Sorry, you need to enable JavaScript to visit this website.

കരിപ്പൂർ: ഒരു ചെറു സമരസംഘം നേടിയെടുത്ത വിജയം

കരിപ്പൂർ റൺവേ പുനരുദ്ധാരണമെന്നു പറഞ്ഞാണ് 2015 മേയ് 1 മുതൽ വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. അതൊരു സാധാരണ നടപടിക്രമമായിരിക്കുമെന്നും തൽക്കാലത്തേക്കായിരിക്കുമെന്നും വിചാരിച്ചു. എന്നാൽ അന്നു തന്നെ അതിലെ അസാധാരണത്വം മനസ്സിലാക്കിയ ചലരെങ്കിലുമുണ്ട്. വ്യക്തമായ ഗൂഢാലോചന അതിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് പറഞ്ഞവരും എഴുതിയവരും ഉണ്ടായിട്ടുണ്ട്. പക്ഷേ അധികമാരും അന്നതിനു ചെവി കൊടുത്തില്ലായിരുന്നു. എന്നാൽ അത്തരം സംശയങ്ങൾക്ക് ബലം നൽകുന്നതായിരുന്നു കരിപ്പൂരിനു വേണ്ടി പോരാട്ടങ്ങൾക്കിറങ്ങിത്തിരിച്ചവരുടെ പിന്നീടുള്ള അനുഭവങ്ങൾ.
ചില ലോബികളുടെ ഇടപെടലും അവർക്കു വേണ്ടി ഉന്നത ഉദ്യോഗസ്ഥതല ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നത് വ്യക്തം. മാസങ്ങൾ പിന്നിട്ടിട്ടും റൺവേയുടെ പുനരുദ്ധാരണം ഒച്ചിഴയും വേഗത്തിൽ പോലും നടക്കാതിരിക്കുകയും, തൽക്കാലത്തേക്ക് നിറുത്തൽ ചെയ്ത വലിയ വിമാനങ്ങളുടെ സർവീസ് പിന്നീടങ്ങോട്ട് സ്ഥിരമായി നിരോധിക്കുകയും ചെയ്തു. ഡൽഹി കേന്ദ്രീകരിച്ച് ഒരു മലയാളി ഉദ്യോഗസ്ഥനാണ് കരിപ്പൂരിനെതിരെ നടന്ന ഗൂഢാലോചനയ്ക്ക് ചുക്കാൻ പിടിച്ചതെന്ന് തെളിഞ്ഞു. കരിപ്പൂരിനായി പരിശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റമോ ദുരനുഭവങ്ങളോ ഉണ്ടായിക്കൊണ്ടിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് ചിലർ നന്നായി കളിച്ചു.
കരിപ്പൂരിന് വലിയ വിമാനങ്ങൾ നിഷേധിച്ചതു കാരണം ഗൾഫിൽ ജോലി ചെയ്യുന്ന മലബാറിലെ ലക്ഷക്കണക്കിനു പ്രവാസികളാണു ദുരിതത്തിലായത്. മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകൾ പൂർണമായും, കണ്ണൂർ, തൃശൂർ ജില്ലകൾ ഭാഗികമായും കരിപ്പൂരിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാത്രമല്ല ഹജ്, ഉംറ സർവീസുകളേയും അതു കാര്യമായി ബാധിച്ചു. സൗദി പ്രവാസികളാകട്ടെ തൊണ്ണൂറു ശതമാനവും ഈ മേഖലകളിൽ നിന്നുള്ളവരായിരുന്നുതാനും. 
കരിപ്പൂരിൽനിന്ന് നേരിട്ടുള്ള ജിദ്ദാ സർവീസ് പൂർണമായും നിർത്തിവെക്കപ്പെട്ടത് ഹജ്, ഉംറ തീർഥാടകരുടെ യാത്രകൾ ദുഷ്‌കരമാക്കി. ചെറിയ വിമാനങ്ങൾ ജിദ്ദയിലേക്ക് നേരിട്ട് പറക്കാൻ മാത്രം ഇന്ധനശേഷി ഇല്ലാത്തവ ആയിരുന്നതിനാൽ തീർഥാടകർക്ക് നെടുമ്പാശ്ശേരിയെ ആശ്രയിക്കുക മാത്രമേ മാർഗമുണ്ടായിരുന്നുള്ളൂ. അങ്ങനെ 2015 ലെ ഹജ് സർവീസ് നെടുമ്പാശ്ശേരിയിലേക്കു മാറ്റി. കോടികൾ ചെലവഴിച്ചു പണി തീർത്ത കരിപ്പൂരിലെ ഹജ് ഹൗസ് മാറാല പിടിച്ചു കിടന്നു. ഹജ് ക്യാമ്പ് അടക്കം കൊച്ചിയിലേക്കു മാറ്റി സ്ഥാപിക്കപ്പെട്ടു. അങ്ങനെ കോഴിക്കോടിനു സ്വന്തമായിരുന്ന ഹജ് എംബാർക്കേഷൻ പോയിന്റ് കൊച്ചിയിലേക്കു പറിച്ചു നടപ്പെട്ടു. തുടർന്നങ്ങോട്ടുള്ള നാലു ഹജ് കാലങ്ങളിൽ നെടുമ്പാശേരി നിന്നാണ് ഹാജിമാർ വിമാനം കയറിയത്. ബഹുഭൂരിഭാഗം വരുന്ന മലബാറിലെ ഹാജിമാർക്ക് ഇതു തെല്ലൊന്നുമല്ല പ്രയാസമുണ്ടാക്കിയത്. 
വലിയ വിമാനങ്ങളുടെ നിഷേധം സൗദിയുമായി നേരിട്ടുള്ള വ്യോമഗതാഗതത്തെ പ്രതികൂലമായി ബാധിച്ചു. അത് കരിപ്പൂർ വഴിയുള്ള പച്ചക്കറി അടക്കമുള്ള ഭക്ഷ്യ കയറ്റുമതി ദുഷ്‌ക്കരമാക്കി. കാർഗോ, ടൂറിസം മേഖലകളെയും ബാധിച്ചു. കരിപ്പൂരിലെ പ്രതിസന്ധി കോഴിക്കോട്ടേയും കൊണ്ടോട്ടിയിലേയും തൊഴിൽ, കച്ചവട മേഖലകളെ തകർത്തു കളഞ്ഞു. പ്രതാപകാലത്തെ കരിപ്പൂരും പരിസരവും ഇപ്പോഴത്തെ കരിപ്പൂരും പറഞ്ഞറിയിക്കാനാകാത്തവിധം ഭീതിദമായി വ്യത്യാസപ്പെട്ടു.
ഏറെ അദ്ഭുതപ്പെടുത്തുന്ന കാര്യം എന്തെന്നാൽ ഒരു പ്രദേശത്തെയാകെ ഇത്രയേറെ ബാധിച്ചിട്ടും, അവിടങ്ങളിലെ വിദേശത്തു ജോലി ചെയ്യുന്ന ലക്ഷക്കണക്കായ മനുഷ്യരെ ഇക്കോലത്തിൽ പ്രയാസപ്പെടുത്തിയിട്ടും ജനങ്ങൾക്കിടയിൽ ആഴത്തിൽ വേരോട്ടമുള്ള മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളാരും ഇത് അർഹിക്കുന്ന ഗൗരവത്തിൽ പരിഗണിച്ചില്ല എന്നുള്ളതാണ്.
മലബാറിലെ പ്രധാനപ്പെട്ട എല്ലാ കക്ഷികളും ഇക്കാര്യത്തിൽ ഒരേപോലെ പ്രതികളാണ്. അവർ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ഇത് ഇത്രയധികം വെച്ചു നീളുമായിരുന്നില്ല. കാരണം ഡൽഹി കേന്ദ്രമായി ചില ഉദ്യോഗസ്ഥർ ആർക്കോ വേണ്ടി നടത്തുന്ന കരുതിക്കൂട്ടിയുള്ള 'പാര' മാത്രമായിരുന്നു കരിപ്പൂരിനു മുമ്പിലുണ്ടായിരുന്ന വിഘാതം. അതാകട്ടെ നമ്മുടെ ജനപ്രതിനിധികൾ ഒന്നുറക്കെ ഒച്ച വെച്ചാൽ തീർക്കാമായിരുന്നു. 
കരിപ്പൂരിന്റെ മോചനത്തിനായി കോഴിക്കോട്ടെ ഏതാനും ചിലർ മുൻകൈയെടുത്ത് 2015 സെപ്റ്റംബറിൽ രൂപീകരിച്ച സമരക്കൂട്ടായ്മയാണ് മലബാർ ഡവലപ്‌മെന്റ് ഫോറം. മുൻ പ്രവാസി കൂടിയായ കെ. എം ബഷീർ പ്രസിഡന്റായ ഫോറം കരിപ്പൂരിനായുള്ള മുറവിളികൾ ഏകോപിപ്പിക്കുന്നതിൽ നേതൃത്വപരമായ പങ്കു വഹിച്ചു. സമൂഹത്തിന്റെ വ്യത്യസ്ത തലങ്ങളിലുള്ളവരെയും വിവിധ രാഷ്ട്രീയപ്പാർട്ടി നേതാക്കളേയും ഒന്നിച്ചിരുത്തുന്നതിൽ വിജയിച്ചു. ഗൾഫിലേയും നാട്ടിലേയും മാധ്യമപ്രവർത്തകരും, പ്രമുഖ പ്രവാസി നേതാക്കളും എം. ഡി. എഫിന്റെ നീക്കങ്ങൾക്ക് സർവ്വ പിന്തുണയും നൽകി. മലബാറിലെ പ്രവാസികളായ പതിനായിരങ്ങൾ സോഷ്യൽ മീഡിയയിലൂടെ കരിപ്പൂരിനു വേണ്ടിയുള്ള സമര നീക്കങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. എം ഡി എഫ് നേതൃത്വം സമര പരമ്പരകൾ തന്നെ സംഘടിപ്പിച്ചു. ആദ്യ ഘട്ടത്തിൽ കോഴിക്കോട്ടും, എയർപോർട്ട് പരിസരത്തും 'സേവ് കരിപ്പൂർ എന്ന പേരിൽ  വിവിധ സമര പരിപാടികൾ നടത്തി. 2015 സെപ്റ്റംബർ 8 ന് തുടങ്ങിയ സമരം നിരവധി ഘട്ടങ്ങളായി ഡൽഹിയിലേക്ക് വരെ വ്യാപിച്ചു.


കരിപ്പൂർ രക്ഷായജ്ഞമായിരുന്നു കോഴിക്കോട്ടു എം ഡി എഫ് നടത്തിയ ആദ്യ സമരം. പിണറായി വിജയനാണ് അന്നത് ഉദ്ഘാടനം ചെയ്തത്. തെരുവിൽ അന്തിയുറങ്ങിയുള്ള രാപ്പകൽ സമരം, സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള പൊങ്കാല സമരം, രാഷ്ട്രീയ കക്ഷി നേതാക്കളെ പങ്കെടുപ്പിച്ച് തീപ്പന്ത സമരം, കോഴിക്കോട് എയർ ഇന്ത്യ ഓഫീസിനു മുന്നിൽ കൂട്ട ഉപവാസം തുടങ്ങിയ നിരവധി സമരങ്ങളാണ് കോഴിക്കോട്ടു നടത്തപ്പെട്ടത്. പ്രവാസികളുടെ പങ്കാളിത്തത്തോടെ നീതി നിഷേധത്തിനെതിരേ സോഷ്യൽ മീഡിയയിൽ 'കരിദിനാചരണം' സംഘടിപ്പിച്ചു. ഡൽഹിയിൽ വിവിധ സംഘടനകളെ പങ്കെടുപ്പിച്ച് ഗ്ലോബൽ പ്രവാസി സംഗമം നടത്തി. കരിപ്പൂർ സമര പോരാട്ടത്തിലെ തിളക്കമാർന്ന അധ്യായമായിരുന്നു 2016 ഡിസംബർ 5 ന് നടത്തിയ പാർലമെന്റ് മാർച്ച്. എ.കെ ആന്റണിയാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.
മലബാർ ഡവലപ്‌മെന്റ് ഫോറത്തിന്റെ കരിപ്പൂർ സമര മുഖത്തേക്ക് ചരിത്രകാരൻ ഡോ. എം.ജി.എസ് നാരായണൻ കടന്നു വന്നത് സമരം കൂടുതൽ ജീവസ്സുറ്റതാക്കി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന സർവ്വ കക്ഷി യോഗത്തിൽ മത, സാംസ്‌കാരിക സംഘടനാ നേതാക്കളടക്കം പങ്കുകൊണ്ടു. തെരുവിലെ സമര പരിപാടികളിൽ ഒതുക്കാതെ നിയമ പോരാട്ടത്തിനും മലബാർ ഡെവലപ്‌മെന്റ് ഫോറം മുമ്പിട്ടിറങ്ങി. 
2016 മേയ് മാസത്തോടെ റൺവേ ജോലികൾ പൂർത്തിയായിരുന്നു. എന്നിട്ടും ഓരോരോ കാരണങ്ങൾ പറഞ്ഞ് കോഡ് ഇ വിമാനങ്ങൾ കരിപ്പൂരിന് നിഷേധിക്കുകയായിരുന്നു. ഡിജിസിഎ ജോയിന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ 2016 ഏപ്രിലിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ കണ്ടെത്തിയത് 777-200 ബേസ് മോഡൽ വിമാനം കരിപ്പൂരിനാകാമെന്നാണ്. പക്ഷേ ലോകത്തെവിടെയും നിലവിലില്ലാത്ത മോഡൽ വിമാനം കരിപ്പൂരിനായി നിർദ്ദേശിച്ചത് കരിപ്പൂരിനെ തകർക്കാൻ വേണ്ടി മാത്രമായിരുന്നു. എയർപോർട്ട് അതോറിറ്റിയിലെ ഉദ്യോഗസ്ഥരിൽ കരിപ്പൂരിന്റെ വീണ്ടെടുപ്പിനായുള്ള ശ്രമങ്ങൾക്ക് എല്ലാവിധ പിന്തുണ നൽകിയവരും ഉണ്ടായിരുന്നു. ഏതായാലും മൂന്നരക്കൊല്ലങ്ങൾക്കു ശേഷം കരിപ്പൂരിനു നീതി ലഭിച്ചിരിക്കയാണ്.

Latest News