Sorry, you need to enable JavaScript to visit this website.

പച്ചക്കറി മാർക്കറ്റുകളിൽ  സൗദിവൽക്കരണം ഊർജിതമാക്കും

മക്ക പ്രവിശ്യയിലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ സൗദിവൽക്കണം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ രൂപീകരിച്ച പ്രത്യേക കമ്മിറ്റി മക്ക പ്രവിശ്യ സാങ്കേതിക, തൊഴിൽ പരിശീലന വിഭാഗം മേധാവി ഫൈസൽ ബിൻ ഉഖൈൽ കദ്‌സയുടെ അധ്യക്ഷതയിൽ യോഗം ചേർന്നപ്പോൾ 

ജിദ്ദ - മക്ക പ്രവിശ്യയിലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കാൻ തീരുമാനം. പ്രവിശ്യയിലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ സൗദിവൽക്കണം നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച പ്രത്യേക കമ്മിറ്റിയുടെ യോഗം കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്നു. മക്ക പ്രവിശ്യ സാങ്കേതിക, തൊഴിൽ പരിശീലന വിഭാഗം മേധാവി ഫൈസൽ ബിൻ ഉഖൈൽ കദ്‌സ യോഗത്തിൽ അധ്യക്ഷത വഹിച്ചു. മക്ക പ്രവിശ്യ സൗദിവൽക്കരണ കമ്മിറ്റി സെക്രട്ടറി ജനറലും അംഗങ്ങളും മക്ക, ജിദ്ദ, തായിഫ് നഗരസഭകളും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ, വാണിജ്യ, നിക്ഷേപ മന്ത്രാലയ ശാഖാ പ്രതിനിധികളും മാനവ ശേഷി വികസന നിധി, സാമൂഹിക വികസന ബാങ്ക് ശാഖ, പോലീസ്, ജവാസാത്ത് പ്രതിനിധികളും മക്ക, ജിദ്ദ, തായിഫ് ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധികളും യോഗത്തിൽ സംബന്ധിച്ചു. 
പഴം, പച്ചക്കറി മാർക്കറ്റുകളിൽ സമ്പൂർണ സൗദിവൽക്കരണം നടപ്പാക്കുന്നതിനാണ് മക്ക പ്രവിശ്യ ഗവർണറേറ്റ് ആഗ്രഹിക്കുന്നതെന്ന് ഫൈസൽ ബിൻ ഉഖൈൽ കദ്‌സ പറഞ്ഞു. പഴം, പച്ചക്കറി മാർക്കറ്റുകളിലെ തൊഴിലവസരങ്ങൾ സ്വീകരിക്കുന്നതിന് സൗദി യുവാക്കളെ പ്രോത്സാഹിപ്പിക്കാൻ നടപടികൾ സ്വീകരിക്കുകയും പ്രത്യേക പദ്ധതികൾ നടപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 
പഴം, പച്ചക്കറി മാർക്കറ്റുകളിലും മറ്റും സൗദിവൽക്കരണം നടപ്പാക്കുന്നതിന് നേരത്തെ നടത്തിയ ശ്രമങ്ങളുടെ അനുഭവവും ബന്ധപ്പെട്ട വകുപ്പുകളുടെ പരിചയ സമ്പത്തും സൗദിവൽക്കരണ ശ്രമങ്ങൾക്ക് പ്രയോജനപ്പെടുത്തും. പ്രവിശ്യയിലെ പഴം, പച്ചക്കറി മാർക്കറ്റുകളിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള സമഗ്ര പദ്ധതിക്ക് രൂപം നൽകുന്നതിനെ കുറിച്ച് യോഗം വിശകലനം ചെയ്തു. സൗദിവൽക്കരണ പദ്ധതി നടപ്പാക്കുന്നതിൽ ഭാഗഭാക്കാകുന്ന ഓരോ വകുപ്പിന്റെയും ചുമതലകൾ വ്യക്തമാക്കുന്ന, സൗദിവൽക്കരണത്തിനുള്ള സമയബന്ധിത പദ്ധതിയെ കുറിച്ച് വിശദമായി പഠിച്ച് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിന് സബ്കമ്മിറ്റികൾ രൂപീകരിക്കുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ടെന്ന് ഫൈസൽ ബിൻ ഉഖൈൽ കദ്‌സ പറഞ്ഞു.


 

Latest News