തിരുവനന്തപുരം - കോൺഗ്രസിലെ വി.ഡി. സതീശൻ ഒരു വിഷയം അവതരിപ്പിച്ചാൽ അവതരണം കഴിയുമ്പോഴേക്കും എതിർപക്ഷത്തിന് വല്ലാതെ പരിക്ക് പറ്റും. അത്രക്കുണ്ടാകും സമർഥന രേഖകൾ. പ്രളയകാലത്തെ കെടുതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാരിന് വീഴ്ചകൾക്കു മേൽ വീഴ്ചകൾ പറ്റിയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച വി .ഡി സതീശൻ പറഞ്ഞുറപ്പിച്ചു വെച്ചു.
മാസ്റ്റർ പ്ലാനും ആക്ഷൻ പ്ലാനുമില്ലാത്ത നിർമ്മാണ സമിതിയാണ് സർക്കാർ തയ്യാറാക്കിയത്. 100 ദിവസം കഴിഞ്ഞുവെങ്കിലും അർഹതപ്പെട്ടവർക്കൊന്നും ധനസഹായം കിട്ടിയിട്ടില്ല. വീട് നഷ്ടപ്പെട്ടവർക്ക് താത്കാലിക വീട് നൽകാനുമായില്ല.
എന്തിന് കുടുംബശ്രീ ലോൺ പോലും പലർക്കും കിട്ടിയിട്ടില്ല. 20 ശതമാനം പേർക്ക് ഇനിയും 10,000 രൂപ ലഭിക്കാനുണ്ട്. മുഖ്യധാരാ ബാങ്കുകൾ ലോൺ നൽകാൻ തയ്യാറാവുന്നില്ല. മത്സ്യത്തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം ഇതുവരെയും വിതരണം ചെയ്യാൻ കഴിഞ്ഞില്ല- സതീശന്റെ കുറ്റാരോപണം അങ്ങിനെപോയി.
പ്രളയകാലത്ത് സർക്കാർ കാഴ്ച വച്ചത് സമാനതകളില്ലാത്ത പ്രവർത്തനമെന്ന് സി.പി.എമ്മിലെ സജി ചെറിയാൻ വാശിയോടെ തിരിച്ചടിച്ചു. പ്രളയാനന്തരം ആ വിഷയത്തിൽ സംസാരിക്കാൻ അവസരം കിട്ടാതിരുന്ന ചെറിയാൻ ഇന്നലെ പക്ഷെ ആ 'ക്ഷീണ'മെല്ലാം തീർത്തുകൊടുത്തു. ഒന്നാന്തരം സി.പി.എം പോരാളി. എല്ലാ വകുപ്പുകളും കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു. രക്ഷാപ്രവർത്തനത്തിൽ രാഷ്ട്രീയം കലർത്തിയവരാണിപ്പോൾ ഘോരഘോരം പ്രസംഗിക്കുന്നത്. സാലറി ചലഞ്ച് പൊളിച്ചത് യു.ഡി.എഫല്ലേ ? സജിയുടെ പ്രസംഗത്തോടെ പ്രളയത്തെ ക്കുറിച്ച അടിന്തരപ്രമേയ ചർച്ചയിൽ രൂപപ്പെടുമെന്ന് കരുതിയ യോജിപ്പിന്റെ അന്തരീക്ഷമാകെ അലിഞ്ഞില്ലാതായി. സി.പി.എമ്മിലെ രാജു അബ്രഹാമിന്റെ സാമാന്യം സുദീർഘമായ പ്രസംഗം കൂടിയായപ്പോൾ അന്തരീക്ഷം പൂർണമായി കലങ്ങിമറിഞ്ഞു. മറ്റ് ഭരണ കക്ഷി അംഗങ്ങളും പ്രളയാനന്തര പുനരധിവാസത്തിൽ സർക്കാർ ചെയ്തതിനെയെല്ലാം ന്യായീകരിച്ചപ്പോൾ എതിർ വാദങ്ങളുമായി പ്രതിപക്ഷവും അണി ചേർന്നു.
കൂട്ടത്തിൽ ജനതാദളിലെ സി.കെ. നാണുവിന്റെ ചോദ്യം മാത്രം വേറിട്ടുനിന്നു. എല്ലാ കാര്യങ്ങളും മാറ്റിവെച്ച് പ്രളയ ദുരിതാശ്വാസത്തിനായി പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനെ ഈവിധത്തിൽ കാര്യമില്ലാതെ വിമർശിക്കേണ്ടതുണ്ടോ ? നല്ലകാര്യം ചെയ്തവരോടൊരു നല്ലവാക്കു പറഞ്ഞില്ലെങ്കിൽ ആരായാലും നിരാശ തോന്നില്ലേ? ഈ വാക്കുകൾ കേട്ടപ്പോഴാണ് നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണേ ... എന്ന പഴയ പ്രാർഥനാ ഗാനത്തിന്റെ പ്രസക്തിയോർത്തത്. യു.പ്രതിഭ, മുല്ലക്കര രത്‌നാകരൻ എന്നിവരായിരുന്നു ഭരണപക്ഷത്ത് നിന്ന് പ്രസംഗിച്ച മറ്റുള്ളവർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഡോ.എം.കെ മുനീർ, വി.കെ. ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത്,ഐ.സി.ബാലകൃഷ്ണൻ, കെഎൻ.എ ഖാദർ, റോജി എം ജോൺ, അനുപ് ജേക്കബ്, റോഷി അഗസ്റ്റിൻ എന്നിവർക്ക് പുറമേ ബി.ജെ.പിയുടെ ഒ.രാജഗോപാൽ, സ്വതന്ത്ര അംഗം പി.സി.ജോർജ് എന്നിവരും ചർച്ചയിലണിനിരന്നു. ജോർജ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സർക്കാരിന്റെ നടപടികളെ അടിമുടി ശ്ലാഘിച്ചു. മുഖ്യമന്ത്രിക്ക് പ്രശംസ.
പ്രളയദുരിതത്തെ നാട് ഒറ്റക്കെട്ടായി നേരിട്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പതിവ് പോലെ മറുപടി പ്രസംഗത്തിൽ അഭിമാനം കൊണ്ടു. തുടർന്ന് ചെയ്ത് തീർത്ത സംഗതികളെക്കുറിച്ചുള്ള കണക്ക് നിരത്തിയുള്ള വിശദീകരണം.
ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ 2733 കോടി 70ലക്ഷം രൂപയാണ് ലഭിച്ചത്. ജീവനക്കാരുടെ സംഭാവന 488 കോടി 60 ലക്ഷമാണ് കിട്ടിയത്, സാലറി ചാലഞ്ചിലൂടെ 1500 കോടി രൂപ പ്രതീക്ഷിക്കുന്നു.
യുഎഇ വാഗ്ദാനം ചെയ്ത 700 കോടി ലഭിക്കാത്തതിലൂടെ ആയിരത്തിലേറെ കോടിയാണ് സർക്കാരിന് നഷ്ടമായത്. ഇതുമൂലം മറ്റ് രാജ്യങ്ങൾ സഹായം നൽകുന്നതും ഒഴിവായിപ്പോയി. വിദേശരാജ്യങ്ങളിലെ മലയാളികളെ കാണാനുള്ള അനുമതിക്ക് വിദേശകാര്യമന്ത്രിയെ ബന്ധപ്പെട്ടിരുന്നു. അതിന് സമയം ചോദിച്ചപ്പോൾ സമയമില്ലെന്ന് പറഞ്ഞു. സാലറി ചാലഞ്ചിലൂടെ 1500 കോടി രൂപ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിർഭാഗ്യം -ജീവനക്കാരിൽനിന്ന് അത്തരമൊരു സമീപനം ഉണ്ടായില്ല.
പ്രളയദുരിതം നേരിടുന്നതിൽ സർക്കാരിന്റെ പരാജയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം തുടർന്നുള്ള സഭാ നടപടികൾ ബഹിഷ്‌ക്കരിച്ചു. ബഹിഷ്‌ക്കരിച്ചു പോകുന്ന പ്രതിപക്ഷത്തെ നോക്കി മന്ത്രി കെ.ടി. ജലീൽ ഗോ ഔട്ട്, ഗോ ഔട്ട് എന്ന് കയ്യാംഗ്യം കാണിച്ച് ഒരേതാളത്തിൽ പറഞ്ഞു കൊണ്ടേയിരുന്നു.
മൂന്ന് ബില്ലുകളാണ് പ്രതിപക്ഷ അഭാവത്തിൽ വലിയ ചർച്ചയില്ലാതെ സഭ പാസാക്കിയത്. കേരള മുൻസിപ്പാലിറ്റി ബിൽ ചർച്ചക്കിടയിൽ രാഷ്ട്രീയം തല നീട്ടി കടന്നു പോയി. സി.പി.എമ്മിലെ പുരുഷൻ കടലുണ്ടി പ്രസംഗിക്കവേ വനിതാ മതിൽ കാര്യത്തിലൊരു ചോദ്യമിട്ടു കൊടുത്തത് ലീഗിലെ ഉബൈദുല്ലയാണ്. വനിതാമതിൽ നീക്കത്തെ മുതിർന്ന നേതാവായ വി.എസ് അച്യുതാനന്ദൻ എതിർത്തിരിക്കയാണല്ലോ. എന്ത് പറയുന്നു എന്നായിരുന്നു ചോദ്യം. അത് നിങ്ങൾക്ക് മനസ്സിലാകാത്തതുകൊണ്ടാണെന്ന വാക്കുകളിൽ പുരുഷൻ വിവാദ വിഷയത്തിലെ മറുപടി ഒതുക്കി.
അസുഖാവസ്ഥകാരണം കുറച്ചു നാളുകളായി സഭാ നടപടികളിൽ സജീവമല്ലാതിരുന്ന ലീഗ് അംഗം ടി.എ. അഹമദ് കബീർ പ്രധാനപ്പെട്ടൊരു ശ്രദ്ധക്ഷണിക്കൽ അവതരിപ്പിച്ചു. സംസ്ഥാനത്ത് നടപ്പാക്കാനുദ്ദേശിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസിന്റെ രണ്ടും മൂന്നും സ്ട്രീമുകളിൽ സംവരണമേർപ്പെടുത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു ശ്രദ്ധ ക്ഷണിക്കൽ.