ജിദ്ദ - ഖുൻഫുദ എയർപോർട്ട് പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ ശിലാസ്ഥാപനം നിർവഹിച്ചു. മക്ക ഗവർണറേറ്റ് അണ്ടർ സെക്രട്ടറി ഡോ. ഹിശാം അൽഫാലിഹ്, ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽഹകീം അൽതമീമി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഖുൻഫുദക്ക് വടക്ക് 25 കിലോമീറ്റർ ദൂരെ 2.4 ചതുരശ്രമീറ്റർ വിസ്തീർണമുള്ള സ്ഥലത്താണ് എയർപോർട്ട് നിർമിക്കുന്നത്. രണ്ടു വർഷത്തിനുള്ളിൽ എയർപോർട്ട് നിർമാണം പൂർത്തിയാക്കും. തീരമേഖലയിലെ അഞ്ചു ലക്ഷത്തോളം പേർക്ക് ഖുൻഫുദ എയർപോർട്ട് പ്രതിവർഷം പ്രയോജനപ്പെടും.
ന്യൂ തായിഫ് പദ്ധതി അടക്കം നിരവധി പദ്ധതികൾ മക്ക പ്രവിശ്യയിൽ നടപ്പാക്കിവരികയാണെന്ന് ഗവർണർ പറഞ്ഞു. ഫൈസലിയ പദ്ധതിക്ക് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അനുമതി നൽകിയിട്ടുണ്ട്. മക്കയിലും പുണ്യസ്ഥലങ്ങളിലും നിരവധി പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇവ മക്ക റോയൽ കമ്മീഷന് സമർപ്പിച്ചിട്ടുണ്ട്. അനുമതി ലഭിച്ചാലുടൻ ഇവ നടപ്പാക്കി തുടങ്ങും. ഹറമൈൻ ഹൈസ്പീഡ് റെയിൽവെയും പുതിയ ജിദ്ദ എയർപോർട്ടുമാണ് മക്ക പ്രവിശ്യയിൽ സമീപ കാലത്ത് നടപ്പാക്കിയ പ്രധാന പദ്ധതികളിൽ ഏറ്റവും മുഖ്യമെന്നും ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു.