിസർവ് ചെയ്ത ഭൂമിയുടെ രേഖകളിൽ റവന്യൂ വകുപ്പ് വരുത്തുന്ന മാറ്റങ്ങൾക്കു നിയമ സാധുതയില്ലെന്നും ഇക്കാര്യം കർണാടക സർക്കാറും ഐ.എസ് നിർവാണ ഗൗഡയുമായുള്ള കേസിൽ 2007 ൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വനം-വന്യജീവി വകുപ്പുദ്യോഗസ്ഥർ പറയുന്നു.
ശ്രദ്ധയിൽപെട്ട നിയമ ലംഘനത്തിനെതിരെ നടപടിയെടുത്തില്ലെങ്കിൽ ബന്ധപ്പെട്ട വനം-വന്യജീവി വകുപ്പുദ്യോഗസ്ഥൻ കേസിൽ കുടുങ്ങുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഫോറസ്റ്റ് റിസർവിൽ റീസർവേ നടത്തി രേഖകളിൽ മാറ്റം വരുത്തുക വഴി റവന്യൂ അധികൃതർ നടത്തിയതും നിയമ ലംഘനമാണെന്നു അഭിപ്രായപ്പെടുന്നവരും വനം-വന്യജീവി വകുപ്പിലുണ്ട്.
1973 മെയ് 30 നു നിലവിൽവിന്ന വയനാട് വന്യജീവി സങ്കേതം പരിധിയിലാണ് കല്ലൂർ റിസർവ് വനം. റവന്യൂ വകുപ്പിന്റെ റീസർവേയും രേഖകളിൽ വരുത്തിയ തിരുത്തലുകളും വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 26(3) ന്റെ ലംഘനമാണ്. നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ അനുമതിയില്ലാതെ വന്യജീവി സങ്കേതത്തിന്റെ അതിരുകളിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാറിനു അധികാരമില്ല.