കണ്ണൂർ- പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിനിരയാക്കിയവരിൽ യുവജന നേതാക്കളും. ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാവായ ആന്തൂരിലെ യുവാവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ഇതിനു പുറമെ, മറ്റു ചില സംഘടനകളുടെ നേതാക്കളും പ്രതിപ്പട്ടികയിലുണ്ട്.
പെൺകുട്ടിയെ പീഡിപ്പിച്ച ലോഡ്ജിനു മുന്നിലേക്ക് കഴിഞ്ഞ ദിവസം വൈകുന്നേരം യുവജന സംഘടനയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയിരുന്നു. ഇതിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ ഉടനെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കേസിൽ മുഖ്യ പ്രതിയായ മാട്ടൂൽ സ്വദേശിയും പെൺകുട്ടിയെ വ്യാജ പ്രൊഫൈലിലൂടെ വശത്താക്കിയ യുവാവും സജീവ രാഷ്ട്രീയ പ്രവർത്തകരാണ്. ഇവരുടെയൊക്കെ ഫേസ്ബുക്ക് പേജിൽ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളുമൊന്നിച്ചുള്ള ഫോട്ടോകളാണുള്ളത്.
കഴിഞ്ഞ ദിവസം പ്രധാന പ്രതി സന്ദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ എ.ഐ.ടി.യു.സി നേതാവ് പോലീസിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. സന്ദീപിനെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇയാളുടെ ഭാര്യയെ ഫോണിൽ വിളിച്ചതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. ചലച്ചിത്ര സംഘടനയായ മാക്ടയുടെ സംസ്ഥാന നേതാവായ ഇയാൾ ഡിവൈ.എസ്.പിയുടെ സ്‌ക്വാഡ് അംഗത്തെ വിളിച്ചാണ് ഭീഷണി മുഴക്കിയത്. തൊപ്പി തെറിപ്പിക്കുമെന്നായിരുന്നു ഭീഷണി. സംഭവത്തിൽ ശ്രീകണ്ഠപുരത്തെ ഒരു ജനപ്രതിനിധിയും സംശയത്തിന്റെ നിഴലിലാണ്. ശ്രീകണ്ഠപുരം നഗരസഭാംഗമായ ഇയാൾ പെൺകുട്ടിയുമായി വീഡിയോ കോൾ ചെയ്യുകയും ശ്രീകണ്ഠപുരത്തു വരാൻ ആവശ്യപ്പെടുകയും ചെയ്തതായി പരിശോധനയിൽ വ്യക്തമായി.
ഇന്നലെ പിടിയിലായ എല്ലാ പ്രതികളും പ്രവാസികളായിരുന്നു. ഖത്തറിൽ വെച്ചുള്ള പരിചയമാണ് ഇവരെ കേസിലും ഒരുമിപ്പിച്ചത്. അറസ്റ്റിലായ സന്ദീപിന് എസ്.എസ്.എൽ.സി വിദ്യാഭ്യാസം മാത്രമേയുള്ളൂ. എന്നാൽ ഇയാൾ വിവാഹം ചെയ്തത് ബി.ടെക് ബിരുദ ധാരിയെയാണ്. ഗൾഫിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്യുന്നുവെന്നു ധരിപ്പിച്ചായിരുന്നു വിവാഹം എന്നാണ് അന്വേഷണത്തിൽ ലഭിച്ച വിവരം. പരിപ്പായി സ്വദേശിയായ ഷബീർ സാഹസികമായി വാഹനം ഓടിക്കുന്ന ഓഫ് റോഡ് ഡ്രൈവർ എന്ന നിലയിലാണ് അറിയപ്പെടുന്നത്. മജ്‌ലിസ് മജ്‌നു, ഇന്റർനെറ്റിലെ പുതിയ ഗെയിമായ ടിക് ടോക്കിൽ നിരന്തരം പങ്കാളിയാകുന്നയാളാണ്.
പ്രതികൾക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന കൂട്ട ബലാൽസംഗ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിലിലാണ് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കൂട്ട ബലാൽസംഗത്തിനിരയാക്കുന്നവർക്ക് വധശിക്ഷ നൽകുന്നതിനു കേന്ദ്ര സർക്കാർ നിയമം ഭേദഗതി ചെയ്തത്.