കാസർകോട് - കാസർകോട് ജില്ലയുടെ സ്വപ്‌ന പദ്ധതിയായ ചെറുകിട വിമാനത്താവളം പെരിയയിൽ സ്ഥാപിക്കുന്നത് സംബന്ധിച്ച നീക്കങ്ങൾ പുരോഗമിക്കുന്നു. മഹീന്ദ്ര ആൻറ് മഹീന്ദ്ര കമ്പനി പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ ഇന്ന് കാസർകോട്ട് എത്തുന്നുണ്ട്. മഹീന്ദ്ര ആൻറ് മഹീന്ദ്ര കമ്പനി പ്രതിനിധി കെ എൻ ജി നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് കാസർകോട് എത്തുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ, ജില്ലാ കലക്ടർ ഡോ. ഡി സജിത്ത് ബാബു എന്നിവരുമായി കൂടിക്കാഴ്ച നടത്തുന്ന സംഘം പിന്നീട് വിമാന താവളത്തിനായി നീക്കിവെച്ച പെരിയയിലെ നിർദിഷ്ട സ്ഥലം സന്ദർശിക്കും.
ദേശീയ പാതക്കും കേന്ദ്ര സർവ്വകലാശാലക്കും അടുത്തയാണ് നിർദിഷ്ട സ്ഥലം കണ്ടെത്തിയിരിക്കുന്നത്. 75 കോടി രൂപയാണ് വിമാനത്താവള നിർമാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. 1400 മീറ്റർ നീളവും 30 മീറ്റർ വീതിയുമുള്ള റൺവേയാണ് ഇതിന് വേണ്ടി നിർമിക്കേണ്ടത്. 8, 12, 22, 72 പേർക്ക് സഞ്ചരിക്കാവുന്ന ആഭ്യന്തര വിമാന സർവീസ് ആണ് പെരിയയിൽ നിന്ന് തുടങ്ങാൻ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ബജറ്റിൽ ചെറുകിട വിമാനത്താവളം യാഥാർഥ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.
മഹീന്ദ്ര ആൻറ് മഹീന്ദ്ര കമ്പനി വിമാനത്താവള നിർമാണത്തിനുള്ള മുതൽമുടക്കിൽ പങ്കാളികളാകാമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. പദ്ധതിയുടെ മറ്റു കാര്യങ്ങളെല്ലാം ചർച്ച ചെയ്തു തീരുമാനം കൈക്കൊള്ളാനാണ് കമ്പനി അധികൃതർ എത്തുന്നത്. സ്വകാര്യ സംരംഭകരും പ്രവാസികളും വ്യക്തികളും കമ്പനികളും വിമാനത്താവള നിർമാണത്തിന് സഹകരിക്കാൻ മുന്നോട്ടു വന്നിട്ടുണ്ട്.
മഹീന്ദ്ര കമ്പനിക്ക് സ്വന്തമായി ചെറുകിട വിമാനം ഉള്ളതിനാൽ കൂടുതൽ ഓഹരികൾ എടുക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത് . ബംഗളൂരു, തിരുവനന്തപുരം, ഗോവ, മുംബൈ, അഹമ്മദാബാദ്, ലഖനൗ, ദൽഹി, ചെന്നൈ, ഹൈദരാബാദ്, ജയ്പുർ തുടങ്ങിയ പ്രമുഖ വിമാനത്താവളവുമായി ബന്ധപ്പെട്ടു ആഭ്യന്തര സർവീസ് നടത്താനാണ് നിലവിൽ ആലോചനകൾ നടക്കുന്നത്.
ബേക്കൽ അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രം, പെരിയ കേന്ദ്ര സർവകലാശാല, കാസർകോട് എച്ച് എ എൽ, തളങ്കര മാലിക് ദീനാർ വലിയ ജുമാഅത്ത് പള്ളി, കാഞ്ഞങ്ങാട് ആനന്ദാശ്രമം, വലിയപറമ്പ തീരദേശ ടൂറിസ്റ്റ് കേന്ദ്രം, റാണിപുരം തുടങ്ങിയ പ്രധാന കേന്ദ്രങ്ങൾ കാസർകോട് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്. മാത്രവുമല്ല, കാസർകോട് ജില്ലയിലെ വ്യാപാരികൾ കൂടുതലായും സാധനങ്ങൾ വാങ്ങാൻ ആശ്രയിക്കുന്നത് മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, ജയ്പുർ , ലഖ്‌നൗ, ദൽഹി തുടങ്ങിയ സ്ഥലങ്ങളെയാണ്.
തീവണ്ടികൾ ആശ്രയിച്ചാണ് ഭൂരിഭാഗം പേരും ഇപ്പോൾ പോകുന്നത്. ഉത്തര കേരളത്തിലെ ഗൾഫ് മലയാളികൾ വിദേശത്തേക്കുള്ള പോക്കുവരവിന് അന്യസംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളെയാണ് ആശ്രയിക്കുന്നത്. കണക്ടഡ് വിമാനം കിട്ടുകയാണെകിൽ ഏറെ ഉപകാരപ്രദമായിരിക്കും.
റോഡ്, റെയിൽവേ ഗതാഗതം ദുഷ്‌കരമായ സാഹചര്യത്തിൽ പെരിയയിൽ വിമാനത്താവളം സ്ഥാപിച്ചാൽ ഈ പ്രയാസങ്ങളെല്ലാം ഒരു പരിധി വരെ പരിഹരിക്കാൻ കഴിയും. കമ്പനി പ്രതിനിധികൾ വരുന്നതിൽ വലിയ പ്രതീക്ഷയുണ്ടെന്നും പെരിയ എയർ സ്ട്രിപ്പ് യാഥാർഥ്യമാക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നും ജില്ലാ കലക്ടർ ഡോ. സജിത് ബാബു പറയുന്നു.